'എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്'; പഴയകാല ചിത്രം പങ്കുവെച്ച് വി.കെ. ശ്രീരാമൻ; ആ താരത്തെ കണ്ടെത്തി സോഷ്യൽ മീഡിയ
കൊച്ചി: നടൻ വി.കെ. ശ്രീരാമൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു പഴയകാല ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ശ്രീരാമനൊപ്പം നിൽക്കുന്ന ഈ ചിത്രത്തിലെ കുട്ടി മലയാളത്തിലെ യുവതാരം ദുൽഖർ സൽമാൻ ആണെന്ന് നിമിഷങ്ങൾക്കുള്ളിൽ ആരാധകർ തിരിച്ചറിഞ്ഞു. "എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്" എന്ന ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് ശ്രീരാമൻ ഈ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുകൂടിയായ വി.കെ. ശ്രീരാമൻ, അടുത്തിടെ മെഗാസ്റ്റാറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, ദുൽഖർ സൽമാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഐ ആം ഗെയിം' എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ്. 'ആർഡിഎക്സ്' എന്ന വിജയ ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദുൽഖറിന്റെ തന്നെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിക്കുമ്പോൾ, ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്.
ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് സംഘട്ടനം നിർവഹിക്കുന്നത്. ദുൽഖറിന്റെ പുതിയ ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.