സമ്മതിദായകത്വം എന്ന അടിസ്ഥാന ജനാധിപത്യം

നവംബർ 1947 ൽ ഭാരതം പ്രഥമ സാർവ്വജനീന സമ്മതിദായക പട്ടിക തയ്യാറാക്കുവാൻ നടപടികൾ ആരംഭിച്ചു. ഈ ഉദ്യമത്തിൽ പങ്കാളികളായത് കോൺസ്റ്റിറ്റിയുവന്ററ് അസംബ്ലിയുടെ സെക്രെട്ടറിയറ്റിലെ ഏതാനും ചില ഉദ്യോഗസ്ഥരാണ്. ഇത്തരത്തിലൊരു ബൃഹത്തായ ഉദ്യമം രാജ്യത്ത് ആരംഭിക്കുന്നത് വിഭജനത്തിന്റെ അലയൊലികൾ അടങ്ങുന്നതിനും, 552 രാജഭരണ പ്രദേശങ്ങൾ ഭാരതത്തിലേക്ക് ലയിപ്പിക്കുന്നതിനും മുൻപാണ് എന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു. ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ് തന്നെ പൗരന്മാർ എന്ന കൃത്യമായ അവസ്ഥയിലേക്ക് ഇന്ത്യൻ ജനത എത്തിച്ചേരും മുൻപ് തന്നെ സമ്മതിദാനാവകാശം എന്ന പൗരത്വത്തിന്റെ ഉന്നതമായ അവകാശത്തിന്റെ ഉടമകളാക്കുക എന്ന കർത്തവ്യത്തിലേക്ക് നാം എത്തിച്ചേരുകയും കോളനിവൽക്കരണത്തിന്റെ തിരസ്‌കരണത്തിന്റെ ആദ്യപടികളിൽ ഒന്നായി ഈ നടപടി മാറുകയും ചെയ്തു.

സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. എന്നാലവ ഉന്നതരായ അധികാര വർഗങ്ങളെ ഉൾക്കൊള്ളിക്കുന്നതിനും അതുവഴി കൊളോണിയൽ ഭരണകൂടത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. വോട്ടവകാശം എന്നത് കോളനി ഭരണത്തിന് കീഴിൽ തികച്ചും പരിമിതവും മത, ജാതി, ഔദ്യോഗിക പദവികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. പൊതുവോട്ടവകാശം എന്ന ആശയം ചർച്ചയിൽ ഉണ്ടായിരുന്നു എങ്കിലും 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിയമത്തിന്റെ രൂപരേഖകൾ അടങ്ങുന്ന ചർച്ചകളിലും കൊളോണിയൽ അധികാരികളും, പ്രാദേശിക ഭരണസഭകളിലെ തദ്ദേശീയ പ്രതിനിധികളും സാർവത്രിക വോട്ടവകാശം എന്ന ആശയത്തെ ' നിലവിൽ അപ്രായോഗികം, ഭരണപരമായി നിരവഹിക്കാൻ അസാധ്യം' എന്നെല്ലാമാണ് ചൂണ്ടിക്കാട്ടിയത് .
എന്നാൽ നിരക്ഷരരും, ദരിദ്ര നാരായണന്മാരുമായ, വിഭജനത്തിന്റെ മുറിപ്പാടുകൾ ഉണങ്ങാത്ത രാജ്യത്തെ ജനസംഖ്യയുടെ 49 ശതമാനം വരുന്ന ജനത വോട്ടർമാർ എന്ന ശ്രേണിയിലേക്ക് എത്തുകയും രാജ്യം 1951 ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ പങ്കാളികളാവുകയും ചെയ്തു എന്നത് ചരിത്രം .

വോട്ടർ പട്ടികയും ജനാധിപത്യവും

തുടർച്ചയായി പുതുക്കപ്പെടുന്ന കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പ് അധിഷ്ഠിത ജാനാധിപത്യ പ്രക്രിയയുടെ അസ്ഥിവാരം എന്ന് പറഞ്ഞാൽ അതിശയോക്തിയോ അമിതമായ പ്രധാനയം നൽകളോ അല്ല, കാരണം ജനകീയ റിപ്പബ്ലിക്ക് എന്ന ആശയം തന്നെ നിലനിൽക്കുന്നത് ജനാധിപത്യത്തിലെ സമ്മതിദാനാവകാശം എന്ന നാം നേരിട്ട് അനുഭവിക്കുന്നതും അറിഞ്ഞും ഇടപെടുന്ന അവകാശം ഒന്നുകൊണ്ടാണ്. സമ്മതിദാനം നൽകാനുള്ള അവകാശം ഉപാധികൾ ഇല്ലാത്തതും വിഭജനങ്ങൾ ഇല്ലാത്തതും വിവേചനങ്ങൾ ഇല്ലാത്തതും ആയ ഒരു അവകാശം ആണ്. ഈ പരമമായ അധികാരത്തെ ഭരണഘടനയുടെ ആരക്കാലുകൾ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

1947 നവംബറിൽ കോൺസ്റ്റിറ്യുവെന്റ് അസംബ്ലിയുടെ സെക്രട്ടറി പ്രവിശ്യ സർക്കാരുകൾക്കും ഗ്രൂപ്പ് സ്റ്റേറ്റുകളുടെ കൺവീനർമാർക്കും വോട്ടർ പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് കത്തയക്കുകയുണ്ടായി. ജയ്പൂർ സർക്കാർ വോട്ടർ പട്ടിക തയാറാക്കുന്നതിലെ ഭരണപരമായ വിഷയങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയമിച്ചു എന്നറിയിച്ച. യുണൈറ്റഡ് പ്രവിശ്യ സർക്കാർ അതാത് ജില്ലാ അധികാരികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ നിർദ്ദേശിക്കുകയും, മദ്രാസ് സർക്കാർ വോട്ടർ രെജിസ്‌ട്രേഷൻ എന്ന ഉത്തരവാദിത്വം സർക്കാരിനോ അതോ വോട്ടർക്കോ എന്ന ചോദ്യം ഉന്നയിക്കുകയും അമേരിക്ക, സിലോൺ, ഇംഗ്‌ളണ്ട് എന്നിവിടങ്ങളിലെ വോട്ടർ രെജിസ്‌ട്രേഷൻ നടപടികൾ ഉദാഹരിക്കുകയും, രജിസ്‌ട്രേഷൻ നടക്കുന്ന ദിവസം പൊതു അവധിയായി പ്രഖ്യാപിക്കണം എന്ന നിർദ്ദേശം വെയ്ക്കുകയും ചെയ്തു. എന്നാൽ കച്ച് പ്രവിശ്യ സർക്കാർ മാത്രമാണ് കച്ച് സംസ്ഥാനം വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും പിന്നാക്കം നിൽക്കുന്ന സംസ്ഥാനം ആയതിനാൽ ഉടനടി ഒരു സാർവത്രിക വോട്ടർ പട്ടിക തയാറാക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്നറിയിച്ചത്.

പല സംസ്ഥാനങ്ങളുടെയും ആശങ്ക വോട്ടർ പട്ടിക തയാറാക്കുന്നതിനായുള്ള പേപ്പറിന്റെ ക്ഷാമം ആയിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. കിഴക്കൻ പഞ്ചാബ് സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത് സംസ്ഥാനം തെരഞ്ഞെടുപ്പ് പട്ടിക അച്ചടിക്കാൻ ഉപയോഗിച്ച പ്രെസ്സുകൾ എല്ലാം തന്നെ ഇന്ന് പാക്കിസ്ഥാനിൽ ആണ് സ്ഥിതി ചെയുന്നത് എന്നാണ്. എന്നാൽ തിരുവിതാംകൂർ സംസ്ഥാനം വളരെ വിശദമായ കത്താണ് മറുപടിയായി നൽകിയത്. എന്തൊക്കെയാണ് രജിസ്‌ട്രേഷൻ പ്രക്രിയയിലെ നടപടിക്രമങ്ങൾ, രജിസ്‌ട്രേഷൻ നടപടിയിലെ കൃത്യത ഉറപ്പു വരുത്താനുള്ള നടപടികൾ, വീടുവീടാന്തരം ഉദ്യോഗസ്ഥർ നേരിട്ട് വോട്ടർ പട്ടിക രജിസ്‌ട്രേഷൻ നടത്തുന്നത് വഴി കൂടുതൽ ആളുകളെ പട്ടികയിലുൾപ്പെടുത്തുന്നത്, എന്നിവ സംബന്ധിച്ചുള്ള ഏറ്റവും കൃത്യമായ മറുപടി നൽകിയതിന് അന്നത്തെ കോൺസ്റ്റിറ്റിയൂഷണൽ അഡൈ്വസർ ആയ ബി എൻ റാവു, ഭരണഘടന അസംബ്ലി ജോയിന്റ് സെക്രട്ടറിക്കുള്ള മറുപടിക്കത്തിൽ പരാമർശിച്ചത് 'ഇത്ര വിശദമായ മറുപടി നൽകിയതിന് തിരുവിതാംകൂർ സർക്കാരിന്റെ സെക്രട്ടറിക്ക് നന്ദി പറയണം എന്നും തിരുവിതാംകൂർ പ്ലാൻ അനുസരിച്ചുള്ള ഒരു പദ്ധതി ദേശീയതലത്തിലെ വോട്ടർ പട്ടിക തയാറാക്കാക്കുന്നതിനു സ്വീകരിക്കണം' എന്നുമാണ്. അത്തരത്തിൽ തിരുവിതാംകൂർ മാതൃകയിൽ ആണ് ആദ്യത്തെ ദേശിയ വോട്ടർ പട്ടികയുടെ പദ്ധതി രൂപരേഖ തയ്യാറായത് എന്ന വസ്തുത ഓരോ മലയാളിക്കും അഭിമാനത്തിന് വക നൽകുന്നു.

മാർച്ച് 15 , 1948 നു എല്ലാ പ്രവിശ്യ സർക്കാരുകൾക്കും ഗ്രൂപ്പ് സ്റ്റേറ്റ് കൺവീനർമാർക്കും കോൺസ്റ്റിറ്റിയൂവെന്റ് അസംബ്‌ളി ജോയിന്റ് സെക്രട്ടറി കത്തയക്കുകയും പ്രായപൂർത്തിവോട്ടവകാശം ഉറപ്പു വരുത്തുന്നതിനുള്ള കാർഡ് വോട്ടർ പട്ടികയുടെ നടപടികൾ ആരംഭിക്കാനും വരുന്ന പൊതു തെരഞ്ഞെടുപ്പും പ്രവിശ്യ തെരഞ്ഞെടുപ്പുകളും ഭരണഘടന നിലവിൽ വരുന്നതോടെ പൂർത്തിയാക്കണം എന്നും നിർദ്ദേശിച്ചു.
ഓരോ പ്രവിശ്യക്കും സംസ്ഥാനത്തിനും വോട്ടർമാരുടെ പ്രായം നിശ്ചയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുള്ള വിവേചനാധികാരം നൽകിയിരുന്നു. ജനത്തീയതി ഉൾപ്പെടുത്തിയ സ്‌കൂൾ സർട്ടിഫിക്കേറ്റ്, മുനിസിപ്പൽ സർട്ടിഫിക്കേറ്റ്, അല്ലെങ്കിൽ ജാതകക്കുറിപ്പ് എന്നിവ അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലെയോ രേഖകൾ മതിയായ തെളിവായി സ്വീകരിക്കാനും നിർദ്ദേശം നൽകി. പ്രായം നിശ്ചയിക്കാനായി ആസാം സർക്കാർ പിന്തുടർന്ന രീതി കൗതുകമുണർത്തുന്നു, ഒരു ജില്ലാ ഓഫീസർ നിർദ്ദേശിച്ചത് പ്രധാനപ്പെട്ട പ്രാദേശിക , ദേശീയ സംഭവവികാസങ്ങൾ ഉൾപ്പെടുന്ന ഒരു ചോദ്യാവലി തയാറാക്കാനായിരുന്നു, ഉദാഹരണമായി 1927 ലെ പ്രളയം, 1930 ലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് വോട്ടർമാർ ഉത്തരം നൽകുന്നത് പരിശോധിച്ച് വോട്ടർമാരുടെ ഏകദേശ പ്രായം കണക്കാക്കാം എന്ന നിർദ്ദേശം പോലും ഇത്തരത്തിൽ ഉയർന്നുവന്നു.

ഇത്തരത്തിൽ അനവധി സംഭവങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ആദ്യത്തെ തെരഞ്ഞെടുപ്പ് പട്ടിക ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം എന്ന അധികാരത്തിലേക്ക് എത്തിക്കുകയായിരുന്നു. ഭാരതത്തിന്റെ ആദ്യ വോട്ടർ പട്ടിക നമ്മുടെ ഭരണഘടന പോലെ തന്നെ ഉള്ളടക്കവും വലിപ്പവും കൊണ്ട് ലോകശ്രദ്ധ നേടിയിരുന്നു , ഏകദേശം പത്ത് ടെന്നീസ് കോർട്ടുകളുടെ വലിപ്പം, അല്ലെങ്കിൽ 660 അടിയായിരുന്നു എന്ന് ഡോ രാജേന്ദ്ര പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.

ഈ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഭാരതത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നു, 489 സീറ്റുകളിലേക്ക് 17 കോടി വോട്ടർമാർ 196084 പോളിങ് ബൂത്തുകളിൽ (27527 സ്ത്രീകൾക്ക് മാത്രമായുള്ള ബൂത്തുകൾ ഉൾപ്പെടെ ) ഹിമാചൽ പ്രദേശിലെ ചിനി തെഹ്സിലിൽ ഈ തെരഞ്ഞെടുപ്പോടെ ആദ്യ വോട്ടുകൾ രേഖപ്പെടുത്തി. 45 .7 ശതമാനം പോളിങ് രേഖപ്പെടുത്തിയ പ്രഥമ തെരഞ്ഞെടുപ്പിൽ നിന്ന് ഭാരതത്തിന്റെ ജനതയും , രാജ്യവും , തെരഞ്ഞെടുപ്പ് സംവിധാനവും ഏറെ പുരോഗമിച്ചു.

ഇലക്ട്രോണിക്ക് വോട്ടിങ് ; വോട്ടിംഗിന്റെ പരിണാമം

പേപ്പറിൽ നിന്ന് ഇലക്ട്രോണിക്ക് വോട്ടിങ്ങിലേക്ക് ബാലറ്റ് പേപ്പറിന്റെ യാത്രയും കൗതുകമുള്ളതാണ്. ഈ വി എം എന്ന ആശയം ആദ്യമായി ആവതരിപ്പിക്കുന്നത് 1977 ലാണ്. ആണവ ശക്തി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക്ക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഈ വി എം പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നത്.

1982 ൽ കേരളത്തിലെ പരവൂരിൽ ആണ് ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ പരീക്ഷണാർഥത്തിൽ, മണ്ഡലത്തിലെ 123 ബൂത്തുകളിൽ അൻപത് ബൂത്തുകളിൽ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ വി എം ഉപയോഗിക്കാൻ അധികാരം നൽകുന്ന 61 എ എന്ന വകുപ്പ് ജനപ്രാതിനിധ്യ നിയമത്തിൽ ഉൾപ്പെടുത്തി 1989 മാർച്ച് 15 ന് നിലവിൽ വന്നു. മാറുന്ന കാലത്തിനൊപ്പം ഒരു സ്ഥാനാർത്ഥിക്ക് പൊതുതെരഞ്ഞെടുപ്പിൽ അനുവദനീയമായ ചെലവിന്റെ തിത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായി. 1951-52 ലെ പ്രഥമ തെരഞ്ഞെടുപ്പിൽ ഈ തുക 25,000 രൂപ ആണെങ്കിൽ ഇന്ന് ഈ തുക 7595 ലക്ഷം വരെ ആയിരിക്കുന്നു .

മഷിക്കണക്ക് ചെറുതല്ല

തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് മഷി, വോട്ടറുടെ കയ്യിൽ ഉപയോഗിക്കുന്ന പർപ്പിൾ നിറത്തിലുള്ള മഷി തിരഞ്ഞെടുപ്പിലെ ക്രമക്കേട് തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഓർഡർ നൽകിയത് യഥാക്രമം 2014 ൽ 21 .5 ലക്ഷം, 2019 ൽ 25 .9 ലക്ഷം, 2024 ൽ 26 .5 ലക്ഷം കുപ്പി മഷിക്കാണ്. ഏകദേശം പത്ത് മില്ലി ലിറ്റർ അളവുള്ള ഒരു കുപ്പി മഷി കൊണ്ട് 700 വോട്ടർമാരുടെ കയ്യിൽ അടയാളപ്പെടുത്താൻ സാധിക്കും.

കൊളോണിയൽ കാലത്തിന്റെ അരികിൽ നിന്നും, വോട്ടവകാശത്തിന്റെ സാർവ്വത്രികതയിലേക്കും ജനകീയതയുടെ വഴികളിൽ ഉയർന്നു വന്ന പൊതുതെരഞ്ഞെടുപ്പ് പൗരന്റെ ഏറ്റവും സമഗ്രമായ രാഷ്ട്രീയ ഭരണപര ഇടപെടൽ കൂടിയാണ്.