മക്കള്‍ നല്ല കുട്ടികളായി വളരണമെന്നും നന്നായി പെരുമാറണമെന്നും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ വാക്കുകള്‍ ആദ്യം നിയന്ത്രിക്കുക; ഈ അഞ്ചു സെന്റസന്‍സുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മക്കള്‍ പെരുമാറ്റ ദൂഷ്യമുള്ളവരാകും

മക്കള്‍ നല്ല കുട്ടികളായി വളരണമെന്നും നന്നായി പെരുമാറണമെന്നും ആഗ്രഹിക്കുന്നുണ്ടോ?

Update: 2025-06-24 05:46 GMT

ലണ്ടന്‍: കുട്ടികള്‍ സത്സ്വഭാവികളായി വളരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അഞ്ച് വാക്കുകള്‍ അവരുടെ സംസാരത്തില്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഒരു ശിശുമാനസികാരോഗ്യ വിദഗ്ധ പറയുന്നു. പാരന്റിംഗ് പരിശീലക കൂടിയായ റീം റൗഡ, വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനു ശേഷം പറയുന്നത് തെറ്റ് ചെയ്ത കുട്ടികളെ ഭയപ്പെടുത്തുന്നതോ, കടുത്ത ശിക്ഷകള്‍ നല്‍കുന്നതോ ഒരിക്കലും ഗുണം ചെയ്യില്ല എന്നാണ്. അതിനു പകരമായി കുട്ടികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ ഉപയോഗിക്കണം എന്നാണ് അവര്‍ പറയുന്നത്.

'അത് നിര്‍ത്തുക' തുടങ്ങിയ ആജ്ഞകളോ, 'നീ അത് ചെയ്തില്ലെങ്കില്‍ നിന്നെ...' തുടങ്ങിയ ഭീഷണികളോ തര്‍ക്കിക്കാനുള്ള വാസനയുള്ള കുട്ടികളെ കൂടുതല്‍ പ്രകോപിപ്പിച്ചേക്കാം എന്ന് അവര്‍ പറയുന്നു. സ്വന്തം കുട്ടികളെ വളര്‍ത്തിയതിന്റെ അനുഭവത്തിലും, ഗവേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലും റീം പറയുന്നത് അഞ്ച വാചകങ്ങള്‍ കുട്ടികള്‍ ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ്. അതില്‍ ആദ്യത്തേത്, 'ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട്' എന്നതാണെന്നും അവര്‍ പറയുന്നു.

ഞാന്‍ പറഞ്ഞതുകൊണ്ട് നീ അങ്ങനെ തന്നെ ചെയ്യണം എന്നത് കുട്ടികളുടെ ആശയവിനിമയ സാധ്യതയെ ഇല്ലാതെയാക്കും എന്ന് അവര്‍ പറയുന്നു. മാത്രമല്ല, അന്ധമായ അച്ചടക്കം അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു പകരമായി, 'ഈ തീരുമാനം നിനക്ക് ഇഷ്ടമില്ലെന്നറിയാം, എന്നാല്‍, എന്തുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് വിശദമാക്കാം.' എന്ന് പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കണം എന്നാണ് അവര്‍ പറയുന്നത്. ഇത് കുട്ടിക്ക് താന്‍ ബഹുമാനിതനായി എന്ന തോന്നലുണ്ടാക്കും എന്നും അവര്‍ പറയുന്നു.

'നീ ഈ പറയുന്നത് കേട്ടില്ലെങ്കില്‍, നിനക്ക് (ഏതെങ്കിലും ഒരു പരിഗണനയോ സമ്മാനമോ) കിട്ടില്ല.' എന്നതാണ് ഒഴിവാക്കേണ്ട രണ്ടാമത്തെ വാക്യം. അതിനു പകരമായി, 'ഞാന്‍ പറയുന്നത് പോലെ ചെയ്യാന്‍ നീ എപ്പോഴാണ് തയ്യാറാകുന്നത് . അപ്പോള്‍ ഇത് ലഭിക്കും' എന്ന് പറയണമെന്നാണ് റീം പറയുന്നത്. കാരണം, ആദ്യത്തേതിന് ഒരു ഭീഷണിയുടെ സ്വരമാണുള്ളത്.അത് ഒരുപക്ഷെ കുട്ടികളെ കൂടുതല്‍ പ്രതിരോധ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചേക്കാമെന്ന് ശിശു മാനസികാരോഗ്യ വിദഗ്ധ കൂടിയായ അവര്‍ പറയുന്നു.

ഇനി ഒഴിവാക്കേണ്ടത്,' കരച്ചില്‍ നിര്‍ത്ത്, ഇല്ലെങ്കില്‍ ശിക്ഷ കിട്ടും' എന്നുള്ളതാണ്. അതിനു പകരമായി സ്നേഹത്തോടെ ' നീ എന്തിനാണ് വിഷമിക്കുന്നത്? ' എന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. കുട്ടികളുടെ വികാരങ്ങളെ അവഗണിക്കുന്നത് നല്ല ഫലം ചെയ്യില്ല എന്ന് അവര്‍ പറയുന്നു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഒരാളുണ്ടെന്ന ബോദ്ധ്യം കുട്ടികള്‍ക്ക് ഉണ്ടാകുമ്പോള്‍ അവര്‍ സ്വമേധയാ കരച്ചില്‍ നിര്‍ത്തും. 'നിന്നോട് എത്ര തവണ ഞാന്‍ ഇത് പറയണം?' എന്നതാണ് ഒഴിവാക്കേണ്ട നാലാമത്തെ വാചകം. അതിനു പകരമായി, ഞാന്‍ ഒരുപാട് തവണ ഇക്കാര്യം പറഞ്ഞതല്ലെ, ഇത് ചെയ്യാന്‍ എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിക്കണം.

'നിനക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമല്ലോ.' എന്നതാണ് ഒഴിവാക്കേണ്ട അവസാനത്തെ വാചകം. ഇങ്ങനെ പറയുന്നത് ഒരുപക്ഷെ കുട്ടിക്ക് അവഹേളനമായി തോന്നിയേക്കാം. അവന്റെ വ്യക്തിത്വത്തിനു നേരെയുള്ള സംശയപ്രകടനമായി ഇതിനെ കണ്ടേക്കാം. അതുകൊണ്ടു തന്നെ, അത് പറയാതെ, കഴിവ് മുഴുവന്‍ പ്രകടിപ്പിക്കുന്നതിന് നിനക്ക് എന്തോ തടസ്സമാകുന്നുണ്ടല്ലോ? നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം' എന്നാണ് പറയേണ്ടത്. ഇത്, ഒരു ശിക്ഷകന്‍ എന്ന നിലയില്‍ നിന്നും, മാറി ഒരു പങ്കാളി എന്ന നിലയില്‍ നിങ്ങളെ കാണാന്‍ കുട്ടിയെ സഹായിക്കുമെന്നും റീം പറയുന്നു.

Tags:    

Similar News