തിനാറ് വർഷം ഉഴിഞ്ഞു വെച്ച കാര്യം, പൃഥ്വിരാജിന്റെ ഓസ്‌കർ പ്രകടനം പോലെ ഉള്ള കാര്യങ്ങളും, മറ്റ് ഹൈപ്പും അവിടെ നിൽക്കട്ടെ...അത് ഒരു പക്ഷെ കച്ചവട സിനിമയുടെ, കളക്ഷൻ റെക്കോഡുകൾ ലക്ഷ്യം വെച്ച് പറയുന്നതാവാം.

ചുരുക്കം പറഞ്ഞാൽ ശരാശരി അഭിനയ പ്രകടനങ്ങളെ, ദൃശ്യചാരുത കൊണ്ടും, സിങ്ക് സൗണ്ട് കൊണ്ടും, സംഗീതം കൊണ്ടും ശരാശരിക്ക് മുകളിൽ എത്തിച്ചു കൊണ്ട്, പരസ്യതന്ത്രങ്ങൾ കൊണ്ട് വലിയ ഉൽപ്പന്നം ആക്കുന്ന ഒരു വാണിജ്യ പാക്കേജ് ആണ് ആടുജീവിതം..

സുനിൽ കെ എസ്സിന്റെ ഛായാഗ്രഹണം, ഓസ്‌കാർ ജേതാക്കളായ റസൂൽ പൂക്കുട്ടിയുടെ ശബ്ദവിഭാഗവും, എ ആർ റഹ്‌മാന്റെ സംഗീതവും റഫീഖ് അഹമ്മദിന്റെ വരികളും ചേർന്നു സൃഷ്ടിക്കപ്പെട്ട ചേരുവയാണ് ആടുജീവിതത്തിന്റെ, ഹുക്ക്. അതിന്റെ അകമ്പടിയിൽ നടക്കുന്ന അഭിനയം അപാരം എന്നു പറയുന്ന നിലവാരം തോന്നിയിട്ടില്ല. മികച്ച സാങ്കേതിക വിദഗ്ധരെ തിരഞ്ഞെടുത്ത്, വരെ കോർത്തിണക്കി കൊണ്ട് ബ്ലെസ്സിയുടെ നേതൃത്വത്തിൽ അണിഞ്ഞൊരുങ്ങിയ ചിത്രം അതാണ് 'ആടു ജീവിതം'. ബന്യാമിന്റെ അല്ല ,ബ്ലെസ്സിയുടെ ആടുജീവിതം എന്നാണ് കണ്ടപ്പോൾ തോന്നിയത്.

അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് രൂപമാറ്റം നടത്താൻ കാണിച്ച സമർപ്പണം ആകർഷക ഘടകമായി ചർച്ച ചെയ്യപ്പെട്ടത് സിനിമയുടെ വിജയത്തിന് ഗുണം ചെയ്തിട്ടുണ്ട്. പൃഥ്രിരാജിന്റെ മികച്ച പ്രകടനം എന്ന് പറയാം. എന്നാൽ അഭിനയിച്ചു, ജീവിച്ചു എന്നൊക്കെ പറയുന്ന അഭിപ്രായ പ്രളയങ്ങളുടെ സത്യസന്ധത കാലം തെളിയിക്കേണ്ടതാണ്. പൃഥ്വിയുടെ ചില രംഗങ്ങൾ ഇത് വരെ കാണാത്ത ചില ഭാവങ്ങൾ വിരിയിച്ചു.

ഉപ്പ് മാങ്ങാ ഭരണിയുടെ അടിയിൽ നിന്നും എടുത്ത് കണ്ണിമാങ്ങാ കടിച്ചു തിന്ന് കൊണ്ടുള്ള സീൻ ഗംഭീരമാണ്. അതിലെ സൂക്ഷ്മാഭിനയം നമ്മളെ ഈറൻ അണിയിക്കും. മറ്റ് ചില മികച്ച രംഗങ്ങൾ അർബാബ് പാസ്‌പോർട്ട് കീറി കളയുന്ന രംഗം, വെള്ളം നിഷേധിക്കുമ്പോൾ ഉണ്ടാകുന്ന ഭാവം, ഇവയൊക്കെ നാച്ചുറൽ ആയി തോന്നി. മറ്റ് പല രംഗങ്ങളിൽ നാച്ചുറൽ ആവാൻ ശ്രമിക്കുന്ന പോലെയും തോന്നി. ചമയം ചെയ്തതിൽ നജീബ് വെയിലേറ്റ് വാടിയത് കാണിക്കാൻ കറുപ്പിക്കാൻ ഉപയോഗിച്ച മെയ്ക്കപ്പ് അത്ര നിലവാരം പുലർത്തിയില്ല.

അമല പോൾ കിട്ടിയ റോൾ ബഷീർ കഥകളിലെ സ്ത്രീകഥാപാത്രങ്ങളെ ഓർക്കും വിധം സുന്ദരമാക്കി. എടുത്ത് പറയേണ്ടുന്ന അഭിനയ പ്രകടനം 'ഹക്കീംട നെ അവതരിപ്പിച്ച ഗോകുൽ ആണ്. ദൂരെ നഗരം കാണുന്ന പോലെ തോന്നി ഭ്രാന്തമായി ഓടി പോകുന്ന രംഗവും ഗോകുലിന്റെ മരണ രംഗത്തെ അഭിനയവും, ഈ സിനിമയിലെ ഏറ്റവും മികച്ച പ്രകടനം ആണെന്ന് നിസ്സംശയം പറയാം.

വിദേശനടന്മാരുടെ പ്രകടനം മികച്ചതായി. ഇബ്രാഹിം കാദിരിയായി അഭിനയിച്ച ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, നമ്മുടെ കണ്ണിലുണ്ണി ആവുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. അർബാബ്ബ് ആയി അഭിനയിച്ച താലിബ്, തന്റെ റോൾ മനോഹരമാക്കി. റിക്ക് അബിക്ക് കാര്യമായി ഇതിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.

ഛായാഗ്രഹണം: സംവിധായകന്റെ കണ്ണായ സുനിൽ കെ എസ് അനുഗ്രഹീതനാണ്. കഴിഞ്ഞ നൂറുവർഷകാലത്തിൽ ഇറങ്ങിയ സിനിമകളിലെ ഏറ്റവും മികച്ച ദൃശ്യ വിസ്മയത്തിന്റെ, ഛായാഗ്രഹണം നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടതിൽ.

സംഗീതം: കഥയ്ക്ക് വേണ്ടതുകൊടുക്കുക എന്ന കാര്യം ജീനിയസുകളോട് പ്രത്യേകം പറയേണ്ടതില്ല എന്നതിന്റെ ഉദാഹരണം ആയിരുന്നു
എ ആർ റഹ്‌മാന്റെ സംഗീതം. അർബാബ് പാസ്സ്‌പോർട്ടും വിസയും കീറി കളയുന്ന ദൃശ്യത്തിലെ സ്ട്രിങ്‌സും (ഇർഹൂ) തുടർന്ന് ഉപയോഗിച്ച അർമേനിയെൻ ഡുഡുക്ക് കൊണ്ടുള്ള പശ്ചാത്തല സംഗീതവും നമ്മളെ നജീബ് ആക്കി കരയിപ്പിക്കുന്ന പോലെ ഉള്ള അനുഭവം ആയിരുന്നു...മണൽ കൊടുംകാറ്റ് വരുമ്പോൾ ഉള്ള സ്ട്രിങ്‌സ്, കാറ്റിന്റെ വന്യത നമ്മളിൽ ഭീതി ഉണർത്തും വിധം ആയിരുന്നു. മരുപച്ച കാണിക്കുമ്പോൾ ഉള്ള പ്രതീക്ഷയുടെ സംഗീതവും, തുടർന്ന് ഇബ്രാഹിം വെച്ചിട്ട് പോകുന്ന വെള്ളം നിറച്ച കുപ്പി കാണുമ്പോൾ ഉള്ള നജീബിന്റെ സന്തോഷം ,പ്രകടമാക്കുന്ന സംഗീതം, ഇവയൊക്കെ എടുത്ത് പറയേണ്ടതാണ്.

ശബ്ദം: ആട് ജീവിതം'...സിങ്ക് സൗണ്ടിൽ തീർത്ത ശബ്ദ പ്രപഞ്ചം. സിനിമ നന്നാവുമ്പോൾ മിക്കവരും മറന്ന് പോവുന്ന ഒരു വിഭാഗം ഉണ്ട്; ശബ്ദ സംയോജനം /ശബ്ദലേഖനം. ഒരു കഥാ സന്ദർഭം നമ്മളിൽ അനുഭവമായി തോന്നണം എങ്കിൽ, ആ സന്ദർഭത്തിൽ കഥാപശ്ചാത്തലത്തിൽ ഉള്ള സ്ഥലത്തിന്റെ അന്തരീക്ഷം കൂടെ ചേരേണ്ടതുണ്ട്, പ്രതേകിച്ച് ഇത്‌പോലെ ഉള്ള ഭൂപ്രകൃതിയിൽ നടക്കുന്ന അനേകം തീവ്രമായ സംഭവങ്ങൾ, കാണുന്നവരിൽ അനുഭവവേദ്യമാവണം എങ്കിൽ, അതി ശ്രമകരം ആണ്.

ഈ ചിത്രത്തിലെ മണൽ കാറ്റ് രംഗങ്ങളിലെ ശബ്ദത്തിന്റെ നിലവാരം നമ്മളിൽ ഭീതിയുളവാക്കുംവിധമാണ്. അതുപോലെ ആലിപ്പഴം വീഴുന്ന ദൃശ്യങ്ങളിലെ ശബ്ദം, ഒടുവിൽ മരുഭൂമിയിൽ നിന്നും ഒരു കുപ്പി ടാർ ഇട്ട റോഡിലേക്ക് ഒരുണ്ട് വന്ന് വീഴുന്ന രംഗം, പാമ്പുകൾ മണലിൽ ഇഴഞ്ഞു വരുന്ന രംഗം, ഇതെല്ലാം തന്നെ ശബ്ദ ലേഖന വിഭാഗത്തിന്റെ വൈദഗ്ദ്ധ്യം ആണ്. ഈ ശബ്ദങ്ങൾ, ദൃശ്യങ്ങളുമായി ചേരുമ്പോൾ, നമുക്ക് സിനിമാ അനുഭവം ആയി മാറുന്നു.

സാങ്കേതിക വിഭാഗത്തിൽ ഓസ്‌കാർ നോമിനേഷൻ കിട്ടും, എന്നതിൽ സംശയമില്ല, ഒരു പക്ഷേ വീണ്ടും റസൂൽ പൂക്കുട്ടി -എ ആർ റഹ്‌മാൻ കൂട്ടുകെട്ട് ഓസ്‌കാറുമായി വരും എന്ന് പ്രതീക്ഷിക്കാം.