നിങ്ങൾക്ക് 'ഥാർ' ഓടിക്കാനാണോ...ആഗ്രഹം; എങ്കിൽ ഒന്ന് വെയിറ്റ് ചെയ്യൂ; മഹീന്ദ്രയുടെ അഞ്ച് പുത്തൻ എസ്‍യുവികൾ വിപണിയിൽ എത്തുന്നു; ആകാംക്ഷയോടെ വാഹനപ്രേമികൾ
കൊച്ചി: രാജ്യത്ത് എസ്‌യുവികൾക്കുള്ള ഡിമാൻഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ, പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വരും മാസങ്ങളിൽ അഞ്ച് പുതിയ എസ്‌യുവി മോഡലുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. നിലവിൽ നിരത്തിലെ പരീക്ഷണയോട്ടം നടത്തുന്ന പുതിയ മോഡലുകൾ, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ, ഇലക്ട്രിക് എസ്‌യുവികൾ എന്നിവ കമ്പനിയുടെ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഥാറിന്‍റെ മൂന്ന്-ഡോർ പതിപ്പ്, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത XUV700, XEV 7e എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് XUV.e8, സ്കോർപിയോ എൻ പ്രചോദിതമായ വിഷൻ എസ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള കോംപാക്ട് എസ്‌യുവി എന്നിവയാണ് പുറത്തിറങ്ങുന്ന പ്രധാന മോഡലുകൾ.
പുതിയ മൂന്ന്-ഡോർ മഹീന്ദ്ര ഥാറിന്‍റെ പരീക്ഷണയോട്ടം ഇതിനോടകം പലതവണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഥാർ റോക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ മാറ്റങ്ങൾ, പുത്തൻ ബമ്പർ, ലൈറ്റിംഗ് സംവിധാനം, ഗ്രിൽ സ്ലാറ്റുകൾ, അലോയ് വീൽ ഡിസൈൻ എന്നിവ പ്രതീക്ഷിക്കുന്നു. കൂടുതൽ പ്രീമിയം അനുഭവം നൽകുന്നതിനായി ഇന്റീരിയറിലും മെച്ചപ്പെടുത്തലുകൾ വരുത്തും.
2026ൻ്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ് മോഡലും നിരന്തരമായ പരീക്ഷണയോട്ടത്തിലാണ്. പുതിയ ബമ്പറുകൾ, പുതുക്കിയ ലൈറ്റിംഗ്, പുതിയ അലോയ് ഡിസൈൻ, പുതിയ കളർ ഓപ്ഷനുകൾ എന്നിവ ഈ പതിപ്പിൽ ഉൾപ്പെടും. ഏറ്റവും പ്രധാനപ്പെട്ട മാറ്റമായി പുതിയ മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തുടരും.
ഇലക്ട്രിക് വാഹന രംഗത്ത്, XUV.e8 നെ XEV 7e എന്ന പേരിൽ പുറത്തിറക്കും. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഇവി ആയിരിക്കും ഇത്. സീൽ ചെയ്ത ഗ്രിൽ, പ്രത്യേക ലൈറ്റ് സിഗ്നേച്ചർ, ഇവിക്ക് അനുയോജ്യമായ ഡിസൈൻ തുടങ്ങിയ പ്രത്യേകതകൾ ഈ മോഡലിൽ ഉണ്ടാകും. ഏകദേശം 450 കിലോമീറ്റർ റേഞ്ച് നൽകുന്ന എൻട്രി ലെവൽ ഇവി മോഡലും മഹീന്ദ്രയുടെ ഭാവി പദ്ധതികളിലുണ്ട്.
മുംബൈയിൽ നടന്ന ഫ്രീഡം_എൻയു പരിപാടിയിൽ മഹീന്ദ്ര പ്രദർശിപ്പിച്ച വിഷൻ എസ് കൺസെപ്റ്റ് അധിഷ്ഠിത കോംപാക്ട് എസ്‌യുവിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്കോർപിയോ എൻ ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിൻ്റെ രൂപകൽപ്പന.