- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ വിഷയം വേറെ, മതരാഷ്ട്ര സിദ്ധാന്തം വേറെ
മംഗലശേരി തറവാടും, പച്ചാഴി തറവാടും തമ്മിൽ നാട്ടിൽ മേൽക്കോയ്മയ്ക്ക് വേണ്ടി നടത്തിയ ശീതയുദ്ധമാണ് പി. കേശവദേവിന്റെ പ്രസിദ്ധമായ 'അയൽക്കാർ' എന്ന നോവലിന്റെ പ്രമേയം. ക്ഷേത്രത്തിലെ ഉൽസവ പറമ്പിലും, നാട്ടുകാർ തമ്മിലുള്ള കലഹങ്ങളിലും എന്നുവേണ്ട ഒരു ഗ്രാമത്തിൽ സംഭവിക്കാവുന്ന എല്ലാ ഭിന്നതകളും ഈ രണ്ടു തറവാട്ടിലും പെട്ടവർ കക്ഷി ചേർന്നു. രണ്ടു കൂട്ടരും തല്ലുണ്ടായപ്പോൾ ഗുണ്ടകളെ ഇറക്കി. സ്ത്രീകൾ അങ്ങോട്ടുമിങ്ങോട്ടും ഏഷണിയും പരദൂഷണവും നടത്തി. മംഗലശേരി തറവാട്ടിലെ സ്ത്രീകൾക്കെതിരേ 'സ്വഭാവ ദൂഷ്യം' എന്ന ആരോപണവും പച്ചാഴി തറവാട്ടിലെ സ്ത്രീകൾ നാട്ടിൽ ഉയർത്തി. തറവാടുകളിലെ സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' അന്നൊക്കെ നിസാര സംഗതിയല്ലല്ലോ. അതൊക്കെ ഗ്രാമ ചന്തകളിൽ പറഞ്ഞു പരത്തിയത് വലിയ കോലാഹലത്തിലും തല്ലിലുമാണ് അവസാനിച്ചത്. അവസാനം എന്ത് സംഭവിച്ചു? രണ്ടു തറവാട്ടിലേയും ആണുങ്ങൾ തല്ലിലും വെട്ടിലുമായി അനേകം കേസുകളിൽ പ്രതികളായി. കേസിൽ പ്രതികളാകുമ്പോഴും ആഢ്യത്വവും, പ്രഭുത്വവും കുറക്കാൻ സാധിക്കില്ലല്ലോ. രണ്ടു കൂട്ടരും ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന വക്കീലന്മാരെ തങ്ങൾക്ക് വേണ്ടി ഇറക്കി. കേസുകളുടെ ചെലവിനായി രണ്ടു കൂട്ടരും തറവാടിന്റെ ഭൂമി അന്യാധീനപ്പെടുത്തി. അവസാനം തെളിവെടുപ്പും, വിചാരണയും, ശിക്ഷയുമൊക്കെയായി പൊലീസ് സ്റ്റേഷനിലും, കോടതിയിലും, ജയിലിലും ഇരു കൂട്ടരും ജീവിതം പാഴാക്കിയപ്പോൾ രണ്ടു തറവാടുകളുടേയും സമ്പത്ത് കാര്യമായി ചോർന്നു.
കേരളത്തിലെ ഒരു കാലഘട്ടത്തിലെ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് പി. കെശവദേവിന്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത്. തിരുവിതാംകൂറിൽ 1950-കളിലും, 60-കളിലും നിലനിന്നിരുന്ന നായർ ഈഴവ സംഘർഷം ചില സ്ഥലങ്ങളിൽ ശാരീരിക ഏറ്റുമുട്ടൽ വരെ ആയിട്ടുണ്ട്. പി. കേശവദേവിന്റെ 'അയൽക്കാർ' എന്ന നോവലിൽ ഇതും കൃത്യമായി കാണിച്ചു തരുന്നുണ്ട്. തോപ്പിൽ ഭാസി, പി.വി. തമ്പി, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, എം ടി. വാസുദേവൻ നായർ - ഇവരുടെയൊക്കെ കൃതികളിൽ പണ്ടുണ്ടായിരുന്ന ഫ്യൂഡൽ പ്രഭുത്വത്തെ കൃത്യമായി വിവരിക്കുന്നുണ്ട്.
കാരണവന്മാരുടെ അമിതമായ അധികാരം, തമ്മിൽ തല്ല്, ആർഭാടത്തോടെയുള്ള താലികെട്ട് കല്യാണങ്ങൾ, ഒരിക്കലും അവസാനിക്കാത്ത വസ്തു തർക്കവും കേസുകളും - ഇതൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലെ നായർ തറവാടുകൾ അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങളായിരുന്നു. പ്രൊഫസർ റോബിൻ ജെഫ്രിയുടെ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും', തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' - ഉം, പി. കേശവദേവിന്റെ 'അയൽക്കാർ' എന്ന നോവലും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നേർ കാഴ്ചകളാണ് വായനകാർക്ക് സമ്മാനിക്കുന്നത്. നായേഴ്‌സിന്റെ പണ്ടുണ്ടായിരുന്ന 'ഡോമിനൻസ്' എങ്ങനെ കേരളത്തിൽ ക്ഷയിച്ചു എന്നറിയാൻ ഈ പുസ്തകങ്ങളൊക്കെ വായിച്ചാൽ ധാരാളം മതി. 'ബയാസ്ഡ്' അല്ലാത്ത നായന്മാരൊക്കെ ഈ പുസ്തകങ്ങളിൽ വിവരിച്ചിരിക്കുന്നത് യതാർത്ഥ വസ്തുതകളാണെന്നുള്ളത് തുറന്നംഗീകരിക്കും.
'അയൽക്കാർ' പോലെ തന്നെ വസ്തുതകൾ വിവരിക്കുന്ന മറ്റൊരു ഉഗ്രൻ നോവലാണ് പി. കെശവദേവിന്റെ 'ഭ്രാന്താലയം'. ഇന്ത്യൻ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് 'ഭ്രാന്താലയം'. ഒരു മതമൗലികവാദി എങ്ങനെ രൂപപ്പെടുന്നു എന്ന് മനസിലാക്കുവാൻ ഭ്രാന്താലയത്തിലെ അബ്ദുവിനെ വിലയിരുത്തിയാൽ മാത്രം മതി.
പി. കേശവദേവിന്റെ 'ഭ്രാന്താലയത്തിലെ' അബ്ദുവിനെ വിലയിരുത്തുമ്പോൾ നാം 'ചിരിക്കണോ കരയണോ' എന്നുള്ള സന്നിഗ്ധാവസ്ഥയിൽ ആയിപ്പോകും. രണ്ടാം ലോക മഹാ യുദ്ധ കാലത്തെ ഹിറ്റ്ലറിന്റെ പടയോട്ടങ്ങളെ കുറിച്ചുള്ള വാർത്തകൾ ചായക്കടയിൽ ഇരുന്ന് വായിച്ചിട്ട് ആവേശഭരിതനായി 'അവൻ അവൻ ഇസ്ലാമാണ്' എന്നാണ് അബ്ദു അലറുന്നത്. 'ഗാന്ധി ഹിന്ദുവാണ്; കള്ളനാണ്; കാഫിറാണ്' എന്ന് അബ്ദു പ്രസ്ഥാവിക്കുമ്പോൾ രോഷാകുലരായ നാട്ടുകാരും ഗാന്ധിയന്മാരും അബ്ദുവിനെ ചായക്കടയിൽ നിന്നും പറഞ്ഞു വിടുന്നു. 'ഹിന്ദുവിന്റെ രാജ്യത്ത് തന്നെപോലുള്ള മുസ്ലീമിന് രക്ഷയില്ല' എന്നായിരുന്നു മതമൗലികവാദിയായിരുന്ന അബ്ദുവിന്റെ അവസാനത്തെ കണ്ടുപിടുത്തം! ഒടുവിൽ പാക്കിസ്ഥാനിലേക്കുള്ള യാത്രയിൽ വെച്ചുണ്ടായ വർഗീയ സംഘർഷത്തിൽ അബ്ദു കൊല്ലപ്പെടുകയും ചെയ്യുന്നു.
ചെറുപ്പം തൊട്ടേയുള്ള മസ്തിഷ്‌ക പ്രക്ഷാളനമാണ് അബ്ദുമാരെ സൃഷ്ടിക്കുന്നത്. സത്യത്തിൽ 'അബ്ദുമാരെ' മാറ്റിവെച്ച് വേണമെങ്കിൽ മുസ്ലിം സമൂഹത്തിന് ശാസ്ത്ര ബോധമുണ്ടായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിനെ പോലുള്ള നല്ല 'റോൾ മോഡലുകളെ' കണ്ടെത്താം. രാമേശ്വരത്തെ സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു വളർന്നതിനുശേഷം ഇന്ത്യൻ പ്രസിഡന്റ്റിന്റെ കസേരയിൽ വരെ എത്തിയ കലാമിനെ പോലുള്ളവരെ 'റോൾ മോഡലായി' സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം.
ഇന്നിപ്പോൾ മലയാളികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടാൽ, ഫലസ്തീനിൽ നിന്നാണ് പലരുടേയും കഞ്ഞിക്കുള്ള വക കിട്ടുന്നെന്ന് തോന്നും. അത്രമാത്രമാണ് സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്ന ഫലസ്തീൻ അനുകൂല പോസ്റ്റുകൾ. ഫലസ്തീൻ ചിലർക്കൊക്കെ ജീവന്മരണ പ്രശ്നമാകുന്നത് അതിൽ മതം കലരുമ്പോൾ മാത്രമാണെന്നുള്ളത് നഗ്‌നമായ യാഥാർഥ്യം മാത്രമാണ്. ഹമാസിനെ പോലെ മതം കുത്തിതിരുകി തീവ്രവാദം പ്രചരിപ്പിക്കുന്നവർ ലോകത്ത് ഇന്നേവരെ ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ല. മത തീവ്രവാദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മാത്രം നോക്കിയാൽ മതി. 2021-ലെ കോവിഡ്-19 കാലത്തുപോലും പാക്കിസ്ഥാനിൽ അനേകം ബോംബുകൾ പൊട്ടി. അഫ്ഗാനിസ്ഥാനിൽ അമ്പതിലേറെ സ്‌കൂൾ കുട്ടികൾ അന്ന് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. അപ്പോഴൊന്നും കേരളത്തിൽ ആരും ഫലസ്തീന്റെ കാര്യത്തിലെന്നതുപോലെ 'സേവ് അഫ്ഗാനിസ്ഥാൻ' എന്നു പറഞ്ഞു ക്യാമ്പയിൻ നയിക്കുന്നത് കണ്ടില്ല.
ഫലസ്തീൻ വിഷയം വേറെ; മതരാഷ്ട്ര സിദ്ധാന്തം വേറെ. ഇത് എന്നാണാവോ കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ മനസിലാക്കാൻ പോകുന്നത്? ഫലസ്തീൻ വിഷയം അടിസ്ഥാനപരമായി ഫലസ്തീൻ കമ്യൂണിറ്റിയും ഇസ്രയേലും തമ്മിലുള്ള ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ മേധാവിയായിരുന്ന യാസർ അറാഫത്തിന്റെ അവസാന കാലത്ത് ഇസ്രയേലുമായി ഒരു രാഷ്ട്രീയ പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചിരുന്നു. യാസർ അറാഫത്തിനെ മിലിട്ടറി യൂണിഫോമിൽ തന്നെ ഇന്ത്യ പല തവണ സ്വാഗതം ചെയ്തിട്ടുമുണ്ട്.
ഇന്ത്യയുടെ വിദേശ നയത്തിൽ 2014-ലെ നരേന്ദ്ര മോദി സർക്കാർ വന്നതിനുശേഷം മാറ്റം വന്നിട്ടുണ്ടെങ്കിലും ഫലസ്തീൻ ജനതയെ പൂർണമായും അവഗണിക്കുന്ന രീതിയിലുള്ള മാറ്റമൊന്നും വന്നിട്ടില്ല. പണ്ട് ഇന്ത്യയിൽ യാസർ അറാഫത്തിന് രാഷ്ട്ര തലവൻ എന്ന ബഹുമതി കൊടുത്ത് അദ്ദേഹത്തിന്റെ ഡ്രസ്സ് കോഡിന്റെ ഭാഗമായ റിവോൾവർ ഉൾപ്പടെ അംഗീകരിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. പ്രധാന മന്ത്രി രാജീവ് ഗാന്ധിയും മറ്റനേകം ഇന്ത്യൻ നേതാക്കളും പരമ്പരാഗത രീതിയിൽ യാസർ അറാഫത്തിനെ മൂന്നു തവണ ആലിംഗനം ചെയ്തു സ്വീകരിച്ചിട്ടുമുണ്ട്.
പക്ഷെ അതേ ഇന്ത്യ ഒരിക്കലും ഹമാസിനെ സ്വാഗതം ചെയ്യില്ല. താലിബാൻ, ബൊക്കോ ഹറാം, അൽ ഖൊയ്ദ, ഇസ്ലാമിക് സ്റ്റെയ്റ്റ് പോലുള്ള ഒരു തീവ്രവാദ സംഘടനയാണ് ഹമാസ് എന്നതാണ് അതിനുള്ള കാരണം. ജൂത വിരോധവും, അന്യ മത വിരോധവുമാണ് ആത്യന്തികമായി ഹമാസിനെ പോലുള്ള തീവ്രവാദ സംഘടനകളുടെ പ്രേരക ശക്തി. നൂറുകണക്കിന് സ്ത്രീകളേയും കുഞ്ഞുങ്ങളേയും ബന്ദികളാക്കിക്കൊണ്ട് ഇസ്രയേലിനെതിരേ ഹമാസ് ഇപ്പോൾ നടത്തുന്ന യുദ്ധം ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും, 'സിമ്പതൈസേഴ്‌സിൽ' നിന്നും ഫണ്ട് സ്വരൂപീക്കുവാൻ ഹമാസ് നടത്തുന്ന യുദ്ധവും, 'ഇരവാദ പ്രചാരണവും' ആത്യന്തികമായി ഒന്നും നേടിതരുന്നില്ല. ഈ ഹമാസ് നയിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ സമാധാന പ്രിയരായ ആർക്കും അംഗീകരിക്കുവാൻ സാധ്യമല്ല. അനേകം ഗൾഫ് രാജ്യങ്ങൾ ഹമാസിനെ അംഗീകരിക്കുന്നില്ല എന്നതും കൂടി കാണണം. അതേ സമയം യു.എ.ഇ., സൗദി അറേബ്യാ - ഇവരൊക്കെ ഇസ്രയേലിനെ അംഗീകരിച്ചു കഴിഞ്ഞു.
പശ്ചിമേഷ്യൻ പ്രദേശങ്ങളിലും ആഫ്രിക്കയിലുമുള്ള സൗദി അറേബ്യ, യു.എ.ഇ., ഈജിപ്റ്റ്, മൊറോക്കോ മുതലായ ഇസ്ലാമിക രാജ്യങ്ങൾക്ക് ഈ ഹമാസ്, ഐസിസ്, അൽ ഖൊയ്ദ - തുടങ്ങിയ ഇസ്ലാമിക തീവ്രവാദങ്ങളോട് അശേഷം താൽപ്പര്യമില്ല. കാരണമെന്തെന്നുവച്ചാൽ, അവരൊക്കെ ഇപ്പോൾ ആധുനികവൽക്കരണത്തിന്റെ പാതയിലാണ്. സൗദിയിൽ ഇപ്പോൾ ഇസ്ലാമിന് ഹറാമായ മദ്യ വിൽപ്പനയും തുടങ്ങിക്കഴിഞ്ഞു. ബഹിരാകാശത്ത് സ്ത്രീകളെ വിടൽ, സ്ത്രീകൾ മാത്രം ഉൾപ്പെട്ട 'വിമാന ക്രൂ', 'ബ്യുട്ടി കോണ്ടെസ്റ്റ്' - ഇവയൊക്കെ സൗദിയും യു.എ.ഇ.-യും നേരത്തെ തന്നെ പരീക്ഷിച്ചതാണ്. സൗദിയിൽ ഈ 2024 മെയ് മാസം സ്വിം സ്യൂട്ട് ഫാഷൻ ഷോയും, ബോഡി ബിൽഡേഴ്‌സിന്റെ മിസ്റ്റർ യൂണിവേഴ്സ് മത്സരവും നടന്നുകഴിഞ്ഞു.
സൗദിയിൽ ഇപ്പോൾ മദ്യവിൽപ്പന പരസ്യമായി തുടങ്ങിയെന്നേയുള്ളൂ; പണ്ടേ അവിടെ മദ്യം ബ്‌ളാക്കിൽ ഇഷ്ടം പോലെ കിട്ടുമായിരുന്നു എന്നാണ് അനുഭവസ്ഥർ പറഞ്ഞിട്ടുള്ളത്. ഇങ്ങനെയൊക്കെ ആധുനികവൽക്കരണം പല ഇസ്ലാമിക രാജ്യങ്ങളിൽ വരുമ്പോൾ, ഇവിടുത്തെ അങ്ങേയറ്റം 'കൺസർവേറ്റിവ്' ആയുള്ള ഇസ്ലാമിസ്റ്റുകൾ എന്തുചെയ്യും? അവരുടെ മൂട് താങ്ങികളായ ഇടതുപക്ഷക്കാരുടെ സ്ഥിതിയാണ് അതിലേറെ കഷ്ടം. ഹമാസിന് വേണ്ടി കുഴലൂതുന്ന കേരളത്തിലെ ഇടതുപക്ഷക്കാർക്ക് ഇറാൻ ഒരു തുണി കഷ്ണത്തിന്റെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ഞൂറോളം സ്ത്രീകളെ വധിച്ചപ്പോൾ ഒരു മിണ്ടാട്ടവും ഇല്ലായിരുന്നു.
കഴിഞ്ഞ വർഷം ഹിജാബിനെതിരേയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഇറാനിൽ സ്ത്രീകൾ സമരം ചെയ്തപ്പോൾ, അഞ്ഞൂറിലേറെ സ്ത്രീകളാണ് അവിടെ കൊല്ലപ്പെട്ടത്. ഇറാനിലെ മത ഭരണകൂടം അവിടെ ചില സ്ത്രീകളെയൊക്കെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ വളരെ ക്രൂരമായി അടിച്ചടിച്ചാണ് കൊന്നത്. സ്ത്രീകളിൽ വ്യഭിചാരം ആരോപിച്ച് കല്ലെറിഞ്ഞു കൊല്ലുന്ന രീതിയും ഇറാനിൽ ഉണ്ട്. ഇതൊന്നും കാണാതെ ഇസ്ലാമിക മത മൗലിക വാദത്തിനു വേണ്ടി കൊട്ടിപ്പാട്ടും, കുഴലൂത്തും നടത്തുന്നവരോട് സത്യത്തിൽ സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)