'എൻ പാതി ഉയിർ നീ..'; ഒടുവിൽ സന്തോഷ വാർത്തയുമായി നടൻ വിശാൽ; നടി ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു; ആശംസകളുമായി ആരാധകർ
ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിൽ വിവാഹിതരാകുന്നു. ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച്, ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. താരങ്ങൾ തന്നെയാണ് തങ്ങളുടെ വിവാഹനിശ്ചയം സംബന്ധിച്ച സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
ഈ വർഷാവസാനത്തോടെ വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വിശാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ സന്തോഷ വാർത്ത പുറത്തുവന്നത്. "എന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇന്ന് ഒരു സന്തോഷ വാർത്ത കൂടി പങ്കുവെക്കാനുണ്ട്. ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു" എന്നായിരുന്നു വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
15 വർഷത്തെ സൗഹൃദത്തിനു ശേഷമാണ് വിശാലും സായ് ധൻസികയും വിവാഹിതരാകുന്നത്. 48-ാം വയസ്സിൽ വിശാലിന് പ്രണയസാഫല്യം ലഭിച്ചതിൽ ആരാധകർ വലിയ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. അടുത്തിടെ ധൻസിക നായികയായി എത്തുന്ന 'യോഗിഡാ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ചാണ് വിശാൽ വിവാഹകാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
35 വയസ്സുള്ള സായ് ധൻസിക 2006 ൽ പുറത്തിറങ്ങിയ 'മാനത്തോടു മഴൈക്കാലം' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. 'കബാലി', 'പേരാൺ മൈ', 'പരദേശി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ധൻസിക, ദുൽഖർ സൽമാൻ നായകനായ 'സോളോ' എന്ന മലയാള ചിത്രത്തിലൂടെയും പ്രേക്ഷകരുടെ ഇടയിൽ പരിചിതയാണ്.