യാത്ര എമിറേറ്റ്‌സിന്റെ എന്‍സ്യൂട്ട് പ്രൈവറ്റ് ജെറ്റില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എന്നപോലെ; നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കറക്കം; ചെലവ് ഒന്നരക്കോടിയാകുമെങ്കിലും 12 ദിവസത്തെ ഈ ടൂര്‍ പാക്കേജിനോളം അടിപൊളി ഒന്നുമില്ലെന്ന് അനുഭവസ്ഥര്‍
യാത്ര എമിറേറ്റ്‌സിന്റെ എന്‍സ്യൂട്ട് പ്രൈവറ്റ് ജെറ്റില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എന്നപോലെ
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും മഹത്തായ വിനോദയാത്ര എന്നാണ് അത് അറിയപ്പെടുന്നത്. ഈ യാത്രയില്‍ പങ്കെടുത്ത അതിഥികളുടെ ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന്. നിരവധി ആഡംബര വിനോദയാത്രകള്‍ ഒരുക്കിയ റോര്‍ ആഫ്രിക്ക എന്ന കമ്പനിയാണ് ഇതും ഒരുക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനി യാത്രക്കായി ഈടാക്കുന്ന തുക 1,65,000 ഡോളര്‍ (1,29,000 പൗണ്ട്) ആണ്.
യാത്രയിലെ ആഡംബരങ്ങള്‍ ആസ്വദിക്കുന്ന കാര്യം ചിന്തിച്ചാല്‍ ഈ തുക അത്ര വലിയ തുകയൊന്നുമല്ല. ഫസ്റ്റ് ക്ലാസ്സില്‍ ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളായിരിക്കും യാത്രയില്‍ ഉടനീളം നിങ്ങള്‍ക്ക് ലഭിക്കുക. ആഫ്രിക്കയിലെ, ഏറ്റവും പ്രിയപ്പെട്ട നാല് വിനോദകേന്ദ്രങ്ങളാണ് 12 ദിവസത്തെ ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിംബാബ്വേയിലെ വിക്‌റ്റോറിയ വെള്ളച്ചാട്ടം, ബോത്സ്വാനയിലെ ഒക്കവാംഗോ ഡെല്‍റ്റ, കെനിയയിലെ ദി ഗ്രെയ്റ്റ് മൈഗ്രേഷന്‍, റുവാണ്ടയിലെ ഹോം ഓഫ് മൗണ്ടന്‍ ഗറില്ലാസ് എന്നിവയാണ് അവ.
എമിരേറ്റ്‌സിന്റെ എക്സിക്യൂട്ടീവ് സ്വകാര്യ ജറ്റിലായിരിക്കും യാത്രക്കാരെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോവുക. ഷവര്‍ സ്പാ, ലോഞ്ച്, ഡൈനിംഗ് ഏരിയകള്‍ എന്നിവയോടു കൂടിയ വെറും 10 സ്വകാര്യ കാബിനുകളാണ് പ്രത്യേകം തയ്യാറാക്കിയ ഈ എയര്‍ബസ് എ 319 ല്‍ ഉള്ളത്. ദുബായില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് തന്നെ വിളിക്കാവുന്ന ഈ യാത്രയുടെ വിവിധ ചിത്രങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടുണ്ട്.