കുസൃതിയും ചമ്മലും ചെരിഞ്ഞുള്ള നില്‍പ്പുമൊക്കെ അതിന്റേതായ മനോഹാരിതയില്‍ അടയാളപ്പെടുത്തി; മോഹന്‍ലാലിന്റെ ജനപ്രീതി പരകോടിയിലെത്തിച്ച ചിത്രം; നിത്യഹരിതമായ മലയാളത്തിന്റെ 'താളവട്ടം': സഫീര്‍ അഹമ്മദ് എഴുതുന്നു

നിത്യഹരിതമായ മലയാളത്തിന്റെ 'താളവട്ടം': സഫീര്‍ അഹമ്മദ് എഴുതുന്നു

Update: 2024-10-10 13:11 GMT

തിരുവനന്തപുരം: മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ അദ്ദേഹത്തിന്റെ ജനപ്രീതി അതിന്റെ പൂര്‍ണ്ണതയിലെത്തിച്ച ചിത്രമാണ് താളവട്ടം. ചരിഞ്ഞുള്ള നില്‍പ്പും കുസൃതി നിറഞ്ഞ മാനറിസങ്ങളുമെല്ലാം മലയാളി അതിന്റെ മനോഹാരിതയില്‍ ആദ്യം കണ്‍കുളിര്‍ക്കെ കണ്ട ചിത്രം. സിനിമ കണ്ട് വിനോദിന്റെ ജീവിതം ഒരു വിങ്ങലായി മനസില്‍ കൊണ്ട് നടന്നവരാണ് മലയാള സിനിമാപ്രേമികള്‍. മോഹന്‍ലാല്‍, കാര്‍ത്തിക, ലിസി, നെടുമുടി വേണു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് സിനിമ 1986 ഒക്ടോബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്തത്.

മലയാളിയുടെ മനസിലേക്ക് വിനോദ് ചേക്കേറിയിട്ട് 38 വര്‍ഷം പൂര്‍ത്തിയാകുന്നു. താളവട്ടത്തെ കുറിച്ച് സിനിമാസ്വദകനായ സഫീര്‍ അഹമ്മദ് എഴുതിയ കുറിപ്പ് അദ്ദേഹത്തിന്റെ സിനിമാനുഭവവും മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയെയും വ്യക്തമാക്കുന്നതാണ്.

സഫീര്‍ അഹമ്മദിന്റെ താളവട്ടം സിനിമാ ഓര്‍മ്മകള്‍ ഇങ്ങനെ

'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലെ' എന്ന പാട്ടും പാടി മോഹന്‍ലാല്‍ മലയാള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്നിട്ട് ഒക്ടോബര്‍ പത്തിന്,ഇന്നേയ്ക്ക് 38 വര്‍ഷങ്ങള്‍..അതെ,മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നായ,

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ സിനിമകളില്‍ ഒന്നായ, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ആദ്യ ബ്ലോക്ബസ്റ്റര്‍ സിനിമയായ താളവട്ടം റിലീസായിട്ട് ഇന്നേയ്ക്ക് 38 വര്‍ഷങ്ങളായി..

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍ മെല്ലെ മെല്ലെ പ്രേക്ഷകരുടെ ഇഷ്ടം നേടി ജനപ്രീതിയില്‍ മറ്റ് നടന്മാരെ പിന്‍തള്ളി ഒന്നാം സ്ഥാനം അലങ്കരിച്ചത് 1986ല്‍ ആണ്..ഹാസ്യവും ആക്ഷനും റൊമന്‍സും ഒക്കെ ഒരു പോലെ അനായാസമായി അഭിനയിച്ച് ഫലിപ്പിച്ചാണ് മോഹന്‍ലാല്‍ ജനപ്രീതി നേടിയെടുത്തത്..ആ ജനപ്രീതി കൊടുമുടിയില്‍ എത്തിച്ച സിനിമയാണ് താളവട്ടം..ആ കാലഘട്ടത്തില്‍ സിനിമകള്‍ കണ്ടിരുന്ന ഭൂരിഭാഗം സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും ഒക്കെ മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയത്,കടുത്ത മോഹന്‍ലാല്‍ ഫാന്‍സ് ആയത് താളവട്ടത്തിലൂടെ ആണെന്ന് നിസംശയം പറയാം..




മോഹന്‍ലാലിന്റെ കളിയും ചിരിയും തമാശയും കുട്ടിത്തവും കുസൃതിയും ചമ്മലും തലക്കുത്തി മറിയലും ചെരിഞ്ഞുള്ള നില്‍പ്പും നടത്തവും പാട്ട് രംഗങ്ങളിലെ ഓട്ടവും ചാട്ടവും ഒക്കെ അതിന്റെതായ മനോഹാരിതയില്‍, പൂര്‍ണതയില്‍ ആദ്യമായി അടയാളപ്പെടുത്തിയ സിനിമയാണ് താളവട്ടം..പിന്നീട് ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകര്‍ ആഘോഷിച്ച,ഇപ്പോഴും ആഘോഷിക്കപ്പെടുന്ന മേല്‍പ്പറഞ്ഞ ഈ മോഹന്‍ലാല്‍ മാനറിസങ്ങളെ 'ലാല്‍ സ്റ്റൈല്‍' എന്നും 'ലാലിസം' എന്നും ഒക്കെ പല പേരുകളില്‍ വിളിക്കപ്പെട്ടു..

സത്യത്തില്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ ഒരു വലിയ പുതുമ തന്നെ ആയിരുന്നു,അന്ന് വരെ അവര്‍ കണ്ട് പോന്നിരുന്ന നായക/കഥാപാത്ര സങ്കല്‍പ്പങ്ങളെ ഒക്കെ തകര്‍ത്ത് കൊണ്ടുള്ള പുതുമ..മലയാള സിനിമ ചരിത്രത്തില്‍ വേറെ ഒരു നടനും കിട്ടാത്ത തരത്തിലുള്ള പ്രേക്ഷകരുടെ ഇഷ്ടവും താരമൂല്യവും മോഹന്‍ലാല്‍ നേടിയെടുത്തതില്‍,ഈ 2024 ലും ആ ഇഷ്ടവും താരമൂല്യവും ഒരു കോട്ടവും തട്ടാതെ നിലനില്ക്കുന്നതില്‍ അനുപമായ,ആകര്‍ഷമായ ആ മോഹന്‍ലാല്‍ മാനറിസങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്..




പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്‌

1986ന് ശേഷം മലയാള സിനിമയില്‍ ഇവരോളം പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുന്ന,എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന വേറെ ഒരു സംവിധായകന്‍-നടന്‍ കൂട്ടുക്കെട്ട് ഉണ്ടായിട്ടില്ല..ആ കൂട്ടുക്കെട്ടിലെ എട്ടാമത്തെ സിനിമയാണ് താളവട്ടം..സ്ളാപ്സ്റ്റിക് കോമഡി സിനിമകള്‍ തുടരെ ചെയ്തിരുന്ന പ്രിയദര്‍ശന്‍ അത് വിട്ട് സിനിമയെ കുറച്ച് കൂടി ഗൗരവത്തില്‍ ആദ്യമായി സമീപിച്ചത് താളവട്ടത്തിലാണ്..ആ ഉദ്യമത്തിലും ഹ്യൂമറസായി കഥ പറഞ്ഞ് പ്രേക്ഷകരെ രസിപ്പിക്കാനാണ് പ്രിയദര്‍ശന്‍ ശ്രമിച്ചത്.. പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ സിനിമകള്‍ക്ക് വളരെ വ്യക്തമായ ഒരു ഫോര്‍മുല ഉണ്ടായിരുന്നു,ആ ഫോര്‍മുല ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് താളവട്ടത്തിലാണ്..

കൊച്ച് കൊച്ച് തമാശകളിലൂടെ,രസകരമായ രംഗങ്ങളിലൂടെ,നായകന്റെയും നായികയുടെയും വഴക്കിടലുകളിലൂടെ,അവരുടെ പ്രണയത്തിലൂടെ,നിറങ്ങള്‍ വാരി വിതറുന്ന മനോഹരമായ പാട്ടുകളിലൂടെ അങ്ങേയറ്റം രസിപ്പിച്ച് പതിയെ സെന്റിമെന്റ്സിലൂടെ നൊമ്പരപ്പെടുത്തി ഒരു തുള്ളി കണ്ണീര്‍ പൊഴിച്ച് വിങ്ങുന്ന മനസ്സോടെ ഒപ്പം നിറഞ്ഞ മനസ്സോടെ പ്രേക്ഷകരെ തിയേറ്ററില്‍ നിന്നും പുറത്തേക്ക് ഇറക്കുന്ന പ്രിയന്‍-ലാല്‍ ഫോര്‍മുല..അതിനെ പ്രിയദര്‍ശന്‍ മാജിക് എന്നും വിളിക്കാം..സിനിമ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന പ്രേക്ഷകരെ വീണ്ടും വീണ്ടും ആ സിനിമ കാണാന്‍ ആഗ്രഹം തോന്നിപ്പിക്കുന്നതാണ് ഈ പ്രിയദര്‍ശന്‍ മാജികിന്റെ പ്രത്യേകത..ആ പ്രിയദര്‍ശന്‍ മാജിക് പിന്നീട് എത്രയൊ വട്ടം പ്രേക്ഷകര്‍ അനുഭവിച്ചിരിക്കുന്നു,മലയാള സിനിമ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച് റെക്കോര്‍ഡ് വിജയ സിനിമകള്‍ സൃഷ്ടിച്ചിരിക്കുന്നു..

തന്റെ കണ്‍മുന്നില്‍ വെച്ച് കാമുകി മരണപ്പെടുന്നത് കണ്ട് സമനില തെറ്റി ഭൂതകാലം മറന്ന് പോയ വിനോദ് എന്ന ചെറുപ്പക്കാരന്‍ ചികിത്സാര്‍ത്ഥം ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ എത്തുന്നതും,അവിടെ വെച്ച് ചികത്സിക്കുന്ന ഡോക്ടര്‍ക്ക് വിനോദിനോട് പ്രണയം തോന്നുന്നതും ആ പ്രണയം വിനോദിന്റെ ജീവന്‍ തന്നെ എടുക്കുന്നതുമാണ് താളവട്ടത്തിന്റെ ഇതിവൃത്തം..വളരെ സീരിയസായിട്ട് അവതരിപ്പിക്കേണ്ട കഥ ആയിട്ട് കൂടി അതിന് തുനിയാതെ നുറുങ്ങ് തമാശകളും പാട്ടുകളും പ്രണയവും സെന്റിമെന്റ്സും ഒക്കെ സമാസമം ചേര്‍ത്ത് അതി മനോഹരമായിട്ടാണ് പ്രിയദര്‍ശന്‍ താളവട്ടത്തെ അണിയിച്ചൊരുക്കിയത്..

മനോരോഗികളും ഹോസ്പിറ്റലും ഒക്കെ പ്രേക്ഷകര്‍ക്ക് ഇത്രമാത്രം ചിരി സമ്മാനിച്ചത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം..മികച്ച തിരക്കഥയും സംഭാഷണങ്ങളുമാണ് താളവട്ടത്തിനായി പ്രിയദര്‍ശന്റെ തൂലികയില്‍ നിന്നും പിറന്നത്..'വണ്‍ ഫ്ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്' എന്ന അമേരിക്കന്‍ സിനിമ/നോവല്‍ ആണ് താളവട്ടത്തിന് പ്രചോദനം ആയതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്..




1986 നവംബര്‍ 15ന് ആണ് താളവട്ടം ഞാന്‍ കാണുന്നത്,കൊടുങ്ങല്ലൂരില്‍ സിനിമ റിലീസ് ആയതിന്റെ രണ്ടാം ദിവസം,ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍,കൊടുങ്ങല്ലൂര്‍ ശ്രീകാളിശ്വരി തിയേറ്ററില്‍ നിന്നും..വന്‍ തിരക്ക് ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് മൂന്ന് മണിയുടെ മാറ്റിനി ഷോ കാണാന്‍ വേണ്ടി ഞാനും ഇക്കയും കൂടി ഒരു മണിക്ക് മുമ്പ് തന്നെ തിയേറ്ററില്‍ എത്തി,ഇടുങ്ങിയ ക്യൂ കൗണ്ടറില്‍ കയറി നിന്നു..രണ്ട് മണിക്കൂറോളം ഒറ്റ നില്പ് നിന്നാണ് ടിക്കറ്റ് സംഘടിപ്പിച്ചത്..

അന്ന് ശ്രീകാളീശ്വരി തിയേറ്ററിന്റെ വെളളിത്തിരയില്‍ മോഹന്‍ലാല്‍ കുസൃതി കാണിച്ച് ചിരിച്ചപ്പോള്‍ ആയിരത്തോളം വരുന്ന കാണികള്‍ക്ക് ഒപ്പം കൊച്ച് പയ്യനായ ഞാനും കൂടെ ചിരിച്ചു,മോഹന്‍ലാല്‍ പാട്ട് പാടി തലകുത്തി മറിഞ്ഞപ്പോള്‍ അത് വരെ ഇല്ലാത്ത ഒരു സന്തോഷം മനസില്‍ തിര തല്ലി,മോഹന്‍ലാല്‍ കരഞ്ഞപ്പോള്‍ കൂടെ ഞാനും കരഞ്ഞു,അങ്ങനെ അത് വരെ മറ്റ് സിനിമകള്‍ കണ്ടിട്ട് ഒന്നും ലഭിക്കാത്ത ആനന്ദവും അനുഭൂതിയും ഞാനെന്ന ആ പത്ത് വയസുക്കാരന് താളവട്ടം നല്കി..മോഹന്‍ലാലിനെ ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു അന്നത്തെ ഞാന്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും..

മമ്മൂട്ടിയും ശങ്കറും റഹ്‌മാനും ഒക്കെ ആയിരുന്നു കുട്ടികളുടെ അന്നത്തെ ഹീറോസ്..പക്ഷെ 1986 ന്റെ തുടക്കം ആയപ്പോഴേക്കും ഒരു ചെറിയ ഇഷ്ടം ഒക്കെ മോഹന്‍ലാലിനോട് തോന്നി തുടങ്ങിയിരുന്നു..ടി..പി.ബാലഗോപാലനും ഗാന്ധിനഗറും രാജാവിന്റെ മകനും മുന്തിരിത്തോപ്പുകളും ഒക്കെ കണ്ട് കഴിഞ്ഞപ്പോള്‍ ആ ഇഷ്ടം കൂടി കൂടി വന്നു..അത് കൊണ്ടാണ് താളവട്ടം ഞങ്ങളുടെ നാട്ടില്‍ റിലീസ് ആയ രണ്ടാം ദിവസം തന്നെ കാണാന്‍ പോയത്..ക്ലൈമാക്സില്‍ വിനു മരിക്കുന്നത് കണ്ട് കണ്ണീരോടെ തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാനെന്ന ആ കൊച്ച് പയ്യന്റെ മനസില്‍ ഒരാള്‍ സ്ഥാനം പിടിച്ചിരുന്നു മോഹന്‍ലാല്‍..പതിയെ പതിയെ മോഹന്‍ലാലും അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിന്റെ ഭാഗം തന്നെയായി മാറി..

1986ല്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെട്ട് തുടങ്ങുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല അത് ജീവിതക്കാലം മുഴുവന്‍ ഉള്ള ഒരു ഇഷ്ടമായി മാറുമെന്ന്അന്ന് തുടങ്ങിയ ആ മോഹന്‍ലാല്‍ ഇഷ്ടം ഇന്നും ഒരു തരി പോലും മാറ്റമില്ലാതെ തുടരുന്നു..മനസിന്റെ സമനില തെറ്റിയ,തന്റെ ഭൂതകാലം മറന്ന് പോയ,കളിയും ചിരിയും കുസൃതിയുമായി കുട്ടികളെ പോലെ പെരുമാറുന്ന,പ്രണയിക്കപ്പെട്ടതിനാല്‍ ജീവച്ഛം ആകുന്ന,സ്നേഹത്താല്‍ വാല്‍സല്യത്താല്‍ കൊല ചെയ്യപ്പെടുന്ന വിനു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്.. കഥാപാത്രത്തിന്റെ തമാശകളും പ്രണയവും നോവും ഒക്കെ ആഴ്ന്നിറങ്ങി പ്രേക്ഷകരുടെത് കൂടി ആകുന്ന വിസ്മയിപ്പിക്കുന്ന പ്രകടനം..




ഇതില്‍ എടുത്ത് പറയേണ്ടത് മോഹന്‍ലാലിന്റെ മികച്ച ഡയലോഗ് ഡെലിവറിയാണ്..സിനിമയുടെ മുക്കാല്‍ ഭാഗത്തോളം രംഗങ്ങളിലും മോഹന്‍ലാലിന്റെ ചേഷ്ടകളും സംഭാഷണങ്ങളും ഒരു കുട്ടിയുടെത് പോലെയാണ്..അതിഭാവുകത്വത്തിലേക്ക് വഴുതി പോകാന്‍ സാധ്യത ഉണ്ടായിരുന്നിട്ട് കൂടി മോഹന്‍ലാല്‍ വളരെ നിയന്ത്രണത്തോടെയും അനായാസതയോടും കൂടിയാണ് ഡയലോഗ് ഡെലിവറി നിര്‍വ്വഹിച്ചിരിക്കുന്നത്..

116 സിനിമകള്‍ റിലീസ് 1986ല്‍ ഏറ്റവും ജനപ്രീതിയും സാമ്പത്തിക വിജയവും നേടിയ സിനിമയാണ് താളവട്ടം..മോഹന്‍ലാലിന്റെ മോഹിപ്പിക്കുന്ന കുസൃതി ഭാവങ്ങള്‍ക്ക് ഒപ്പം ഹൃദ്യമായി അവതരിപ്പിച്ച പ്രണയരംഗങ്ങളും മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് താളവട്ടത്തെ പ്രേക്ഷകര്‍ക്ക് ഇത്രയേറെ പ്രിയങ്കരമാക്കിയത്..അനിതയെ പ്രൊപ്പോസ് ചെയ്യാനായി കാറിന്റെ വിന്‍ഡൊ ഗ്ലാസിലും,അനിതയുടെ ഹോസ്റ്റല്‍ റൂമിലും,അനിത നടക്കുന്ന റോഡിലും ഒക്കെ 'ഐ ലവ് യു' എന്ന് വിനു എഴുതിയ രംഗങ്ങളും, ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം ചമ്മിയ ചിരിയോടെ വിനു അനിതയെ അഭിമുഖീകരിക്കുന്നതും അനിതയെ ആലിംഗനം ചെയ്ത ശേഷം രവി മേനോന്റെ ഫാദര്‍ കഥാപാത്രത്തെ നോക്കി വിനു കണ്ണിറുക്കി കാണിക്കുന്നതും തിരിച്ച് ഫാദര്‍ കണ്ണിറുക്കി കാണിക്കുന്ന രംഗവും കാതിന് ഇമ്പമാര്‍ന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രിയദര്‍ശന്‍ അവതരിപ്പിച്ചപ്പോള്‍ അത് പ്രേക്ഷകരെ ഒരുപാട് ആകര്‍ഷിച്ചു..




മനം മയക്കുന്ന മോഹന്‍ലാലിന്റെ ചമ്മിയ ചിരിയും കണ്ണിറുക്കലും പ്രേക്ഷകര്‍ പൊട്ടിച്ചിരിയുടെയും കൈയ്യടികളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്..വിനുവിന്റെ ഡയറി വായിച്ച് കാര്യങ്ങള്‍ ഒക്കെ അറിഞ്ഞ ശേഷം ഡോക്ടര്‍ സാവിത്രി സെല്ലിലേക്ക് വന്ന് പേര് വിളിക്കുമ്പോള്‍ കൊച്ച് കുട്ടികള്‍ പിണക്കം മാറി ഇണങ്ങുമ്പോള്‍ ഉള്ള പോലത്തെ ചിരിയുണ്ട്,മോഹന്‍ലാലും കാര്‍ത്തികയും മനോഹരമാക്കിയ,പ്രേക്ഷകര്‍ക്ക് ചിരിയുടെ കുളിര്‍മഴ നല്കിയ ഇന്റര്‍വെല്‍ രംഗം... സത്യത്തില്‍ പ്രേക്ഷകരുടെ കണ്ണിലേക്ക് അല്ല,മനസിലേക്കാണ് ആ ചിരികള്‍ പതിഞ്ഞത്,ആ മോഹന്‍ലാല്‍ മാനറിസങ്ങള്‍ ഇന്‍ജക്റ്റ് ചെയ്യപ്പെട്ടത്..'കൂട്ടില്‍ നിന്നും മേട്ടി വന്ന പൈങ്കിളിയല്ലെ' എന്ന പാട്ടും രംഗങ്ങളും കാണികള്‍ക്ക് പുതിയ ഒരു അനുഭവം ആയിരുന്നു..മരംചുറ്റി നടന്നും ബലം പിടിച്ച് നിന്നും നല്ല കോസ്റ്റ്യൂമും ധരിച്ചും ഒക്കെ പാട്ട് പാടി അഭിനയിക്കുന്ന ഒട്ടനവധി നായകമാരെ കണ്ട് ശീലിച്ച മലയാളികള്‍ താളവട്ടത്തില്‍ കണ്ടത് തോളും ചരിച്ച് നിന്നും ഓടിയും ചാടിയും തലക്കുത്തി മറിഞ്ഞും അനായാസമായി പാട്ട് പാടി അഭിനയിക്കുന്ന നായകനെയാണ്,അവരത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു..

പാട്ട് രംഗങ്ങളില്‍ ശോഭിക്കാനുള്ള മോഹന്‍ലാലിന്റെ ആ പ്രത്യേക കഴിവ് അതിന്റെ എല്ലാ ഭംഗിയോടും പൂര്‍ണതയോടും കൂടി ആദ്യമായി അടയാളപ്പെടുത്തിയത് 'കൂട്ടില്‍ നിന്നും' പാട്ടില്‍ ആണെന്നാണ് എന്റെ അഭിപ്രായം..വാര്‍ഡില്‍ പാട്ട് വെയ്ക്കുന്നതിനായി ഓരോ രോഗികളുടെയും അടുത്ത് പോയി കൈ പൊക്കാനായി വിനു കെഞ്ചുന്നതും ആ ശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ഒച്ചയെടുത്ത് കരഞ്ഞ് ഇരിക്കുമ്പോള്‍ ശങ്കരാടിയുടെ പാട്ട് കേട്ട് കൊച്ച് കുട്ടിയുടെതെന്ന പോലെ ഞൊടിയിടയില്‍ ഭാവമാറ്റം വന്ന് ചിരിക്കുന്നതും ഒക്കെ മോഹന്‍ലാലിലെ അസാധ്യ നടനെ കാണിച്ച് തന്ന രംഗമാണ്..ഇങ്ങനെ ഇഷ്ടമുള്ള രംഗങ്ങള്‍ എഴുതാന്‍ നിന്നാല്‍ തിരക്കഥയിലെ മുഴുവന്‍ രംഗങ്ങളും പരാമര്‍ശിക്കേണ്ടി വരും, അത്രമാത്രം രസകരവും വൈകാരികവും ആയ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് താളവട്ടം..

നെടുമുടി വേണു,കാര്‍ത്തിക,സോമന്‍,ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും താളവട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു..

വിനുവിനോടുള്ള സ്നേഹവും വാല്‍സല്യവും കൊണ്ട് ജീവച്ഛവമായ വിനുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് വിനുവിനെ കപടതയുടെ ഈ ലോകത്ത് നിന്നും രക്ഷിക്കുന്ന ഡോക്ടര്‍ ഉണ്ണികൃഷ്ണനായി,വിനുവിന്റെ ഉണ്ണിയേട്ടനായി നെടുമുടി ഗംഭീര പ്രകടനമാണ് നടത്തിയത്..ഉണ്ണിയേട്ടന്‍ വിനുവിനെ നെഞ്ചോട് ചേര്‍ത്ത് വെച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുന്ന രംഗം മനസിനെ വല്ലാതെ അസ്വസ്ഥപ്പെടുത്ത ഒന്നാണ്..വിനുവിനെ കൊന്ന ശേഷം ഡോക്ടര്‍ രവീന്ദ്രന്റെ അടുത്ത് ചെന്ന് 'കോള്‍ ദ പോലീസ്.. ഐ ഡിഡ് ഇറ്റ്, ഞാന്‍ അവനെ കൊന്നു' എന്ന് പറയുന്ന രംഗത്തിലെ നെടുമുടി വേണുവിന്റെ പ്രകടനത്തെ അതി മനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല..




താന്‍ ചികത്സിക്കുന്ന രോഗിയോട് പ്രണയം തോന്നുന്ന ഡോക്ടര്‍ സാവിത്രി ആയി കാര്‍ത്തികയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു..വിനുവിന്റെ കുസൃതിത്തരങ്ങള്‍ക്ക് സാവിത്രി എന്ന കാര്‍ത്തികയുടെ എക്സ്പ്രഷന്‍സ് വളരെ ക്യൂട്ട് ആയിരുന്നു..

സെക്യൂരിറ്റി നാരായണന്‍ ആയി ജഗതി ശ്രീകുമാറും തകര്‍ത്തു..കൈക്കൂലി കൊടുക്കുമ്പോള്‍ 'എന്നെ നീ നശിപ്പിച്ചേ അടങ്ങുവെല്ലെടാ' എന്ന ജഗതിയുടെ ഡയലോഗ് മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ്..വില്ലനായി വന്ന സോമനും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി..ഒരുപക്ഷെ പ്രേക്ഷകരുടെ വെറുപ്പും പ്രാക്കും ഇത്രയധികം ഏറ്റ് വാങ്ങിയ വേറെ ഒരു വില്ലന്‍ കഥാപാത്രം ഉണ്ടാകില്ല..സ്‌ക്രീന്‍ സ്പേസ് വളരെ കുറവെങ്കിലും അനിതയായി ലിസിയും നല്ല പ്രകടനം കാഴ്ചവെച്ചു..

താളവട്ടത്തെ മനോഹരമാക്കുന്നതില്‍ എസ്.കുമാറിന്റെ ഛായാഗ്രഹണവും പൂവച്ചല്‍ ഖാദര്‍-രഘുകുമാര്‍/രാജാമണി ടീമിന്റെ ഗാനങ്ങളും ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും വഹിച്ച പങ്ക് വളരെ വലുതാണ്..ഗാനങ്ങളില്‍ 'പൊന്‍ വീണേയും', 'കൂട്ടില്‍ നിന്നും' എവര്‍ഗ്രീന്‍ ഗാനങ്ങളായി ഇന്നും നിലനില്ക്കുന്നു...എം.ജി.ശ്രീകുമാറിന്റെ കരിയറിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൊന്നായ 'പൊന്‍വീണേ' ഈ സിനിമയിലൂടെ പിറന്നു..താളവട്ടത്തിലെ പല രംഗങ്ങളുടെയും മാറ്റ് കൂട്ടിയത് ജോണ്‍സണ്‍ മാസ്റ്റുടെ ഇമ്പമാര്‍ന്ന പശ്ചാത്തല സംഗീതമാണ്,ഇന്നും പുതുമ നഷ്ടപ്പെടാത്ത ഒന്ന്..




പൂച്ചയ്ക്കൊരു മൂക്കുത്തി മുതല്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തുടങ്ങിയ,താളവട്ടം മുതല്‍ ടോപ്പ് ഗിയറയില്‍ ഓടി തുടങ്ങിയ പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ട് മരക്കാരിലൂടെ പ്രേക്ഷകരെ ഒന്നടങ്കം നിരാശരാക്കിയെങ്കിലും,ഇനിയും നല്ല സിനിമകള്‍ സമ്മാനിക്കാന്‍ ഈ കൂട്ടുക്കെട്ടിന് സാധിക്കുമെന്ന് തന്നെയാണ് ഇവരുടെ സിനിമകള്‍ കണ്ട് വളര്‍ന്ന ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതീക്ഷ..കാത്തിരിക്കുന്നു പ്രിയന്‍-ലാല്‍ കൂട്ടുക്കെട്ടിലെ മികച്ച സിനിമകള്‍ക്കായി..

Similar News