- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
കോഴിക്കോട്: സിനിമാ താരങ്ങളിൽ മിക്കവരുടെയും സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യം മേക്കപ്പാണെന്ന് പലർക്കും അറിയാമെങ്കിലും, അത് തുറന്നു പറയാനുള്ള ധൈര്യം ചലച്ചിത്രലോകത്തെ ആർക്കും ഉണ്ടാവാറില്ല. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് അടക്കമുള്ളവർ, വിഗ്ഗില്ലാതെ തന്റെ യഥാർത്ഥ പ്രായത്തെ കാണിക്കുന്ന രീതിയിൽ പൊതുവേദിയിൽ അടക്കം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മലയാളത്തിലെ നടമ്മാരിൽ സിദ്ദീഖ് ഒഴികെയുള്ളവർ തന്റെ യാഥാർത്ഥ രൂപം ജനത്തിന് മുമ്പാകെ കാണിക്കാറില്ല.
മോഹൻലാലിന് പ്രായം അറുപത്തിമൂന്നായി. മമ്മൂട്ടിയും വയസ് എഴുപത്തിരണ്ട് ആയെങ്കിലും ഇപ്പോഴും അമ്പതിൽ കൂടുതൽ പ്രായം പറയില്ല. മകൻ ദുൽഖറിനെക്കാൾ സ്റ്റൈലിഷാണ് മമ്മൂട്ടി. മോഹൻലാലിനെ വിമർശിക്കുന്നവർ ഏറ്റവും കൂടുതൽ അതിനായി ഉപയോഗിക്കാറുള്ള ആയുധമാണ് അദ്ദേഹത്തിന്റെ മേക്കപ്പും, ഒടിയൻ സിനിമക്കായി എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷനുമൊക്കെ. എന്നാൽ, മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും വിഗ്ഗാണെന്ന് പറയുകയാണ്, നടൻ ബാബു നമ്പൂതിരി. ഒരിക്കൽ മോഹൻലാൽ വിഗ്ഗ് ഊരിയപ്പോൾ ലാലിന്റെ യഥാർത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടിയെന്നും ബാബു നമ്പൂതിരി പറയുന്നു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോഹൻലാലിന് നല്ല ആകാരസൗഭവമുണ്ട്. നീളം, തടി, അയാളുടെ അഭിനയ മികവ്, നാലാൾ വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിനുണ്ട്. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല. കൂടെയുള്ള ആർട്ടിസ്റ്റുകൾ നടിമാർ എന്നിവരൊക്കെ കൊണ്ടായിരിക്കും. ആറാം തമ്പുരാനാണ് ബെസ്റ്റ് ഉദാഹരണം. ''- ബാബു നമ്പൂതിരി പറഞ്ഞു.
''മമ്മൂട്ടിയും മോഹൻലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാൻ പറയുന്നത്. കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ദിഖ് മാത്രമാണ്.കർത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് ഒരിക്കൽ സംസാരത്തിന് ഇടയിൽ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസാണ്. നടന്മാർ രജനിയെ കണ്ട് പഠിക്കട്ടെ.''- ബാബു നമ്പൂതിരി ചൂണ്ടിക്കാട്ടി.
''മമ്മട്ടിയെ വിളിച്ചാൽ കിട്ടുക ജോർജിനെ''
മലയാള സിനിമയിൽ 80കളിലും, 90കളിലും സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, എന്ന വിശേഷണങ്ങൾക്ക് പുറമെ അദ്ധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക് സിനിമകളിലും ബാബു നമ്പൂതിരി ഭാഗമായി. മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി രണ്ട് സൂപ്പർ താരങ്ങളുമായും തനിക്കുള്ള ആത്മബന്ധവും ഈ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്.
'മമ്മൂട്ടിയുമായി ഒരുപാട് സംസാരിക്കുകയും ഒരുമിച്ച് യാത്ര ചെയ്യുകയുമെല്ലാം ചെയ്തിട്ടുമുണ്ട്. മുമ്പൊരിക്കൽ മമ്മൂട്ടി വീട്ടിൽ വന്നിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയേയും മോഹൻലാലിനേയും കംപയർ ചെയ്യുമ്പോൾ കൂടുതൽ ഇന്റിമസി കാണിക്കുന്നത് ലാലാണ്. കപടമാണോയെന്ന് അറിയില്ല. കപടത കാണിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. അതുപോല ലാലിനെ വിളിച്ചാൽ അപ്പോൾ ഫോൺ എടുത്തില്ലെങ്കിലും പിന്നീട് തിരിച്ച് വിളിക്കും. മമ്മൂട്ടി അതൊന്നും ചെയ്യാറില്ല. പക്ഷെ മമ്മൂട്ടിയുമായി ഡയറക്ട് റീച്ച് ഇല്ല. കോൾ വിളിക്കുമ്പോൾ ജോർജിനാണ് പോവുക.
മമ്മൂട്ടി മുമ്പ് വീട്ടിൽ വന്നിട്ടുണ്ട്. മമ്മൂട്ടി ഒപ്പം അഭിനയിക്കുന്ന ആരെയും അഭിനന്ദിച്ച് കണ്ടിട്ടില്ല. അതുപോലെ രണ്ടുപേരം അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്. ലാൽ കണ്ണിലൂടെയും ചെറിയ എക്സ്പ്രഷൻ വരെ കൊണ്ടുവരും. ഡബ്ബിങ് ചെയ്യുമ്പോൾ ശബ്ദത്തിൽ മാറ്റം വരുത്തി ഗംഭീരമാക്കാൻ മമ്മൂട്ടിക്ക് അറിയാം.
അതുപോലെ സിനിമയിലെ ലാലിന്റെ സംസാരം ആർട്ടിഫിഷലാണ്. ആരും അങ്ങനെ സംസാരിക്കാറില്ല. പക്ഷെ ലാലിന്റെ ഡയലോഗ് പറയുന്ന രീതി ആളുകൾക്ക് ഇഷ്ടപ്പെട്ടുപോയി. പുതുതലമുറയിലുള്ള പലരും അത് അനുകരിക്കാറുണ്ട്. ശരീര ഭാഷപോലും അനുകരിച്ച് കണ്ടിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയശൈലിയാണ് എനിക്ക് കൂടുതൽ ഇഷ്ടം. പിന്നെ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി വരും. മമ്മൂട്ടിയും അസാധ്യ നടനാണ് എന്നതിൽ എനിക്ക് എതിർപ്പില്ലെന്നും'- ബാബു നമ്പൂതിരി അഭിമുഖത്തിൽ പറയുന്നു
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ