പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും; ജൂലൈ 29 രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചക്കായി പതിനാറ് മണിക്കൂര്‍ സമയം നീക്കിവെച്ചു; പ്രധാനമന്ത്രി മോദി സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് മോദി മറുപടി നല്‍കുമോ?

പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും

Update: 2025-07-23 13:35 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര പരിശീലനകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. ജൂലൈ 29 ചൊവ്വാഴ്ചയാണ് രാജ്യസഭയില്‍ ചര്‍ച്ച നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു മറുപടിയായാണ് കരവ്യോമനാവിക സേനകളുടെ നേതൃത്വത്തില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

പാക്കിസ്ഥാനില്‍ നടത്തിയ സായുധ സേനയുടെ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു വിഷയത്തില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞുമാറില്ലെന്നും സഭ സുഗമമായി നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനല്‍കി.

തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്. സര്‍വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സഭയുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഏകോപനം ഉണ്ടായിരിക്കണം അദ്ദേഹം വ്യക്തമാക്കി.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. പുറത്തല്ല, പാര്‍ലമെന്റിനകത്ത് സര്‍ക്കാര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വതന്ത്രമായ സംവാദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും റിജിജു ഊന്നിപ്പറഞ്ഞു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു മറുപടിയായാണ് കരവ്യോമനാവിക സേനകളുടെ നേതൃത്വത്തില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാക്കിസ്ഥാനില്‍ നടത്തിയ സായുധ സേനയുടെ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.

ഈ ആഴ്ച പ്രധാനമന്ത്രി യുകെ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്ത്യയും യുകെയുമായുള്ള നിര്‍ണായകമായ വ്യാപാര കരാറില്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. യുകെ സന്ദര്‍ശനം കാരണമാണ് ചര്‍ച്ച അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ചും, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ കുറിച്ചും രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിച്ചേക്കുമെന്നാണ് സൂചന.

Tags:    

Similar News