- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുജീവിതത്തിൽ വില്ലൻ അർബാബ് അല്ല
ആടുജീവിതത്തിലെ വില്ലൻ അർബാബ് അല്ല. നാല് തലമുറ മലയാളി യുവാക്കളെ അറബികളുടെ ഒട്ടകം മെയ്ക്കാനും അവരുടെ കക്കൂസ് കഴുകാനും നമ്മുടെ അമ്മമാരെ അവരുടെ അടുക്കളയിലെ അടിമകളാകാനും മലയാളികളെ ഒരുക്കി അയച്ചു നോക്കിയിരുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വമുണ്ടല്ലോ അവരാണ് ഈ ദുരന്ത ജീവിതങ്ങളിലെ യഥാർത്ഥ വില്ലന്മാർ. പോരാ, നിരന്തരം അവിടെ നിന്ന് ഇൻഹ്യൂമൻ ചൂഷണങ്ങളുടെ കഥ വന്നുകൊണ്ടിരുന്നപ്പോഴും അതിനെ പ്രതി പ്രതികരിക്കാതെ ബാക്കിയൊക്കെ പറയുന്ന നമ്മുടെ സാംസ്കാരിക നായകന്മാരുണ്ടല്ലോ അവരാണീ ദുരന്ത കഥയിലെ സ്വാർത്ഥരൂപങ്ങൾ. അർബാബല്ല. അടിമ അവകാശമാണെന്ന മാനസികാവസ്ഥയിൽ ജീവിച്ച കഴിഞ്ഞ തലമുറയിലെ കാട്ടറബികളുടെ രീതികൾ ഇങ്ങനെയൊക്കെ ആണെന്ന ന്യായീകരണക്കാരുണ്ടല്ലോ അവരാണ് ഇതിലെ മാപ്പർഹിക്കാത്ത കപടർ.
കഴിഞ്ഞ ചുരുങ്ങിയത് മൂന്നു പതിറ്റാണ്ടായി ഇത്തരം പല കഥകൾ നിരന്തരം പത്രമാധ്യമങ്ങളിൽ വായിക്കുന്നതല്ലേ. വെള്ള ഉടുപ്പിട്ടുവരുന്ന അറബി ഷേക്ക്മാരുടെ കൂടെ ഭവ്യതയോടെ കൂടെ നടന്ന് ഫോട്ടോ എടുത്ത് മേനി നടിക്കുമ്പോഴെന്നെങ്കിലും ഈ ആടുജീവനുകൾക്കുവേണ്ടി അവരുടെ പ്രാഥമിക അവകാശങ്ങൾക്കു വേണ്ടി ഒരു വരി സംസാരിച്ച ഒരു രാഷ്ട്രീയ നേതാവിനെ നിങ്ങൾക്ക് പരിചയമുണ്ടോ? അവിടെ നിന്ന് നൂറുകണക്കിന് അടിമ നജീബ് മാരുടെ കഥകൾ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി കേരളത്തിലുടനീളം പറയപ്പെടുമ്പോൾ നമ്മുടെ യുവാക്കൾക്ക് വേണ്ടി ഒരു വരിയെങ്കിലും സംസാരിച്ച, ഒരു രാഷ്ട്രീയ നേതാവിനെ നിങ്ങൾക്ക് പരിചയമുണ്ടോ? അതേപ്പറ്റി കഥയോ കവിതയോ അതിലെ മാനവികത ഇല്ലായ്മയെ കുറിച്ചോ നമ്മുടെ ഏതെങ്കിലും ബുദ്ധിജീവികൾ, കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ സംസാരിച്ചിട്ടുണ്ടോ?
നമ്മുടെ മക്കൾ ഒരു അറബിയുടെ നാട്ടിൽ ഇറങ്ങിയ ദിവസം അവന്റെ പാസ്പോർട്ടും മറ്റു രേഖകളും കഫീൽ അല്ലെങ്കിൽ തൊഴിലുടമ കൈക്കലാക്കുകയാണ്. എന്താണതിന്റെ അർത്ഥം. നമ്മുടെ സാംസ്കാരിക നായകന്മാർക്ക് അതിന്റെ അർത്ഥം അറിയില്ല. ഒന്നുകിൽ അവരുടെ ധീഷണ നെല്ലിക്കാപരുവത്തിലുള്ളതാണ് അല്ലെങ്കിൽ അവർ അത് കാണാതിരിക്കാൻ ശ്രമിക്കുന്നു. പ്രിയ ഇടതുപക്ഷ സാംസ്കാരിക നായകരെ, കേരളത്തിലെ ബുദ്ധിജീവികളേ, അതിനർത്ഥം നമ്മുടെ മക്കൾ അവിടെ ചെന്ന നാൾ മുതൽ അടിമകളാണ് എന്നതാണ്. ഇതൊരു ആധുനിക സ്ലേവറി സിസ്റ്റം ആണ് സർ. സംശയമുള്ളവർ The International Labour Organization (ILO) ന്റെ പഠനം വായിക്കുക. 'The power that the Kafala system delegates to the sponsor over the migrant worker, has been likened to a contemporary form of slavery' ..... If the migrant worker decides to leave the workplace without the employer's written consent they may be charged with 'absconding', which is a criminal offense. Even if a worker leaves in response to abuse they remain at risk of being treated as a criminal rather than receiving appropriate victim support (https://www.ilo.org/dyn/migpractice/docs/132/PB2.pdf)
പാസ്പോര്ട്ട് അടിയറവയ്ക്കുക എന്നുവച്ചാൽ നിങ്ങൾ നിങ്ങളുടെ ഐഡന്റിറ്റി ആണ്, ഫ്രീഡം ആണ്, അടിയറ വെക്കുന്നത്. നമ്മൾ നമ്മുടെ മക്കളെ അടിമകളാകാൻ അനുവദിക്കുന്നതാണത്. എന്നിട്ട് 'പ്രബുദ്ധരായ' മലയാളി ബുദ്ധിജീവികളാരും ഇതേ പ്രതി ഒരു വരി ഇന്നേവരെ എഴുതിയിട്ടില്ല പ്രതികരിച്ചിട്ടില്ല. നമ്മുടെ മക്കൾ 'സാമ്രാജ്യത്വ' അമേരിക്കയിലാണ് ഇറങ്ങുന്നതെങ്കിൽ ആരെങ്കിലും, അവരുടെ പാസ്പോർട്ട് ആർക്കെങ്കിലും, തൊഴിലുടമക്കോ അഥോറിറ്റികൾക്കോ, ആർക്കെങ്കിലും, അടിയറ വെക്കേണ്ടതുണ്ടോ? അറബി നാടുകളിൽ ഇത് നിർബാധം നടന്നുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്? കഴിഞ്ഞ ഇരുപത്തി അഞ്ചുവർഷത്തിനകത്ത് ആരെങ്കിലും ഒരു നായനാരോ അച്യുതാനന്ദനോ ആന്റണിയോ സുധീരന്മാരോ മുഹമ്മദ് ബഷീർമാരോ കുഞ്ഞാലികുട്ടിമാരോ ഇതേ പറ്റി ഗൾഫ് ഭരണാധികാരികളോട് സംസാരിച്ചതായി അറിവുണ്ടോ? പരാതി പറഞ്ഞതായി കേട്ടിട്ടുണ്ടോ. (ഇക്കാര്യത്തിൽ നമ്മുടെ എം പി മാരുടെ ജോലി രാജ്യസഭയിൽ PERSECUTION OF INDIAN FEMALE WORKERS IN GULF COUNTRIES എത്ര? എന്ന ചോദ്യങ്ങൾ ചോദിക്കലിൽ അവസാനിക്കുകയാണ് പതിവ്). ഒരു ബെന്യാമിനോ, വാസുദേവൻ നായരോ, സക്കറിയയോ ഒരു കാരശ്ശേരിയോ ഒരു എൻ എസ് മാധവനോ ഒരു സച്ചിദാനന്ദനോ അല്ലെങ്കിൽ ഏതെങ്കിലുമൊരു ബുദ്ധിജീവി പ്രൊഫെസ്സർമാരോ, കാക്കതൊള്ളായിരത്തിൽ എഴുത്തുകാരിൽ ആരെങ്കിലും ഇതേപ്രതി ഒരു വരി എഴുതിയിട്ടുണ്ടോ ആകുലതപ്പെട്ടു കണ്ടിട്ടുണ്ടോ? അവർ ദുരിതമനുഭവിക്കുന്നവരെവിടെയൊക്കെയാണ് എന്ന അന്വേഷണത്തിലാണെന്ന് തോന്നുന്നു. കഥയും കവിതയും എഴുതാൻ. കഥാ തന്തു അന്വേഷണത്തിലാണെന്ന് തോന്നുന്നു.
പാസ്പോർട്ട് വാങ്ങി വെക്കുക എന്നത് ആ നാട്ടിലെ രീതിയാണ് ഓരോ നാട്ടിലും അവരവരുടേതായ പതിവുകളുണ്ട് എന്നായിരിക്കും ഇപ്പോൾ പല ന്യായീകരണക്കാരും ചിന്തിക്കുന്നത്. മിസ്റ്റർ, ഹ്യൂമൻ റൈറ്സ് എന്നൊരു അടിസ്ഥാന മൂല്യമുണ്ട്. അതിൽ Freedom എന്നൊരു അടിസ്ഥാന മൂല്യമുണ്ട്. ഒരു നോൺ നെഗോഷിയബിൾ മൂല്യം. Everyone has the right to freedom of thought, speech, and belief. People can move freely within their country and leave if they wish. Universal Declaration of Human Rights എന്ന അടിസ്ഥാന മൂല്യം. അത് നിങ്ങളുടെ രാജ്യത്തെ നിയമങ്ങൾക്ക് മേലെയുള്ളതാണ്. പ്രത്യേകിച്ചും വേറൊരു നാട്ടുകാരൻ നിങ്ങളുടെ നാട്ടിൽ എത്തിപെടുമ്പോൾ ഇതവന്റെ മാനുഷിക അവകാശമാണ്. ചുരുങ്ങിയത് അവനവിടെ നിന്ന് സ്വന്തം നാട്ടിലേക്കോ മറ്റെവിടേക്കെങ്കിലുമോ പോകാനുള്ള ഫ്രീഡം. അത് മാനിക്കേണ്ടതുണ്ട്. മാനവികതയെ പ്രതി വാചാലരാകുന്ന നമ്മുടെ 'സാംസ്കാരിക ബുദ്ധിജീവികളാരെങ്കിലും, ടി വി കുമാരന്മാർ ആരെങ്കിലും, ഈ ഹതഭാഗ്യരെ പ്രതി ഇത്തരം വിഷയങ്ങൾ എന്തേ ഇന്നോളം സംസാരിച്ചില്ല. ആടുജീവിതത്തിൽ വില്ലൻ അർബാബ് അല്ല. വെള്ള കുപ്പായമിട്ട് വരുന്ന അറബി ഷേക്ക് മാരുടെ കൂടെ നിന്ന് ചിരിച്ചുഫോട്ടോ എടുത്ത് നമ്മുടെ മക്കളുടെ ഈ ദുരവസ്ഥയെ പ്രതി ഒരക്ഷരം സംസാരിക്കാത്ത നമ്മുടെ രാഷ്ട്രീയ നേതൃത്വമാണ് എഴുത്തുകാരും സാംസ്കാരിക നായകരുമാണ്. അവസരം കിട്ടുമ്പോൾ എല്ലായിടത്തും എല്ലാ സമൂഹങ്ങളിലും അർബാബുമാരുണ്ടാകും. മനുഷ്യൻ ക്രൂരനും സ്വാർത്ഥിയും കൂടിയാണ്.
എന്താണീ IQAMA ? സൗദിയിൽ, അറബിനാടിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം? ഇക്കാമയുടെ പേരിൽ ഒരു വ്യക്തിയുടെ ഫ്രീഡത്തിന് മേൽ അറബികൾ നടത്തുന്ന ചൂഷണം ഇവിടെ ആർക്കും അറിഞ്ഞുകൂടേ? ആടു ജീവിതം സിനിമയിൽ 'അവന്റെ ഇക്കാമ നാളെ തീരുന്നു. നാളെ നാട്ടിലേക്ക് പോകാനിരുന്നതാണ്' എന്ന് പറയുന്ന ആ സീൻ കണ്ണ് നനയാതെ നിങ്ങൾക്ക് കാണാൻ കഴിയുമോ. എങ്ങനെയാണ് ഒരു വ്യക്തിയുടെ എനിക്കുവേണ്ട ഞാൻ നാട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞു തിരിച്ചു പോകാനൊരുങ്ങുന്ന ഒരു യുവാവിനെ അധികാരികളുടെ മുന്നിലിട്ട് ചാട്ടവാറിന് അടിച്ചു് നിർബന്ധിച്ചു വലിച്ചിഴച്ചു കൊണ്ടുപോകാൻ കഴിയുന്നത്. അത് ആ നാട്ടിലെ നിയമമാണ് എന്ന മുടന്തൻ ന്യായങ്ങൾ കൊണ്ടുവരല്ലേ. ഏതു നാട്ടിലെ നിയമങ്ങളാണെങ്കിലും വ്യക്തിയുടെ ബേസിക് ഫ്രീഡത്തിന് മുകളിൽ; No one should be enslaved, tortured, or treated inhumanely, ... .. People can move freely within their country and leave if they wish, എന്നീ ബേസിക് ഫ്രീഡത്തിന് മുകളിൽ ഒരു നിയമവും ഇല്ല. ഇത് അറബി നാടുകളിൽ നിരന്തരം ചുരുങ്ങിയത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടന്നു കൊണ്ടിരിക്കുന്നതല്ലേ. നമ്മുടെ വെള്ള കുപ്പായക്കാരൻ രാഷ്ട്രീയ നേതൃത്വം എന്നെങ്കിലും ഇതുപോലുള്ള കാര്യങ്ങൾക്കു വേണ്ടി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിരന്തരം 'പോരാടു'ന്ന നമ്മുടെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളാരെങ്കിലും എഴുതിയോ, ഒപ്പു ശേഖരണം നടത്തിയോ, അധികാരികളെ കണ്ടു സംസാരിച്ചുവോ? എന്തുകൊണ്ടില്ല എന്നതിലാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ, ജനതയെ പ്രതിയുള്ള അർപ്പണം ഇല്ലായ്മ മനസ്സിലാകുന്നത്. തലേക്കെട്ടുള്ള വെള്ളകുപ്പായക്കാരനെ കാണുമ്പോൾ തൊഴിലാളി വർഗ്ഗ സേവകർ കവാത്ത് മറക്കുകയാണ്. ചുരുട്ടിയ മുഷ്ടിയല്ല അവിടെ ഉയരുന്നത് രണ്ടിന് പോട്ടെ എന്ന അപേക്ഷയാണ്.
മുതലാളി എന്നൊരു സംജ്ഞയെ പൊതു ബോധത്തിൽ കയറ്റി അതിനെ നിരന്തരം മാർക്കറ്റ് ചെയ്യുന്ന കൂട്ടർ അറിയുക, നിങ്ങളൊരു 'മുതലാളിത്ത' രാജ്യത്ത് ഇറങ്ങിയാൽ, സാമ്രാജ്യത്വ അമേരിക്കയിൽ ഇറങ്ങിയാൽ, 'മുതലാളിത്ത' ഏതെങ്കിലും യൂറോപ്പ്യൻ രാജ്യത്ത് ഇറങ്ങിയ ദിനം മുതൽ, കൊറിയ ജപ്പാൻ ആസ്ട്രേലിയ ബ്രസീൽ, മിക്ക ആഫ്രിക്കൻ രാജ്യങ്ങൾ, ഇതിൽ എവിടെ ചെന്നാലും, കസ്റ്റംസ് വിസ ക്ലിയറൻസ് കഴിഞ്ഞു വെളിയിൽ ഇറങ്ങിയ നിമിഷം മുതൽ നിങ്ങളുടെ ഫ്രീഡം, നിങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം, ഒരാളും തടയില്ല. അറബിനാട്ടിൽ മാത്രം ഇതെന്തുകൊണ്ടിങ്ങനെ എന്ന് എന്തുകൊണ്ട് കേരളത്തിലെ ഒരു 'പ്രബുദ്ധ' പൊതു കാരണം അവർ അടിസ്ഥാന മാറ്റങ്ങൾക്കുള്ള വിപ്ലവം നടത്തുന്ന തിരക്കിലായതുകൊണ്ടായിരിക്കാം. അടിസ്ഥാന വർഗ്ഗത്തിന്റെ വേദന ഉൾകൊള്ളാൻ പോയതായിരിക്കും. ലോകത്തെ ഇരകളാക്കപ്പെടുന്ന മനുഷ്യരോടൊപ്പം ചേർന്നുനിൽക്കുന്ന തിരക്കിലായിരിക്കും. .
ഇത് ഒരു ഒറ്റപ്പെട്ട നജീബിന്റെ കഥ മാത്രമല്ലല്ലോ. കഴിഞ്ഞ മൂന്നു ദശകങ്ങളായി ഇത്തരം പല ദുഃഖ കഥകളും കേരള മാധ്യമങ്ങളിൽ മുടങ്ങാതെ വന്നു കൊണ്ടിരിക്കുന്നതല്ലേ. പാസ്പോർട്ട് പിടിച്ചുവെക്കപ്പെട്ട് ചൂഷണത്തിന് വിധേയമാക്കപ്പെടുന്ന എത്ര നിമിഷ പ്രിയമാർ. അറബിയുടെ അടുക്കളകളിൽ വിശ്രമമില്ലാതെ അടിമകളായി ജീവിക്കേണ്ടി വന്ന എത്ര കഥകൾ. ഇവരൊക്കെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ കഥകളാണ്. പട്ടിണി സഹിച്ചു് ജീവിക്കാൻ നിർബന്ധിതരായ, പട്ടിണിയിൽ നിന്ന് രക്ഷപെടാൻ പോയ, ഒരു സുഡാനിയെപോലെയല്ല, പാക്കിസ്ഥാനിയെപോലെയുള്ളവരല്ല ഇവർ. ഹ്യൂമൻ ഡവലപ്മെൻ്ഡ് ഇൻഡക്സ് യൂറോപ്പിനോളം അല്ലെങ്കിൽ അതിനുമുകളിൽ നിൽക്കുന്ന മലയാളി ഈ ഗതിയിൽ ജീവിക്കാനിടവരുന്നതെന്തുകൊണ്ട്? എന്തുകൊണ്ട് ഈ ആടു ജീവിതങ്ങളിൽ, ഒരു പാവപെട്ട യൂറോപ്യൻ രാജ്യത്തെ ആരെയും കാണുന്നില്ല, തൊഴിലില്ലായ്മ നടമാടുന്ന ഗ്രീസുകാരനില്ല, സൗത്ത് യൂറോപ്പ്യൻ ഇല്ല, സൗത്തുകൊറിയനില്ല, തായ്വാനിയില്ല, സിംഗപൂരിയില്ല.
കെൽബ് (പട്ടി), ഹുസ്നി (കുറുക്കൻ) ഇത്തരം ചെല്ലപ്പേരുകൾ കേട്ട് മലയാളികൾ ജീവിക്കാൻ വിധിക്കപെട്ടതെന്തുകൊണ്ട്? അതിനു കാരണം മുതലാളി എന്ന പദം ഒരു ഹേറ്റ് പദമായി മലയാളിയുടെ പൊതുബോധത്തിൽ കയറ്റിവിട്ട്, കൊച്ചൗസേഫ്മാരേ വർഗ്ഗ ശത്രുക്കളാക്കി ചൂഷകരാക്കി മാറ്റിയ 'ക്വിക്സോട്ടിക്' ധീഷണകളുണ്ടല്ലോ, അത്തരം ചിന്തകൾക്ക് സ്തുതിപാടുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാരും പ്രൊഫസ്സർമാരും ഉണ്ടല്ലോ അവരാണീ യുവാക്കളെ ഈ ദുരിതത്തിലെത്തിച്ചത്. ഒരു ബാംഗ്ലൂർ ആയി വളരേണ്ടിയിരുന്ന തിരുവനന്തപുരത്തെ അതിന്റെ പൊട്ടൻഷ്യലിനനുസരിച്ചു് വളരാൻ അനുവദിക്കാതിരുന്ന നോക്കുകൂലിക്കാരുണ്ടല്ലോ അവരാണീ യുവാക്കളെ ഈ ദുരിതത്തിലെത്തിച്ചത്. കേരളം മുഴുവൻ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ ദാദാഗിരികളുണ്ടല്ലോ അവരാണീ യുവാക്കളെ ഈ ദുരിതത്തിലെത്തിച്ചത്. ഈ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളൊക്കെ ചൂഷണങ്ങൾക്ക് എതിരെയുള്ള ആവശ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച നെല്ലിക്കാപരുവത്തിലുള്ള ധീഷണ കൊണ്ടുനടക്കുന്ന നമ്മുടെ കുറെ എഴുത്തുകാരുണ്ടല്ലോ, 'Dr' പട്ടം പ്രൊഫെസ്സർമാരുണ്ടല്ലോ അവരാണീ യുവാക്കളെ ഈ ദുരിതത്തിലെത്തിച്ചത്.
വളർന്നുകൊണ്ടിരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ, അവരുടെ ജീവിത നിലവാരങ്ങൾക്ക് ആവശ്യമായ വെൽത്ത്, എങ്ങനെ സൃഷ്ടിക്കാം എന്നതിനെ പ്രതി ഒരു ധാരണയും ഇല്ലാത്ത നമ്മുടെ കുറെ എഴുത്തുകാരുണ്ടല്ലോ, പ്രൊഫെസ്സർമാരുണ്ടല്ലോ അവരുടെ പ്രതികരണ ശേഷിയില്ലായ്മയാണ് (അഥവാ അവരുടെ സെലെക്ടിവ് പ്രതികരണങ്ങളാണ്) നമ്മുടെ യുവാക്കളെ ഈ ദുരിതത്തിലെത്തിച്ചത്. ജ്യോതിബാസുവും കൂട്ടരും കൊൽക്കത്തയെ എങ്ങനെ 'മർഡർ' ചെയ്തുവോ ആ മർഡറിന്റെ വേറൊരു വേർഷനാണ് മലയാളീ യുവാക്കളെ ഗൾഫ് അറബികളുടെ അടിമകളാക്കിയത്. കുറ്റം പറയരുതല്ലോ മണിഓർഡറുകൾ മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. അച്ഛന്മാരും മുത്തച്ഛന്മാരും സന്തോഷവാന്മാർ ആയിരുന്നു. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിലെ അച്ചന്മാരും മുത്തച്ചന്മാരും കേരളത്തിന്റെ വളർച്ചയിൽ, മലയാളിയുടെ ജീവിത നിലവാര വളർച്ച ഞങ്ങളുടെ ശ്രമം കൊണ്ടാണെന്ന് അവകാശം പറഞ്ഞു നടന്നു.. എന്നാൽ നൂറുകണക്കിന് നജീബുമാരുടെ സ്ലേവറി കണ്ടില്ലെന്നു നടിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ, തിരൂർ റെയിൽവേ സ്റ്റേഷനിൽ, എയർ പോർട്ടുകളിൽ വീണ നവ വധുക്കളുടെ കണ്ണീർ ഇവരാരും കണ്ടില്ല.
ആലപ്പുഴയിലെയും കൊല്ലത്തെയും വ്യവസായങ്ങൾ കശുവണ്ടി ഫാക്ടറികൾ ഓരോന്നായി പൂട്ടിക്കപെട്ടപ്പോൾ കേരളം നിക്ഷേപകരുടെ പ്രേതഭൂമി ആയിമാറികൊണ്ടിരുന്നപ്പോൾ മുതലാളി എന്ന പദത്തെ ഒരു വെറുപ്പോടെ പൊതുബോധത്തിലേക്ക് കയറ്റിവിട്ടുകൊണ്ടിരുന്നപ്പോൾ അതിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കാൻ കഴിവില്ലാതിരുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമാണ് ഈ ദുരിതങ്ങൾക്ക് കാരണക്കാർ.
നദികളുടെ നാട്ടിൽ നിന്ന് വരുന്നവർ അറബിനാടുകളിൽ വന്ന് ദുരിതമനുഭവിക്കുന്നത് കണ്ടപ്പോൾ അവരുടെ ദുഃഖം ഇനിയൊരു മലയാളീ പ്രവാസിക്കു മാത്രമേ മനസ്സിലായുള്ളു. ഗൾഫ് മലയാളീസ്. അവർ അവർക്കാവുന്ന വിധത്തിൽ അവരുടെ സമ്പത്തും സമയവും ത്യജിച്ചു് അവർ സ്വന്തം നാട്ടുകാരെ ഒക്കുന്നത്ര സഹായിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ നാമ്മുടെ ഭരണ നേതൃത്വങ്ങളിൽ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി സഹായിക്കാനുള്ള അറിവ് കണ്ടില്ല. നമ്മുടെ നേതാക്കൾ ഗൾഫ് മലയാളിയുടെ ആതിഥ്യം സ്വീകരിച്ചു ഗൾഫ് നാടുകളിലെ പളപളപ്പ് ചുറ്റിക്കണ്ട് തിരിച്ചുവന്നു. അവിടങ്ങളിലെ ചൂഷണങ്ങളുടെ കഥ ഇടമുറിയാതെ കഴിഞ്ഞ മൂന്നു ദശകങ്ങളായി വന്നുകൊണ്ടിരുന്നു. ഈ കഥ നമ്മുടെ നേതാക്കൾ കണ്ടില്ലെന്ന് നടിച്ചു. അഥവാ അത് അഭിമുഖീകരിക്കാനുള്ള സാമർത്ഥ്യവും അറിവും ഉള്ളവരായിരുന്നില്ല നമ്മുടെ കൊണ്ടാടപ്പെട്ട നേതാക്കളാരും. ഒരു രാഷ്ട്രീയ നേതാവുപോലും തൊഴിലാളി വർഗ്ഗത്തിന്റെ അവകാശത്തെ പ്രതി നിരന്തരം ഇവിടെ സംസാരിച്ച ഒരു രാഷ്ട്രീയ നേതാവുപോലും, ഈ ഹതഭാഗ്യരായ മലയാളികളുടെ പ്രശ്നങ്ങൾ എന്തുകൊണ്ടുണ്ടാകുന്നു എന്ന് പൊതു മദ്ധ്യത്തിൽ ചർച്ചചെയ്തില്ല. നമ്മുടെ രാഷ്ട്രീയക്കാർ തത്വദീക്ഷ ഉള്ളവരായിരുന്നു. എന്നാൽ ഇത് മനസ്സിലാക്കി കൈകാര്യം ചെയ്യാനുള്ള സാമർത്ഥ്യം അറിവും ഉള്ളവരായിരുന്നില്ല.
നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രവർത്തനങ്ങൾ സ്ട്രാറ്റജിക്കൽ ആയിരുന്നു. പൊതുജന സ്നേഹത്തിനു അവിടെ ഇടം കിട്ടാതെപോയി. 'പണിയില്ലാ നാട്ടിന് പണി എത്തിക്കൂ 'മുദ്രാവാക്യങ്ങളിൽ അവർ അടിമ പണി ആണെങ്കിലും വേണ്ടില്ല എന്ന് ധരിച്ചതുകൊണ്ടല്ല, 'ആകെപ്പാടെ അറിയാവുന്ന പണി സമരം ചെയ്യലാണ്, അതിവിടെ നടക്കുകയുമില്ല" എന്നതുകൊണ്ടായിരുന്നു. അഥവാ അവർ ഇറാഖികൾക്കുവേണ്ടി ശബ്ദം ഉയർത്തുന്ന തിരക്കിലായിരുന്നിരിക്കണം.
മലയാളിയുടെ പൊള്ളത്തരം വെളിവാകുന്ന ഈ സിനിമയുമായി ബന്ധപ്പെട്ട ഇനിയൊരു കാര്യമാണ്, നായകൻ ആടുമായി ബന്ധപെട്ടുവോ അതെന്തുകൊണ്ട് സിനിമയിലില്ല, കട്ട് ചെയ്തതാണോ? എന്നൊക്കെയുള്ള ശ്രീ ബ്ലെസ്സിയോടുള്ള നിരന്തര ചോദ്യങ്ങൾ. വലിയ അഭിമുഖങ്ങളൊക്കെ നടത്തുന്ന ജേര്ണലിസ്റ്റിനു വരെ അതാണ് അറിയേണ്ടത്. ഒരു നോവൽ സിനിമയാക്കുമ്പോൾ സംവിധായകൻ അദ്ദേഹത്തിന്റെ ഫോക്കസ് നനുസരിച്ചു് ചില ഭാഗങ്ങൾ വിടുന്നു ചിലവ കൂട്ടിച്ചേർക്കുന്നു. നോവലിലെ ഒരു പാസിങ് സംഭവം എന്തുകൊണ്ട് സിനിമയിലില്ല. ഇതാണ് പലർക്കും അറിയേണ്ടത്. വോയേറിസം (voyeurism) ആണ് സർ, ഇവർ വെറും വോയേവറിസ്റ്റികൾ ആണ്.
വേറെ ചിലരാണെങ്കിൽ ഇബ്രാഹിം കാദിരി ആരായിരുന്നു എന്നതിലാണ്. ദൈവം അയച്ചതല്ലേ. അദ്ദേഹം എവിടേക്ക് പോയി. പെരിയവന്റെ കൃപ. സുഹൃത്തെ ഇനിയും പല മലയാളി യുവാക്കളും പാസ്പോർട് അടിയറ വെച്ച് അറബിനാടുകളിൽ സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി മനസ്സില്ലാ മനസ്സോടെ ജീവിച്ചു പോകുന്ന അനേകരുണ്ട്. അറബി നാട്ടിൽ ബിസിനസ്സ് നടത്താൻ വരുന്ന ഒരു യൂറോപ്പ്യനെ പോലെ അമേരിക്കക്കാരനെപോലെ തലയുയർത്തി പണിയെടുക്കാൻ, വൺ ടു വൺ മുഖത്തുനോക്കി ഡീൽ ഉറപ്പിച്ചു പണിയെടുക്കാൻ കഴിയുന്നതെങ്ങനെ എന്നാലോചിക്കൂ.
അടിമ ഉടമ മനോഭാവം അറബിയുടെ ഡിഎൻഎ യിൽ ഉള്ളതാണ്. നമ്മൾ അതിൽ വീഴേണ്ടതില്ല. അതിന് എന്താണ് മാർഗ്ഗം എന്ന് ചർച്ച ചെയ്യുക. മാർഗ്ഗം നമ്മുടെ യുവാക്കളെ ശക്തരാക്കുക എന്നതാണ്. തിരിച്ചടിക്കാൻ ശക്തരാക്കുക എന്നല്ല. കണ്ണിൽ നോക്കി സംസാരിക്കാൻ ശക്തരാക്കുക. ഇതെന്റ് സ്കിൽ സെറ്റുകളാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഈ വേതനത്തിൽ ഇത്ര സമയത്തേക്ക് എന്നെ ഹയർ ചെയ്യാം. അല്ലെങ്കിൽ എനിക്കെന്റെ വഴി എന്റെ രാജ്യം എന്ന് പറയാൻ കഴിവുള്ളവരാക്കി എടുക്കുക. (നജീബിന്റെ സ്ഥാനത്ത് ഒരു സിക്ക് കാരനായിരുന്നുവെങ്കിൽ ആ തോക്കെടുത്ത് കഫീലിന്റെ കഥ കഴിക്കുമായിരുന്നു എന്ന് സിനിമ കണ്ടിരുന്നപ്പോൾ ആലോചിച്ചു. വരാൻ പോകുന്നത് വഴിയിൽ കാണാം എന്ന രീതി). പിന്നീട് ആലോചിച്ചപ്പോൾ ഈ ജീവിതങ്ങളിൽ, നജീബുമാരിൽ, അറബിയുടെ അടുക്കള പണിക്കാരിൽ, ഒരു സിക്കുകാരനില്ല. ബീഹാറിയോ തമിഴ് നാട്ടുകാരനോ ഹൈദരാബാദിയോ ഉണ്ടാകും. പക്ഷെ സിക്കുകാരനില്ല. സിക്കുകാരൻ മലയാളിയെപോലെയാണ് ലോകത്തെല്ലായിടങ്ങളിമുണ്ട്. എന്നാൽ അറബിയുടെ അടിമപ്പണി ചെയ്യാൻ അവനെ കിട്ടില്ല. മലയാളി യുവാക്കളെ ഈ തന്റേടത്തോടെ ജീവിക്കാൻ കെൽപ്പുള്ളവരാക്കുക എന്നതാണ് വേണ്ടത്.
അതിന് ഒരു വഴിയേ ഉള്ളു. കമ്മ്യൂണിസ്റ്റുകൾ കാലങ്ങളായി കേരളത്തിൽ വളർത്തിയെടുത്ത അവൻ മുതലാളി എന്ന, മുതലാളികൾ ചൂഷകർ എന്ന മലയാളികളുടെ കലക്ടീവ് ബോധം മണ്ടത്തരമായിരുന്നു എന്ന് മനസ്സിലാക്കലാണത്. വായെടുത്താൽ അംബാനി അദാനി ബാഷിങ്, വലിയ പ്രൊഫെസ്സർ മാർ വരെ 'Dr' പട്ടം കൊണ്ടുണ്ടാക്കുന്നവർ വരെ നടത്തുന്ന സ്വയം വീർപ്പിച്ചുള്ള അവരുടെ അംബാനി അദാനി ബാഷിങ്, അവജ്ഞയോടെ തള്ളിക്കളയുക. നിങ്ങൾ വെറും പുറം പൂച്ചു ധീഷണകൾ മാത്രമാണെന്ന് പ്രൊഫെസ്സർമാരെ എഴുത്തുകാരെ നമുക്ക് നിരന്തരം ഓർ്മിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ അവരതാണ്. അവർ അവരുടെ കോളേജ് കാലത്ത് പഠിച്ചുവെച്ച അറിവുകളെ കാലത്തിനനുസരിച്ചു് അപ്ഡേറ്റ് ചെയ്യാതെ മധുര മനോജ്ഞ മലയാളത്തിൽ എഴുതി, പ്രസംഗിച്ചു നടക്കുന്നവരാണവർ. അവരിൽ പലരും ഒരു ഇടതു പക്ഷ കുപ്പായം, (അത് വെറും ഒരു കോട്ടപ്പള്ളി കുപ്പായമാണ്), അറ്റൻഷനുവേണ്ടി, കൊണ്ടുനടക്കുന്നവരാണ്. അവരെ അവജ്ഞയോടെ അവഗണിക്കുക. നോക്കുകൂലിക്കാരെ നിലക്കുനിർത്തുക. ട്രേഡ് യൂണിയൻ മിലിറ്റൻസിക്കെതിരെ നിരന്തരം സംസാരിക്കുക. ഇവിടെ ഒരു ഇൻവെസ്റ്റ്മെന്റ് ഫ്രണ്ട്ലി ഇൻഡസ്ട്രി ഫ്രണ്ട്ലി പൊതു ബോധം വളർത്തിയെടുക്കേണ്ടതുണ്ട്.
കേരളത്തിന്റെ പൊതുബോധം, വിജയിക്കുന്നവരെ, ബിസിനസ്സ് വിജയം നേടുന്നവരെ, മാനിക്കുന്നതായി മാറണം. കൊച്ചൗസേപ് ചിറ്റിലപ്പള്ളിമാരെ മാനിക്കുന്നതായി മാറണം, യുസഫ് അലിമാരെ ബഹുമാനിക്കുന്നതായിരിക്കണം, സുരേഷ് പിള്ളമാരെ ബഹുമാനിക്കുന്നതായിരിക്കണം, കിറ്റെക്സ് നെ ബഹുമാനിക്കുന്നതാവണം, നമ്മുടെ കുട്ടികൾ SaaS എന്താണ് എന്നാണ് പഠിക്കേണ്ടത്. തൊഴിലാളിയുടെ അവകാശങ്ങൾ എന്തൊക്കെയാണ് എന്നല്ല. അപ്പോൾ അവർക്ക് ജീവിക്കാനുള്ള തൊഴിലുകൾ ഈ നാട്ടിൽ തന്നെ ധാരാളമായി ഉണ്ടാകും. ഓരോ വ്യക്തിയിലും അതോടൊപ്പം സെൽഫ് റെസ്പെക്ട് വരും. പാസ്സ് പോർട്ട് പണയം വെക്കണം എന്നാവശ്യപെടുമ്പോൾ പോയി പണി നോക്കെടോ എന്ന് പറയാൻ അപ്പോൾ അവർക്ക് ധൈര്യം ഉണ്ടാകും. അറബി ഇവിടെ വന്ന് നമ്മുടെ ഡിമാൻഡുകൾ, ഫ്രീഡം ഉറപ്പിക്കുന്ന നമ്മുടെ ഡിമാൻഡുകൾ, അംഗീകരിച്ചു നിയമനങ്ങൾ നടത്തും.
അർബാബുമാർ ലോകത്തെല്ലായിടത്തും എല്ലാ സമൂഹങ്ങളിലും ഉണ്ടാകും. നൂറുകണക്കിന് നജീബുമാർ കേരളത്തിൽ ഉണ്ടായത്, അറബികളുടെ അടുക്കളയിൽ അടിമ പണി ചെയ്യുന്ന അമ്മമാർ നൂറുകണക്കിന് ഉണ്ടായത്, മലയാളികളുടെ കമ്മ്യൂണിസ്റ്റ് മെന്റാലിറ്റിയുടെ അതിപ്രസരം മൂലം സംഭവിച്ചതാണ്. ബെന്യാമിൻ മാർക്ക്, പ്രൊഫെസ്സർമാർക്ക്, അവസരവാദി എഴുത്തുകാർക്ക്, ഇതൊരിക്കലും മനസ്സിലാകുകയുമില്ല.