തൃശൂർ: വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരി ബംബർ ഹിറ്റ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വനയാത്രയിൽ പങ്കാളികളാവാൻ വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്.

തൊട്ടടുത്തുസുരക്ഷിതമായി വന്യമൃഗങ്ങളെയും പക്ഷികൂട്ടങ്ങളെയും ഭീമൻ മലമ്പാമ്പുകളെയുമൊക്കെ അവസരം ലഭിക്കുന്നു എന്നതാണ് യാത്രയുടെ പ്രധാന സവിശേഷത. ആരുടെയും മനംകവരുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം തൊട്ടടുത്തുനിന്ന് കാണാനുള്ള അവസരവും യാത്രവഴി ലഭ്യമാവും.

പ്ലാന്റേഷൻ കോർപ്പറേഷന്റെ 9-ാം ബ്ലോക്കിൽ ഉൾപ്പെടുന്ന ആതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിക്കുന്ന യാത്ര 18 കിലോമീറ്ററോളം പിന്നിട്ടാണ് അവസാന പോയിന്റായ ആനക്കല്ലിൽ എത്തുന്നത്. ഇവിടെയാണ് സഞ്ചാരികൾക്ക് അൽപസമയം വിശ്രമത്തിന് അവസരം ഒരുക്കിയിട്ടുള്ളത്. ലഘുഭക്ഷണവും വെള്ളവും ഇവിടെ നിന്നും ലഭി്ക്കും.

ആന, കാട്ടുപോത്ത്, മ്ലാവ്, വേഴാമ്പൽ, മയിൽ, മലയണ്ണാൻ എന്നിവയെല്ലാം വാഹനം കടന്നുപോകുന്ന പ്രദേശങ്ങളിലെ നിറ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. കരടി,പുലി എന്നിവ വല്ലപ്പോഴുമൊക്കെ പാതയോരത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

ആനക്കല്ലിനോട് അടുത്താണ് ആതിരപ്പിള്ളി വെള്ളച്ചാട്ടിന്റെ മറുപുറം കാണാൻ സന്ദർശകർക്ക് അവസരം ലഭിക്കുക. വനപാതയിലുടെ ഏതാണ്ട് 150 മീറ്റളോളം നടന്നാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത്, താഴ്ഭാഗത്തെത്താം. നിരവധി സിനിമകളുടെ ഗാനചിത്രീകരണം ഈ ഭാഗത്ത് നടന്നിട്ടുണ്ട്.

ജീപ്പ് നിർത്തുന്ന ഭാഗത്ത് നിന്നാൽ പരന്നൊഴുകുന്ന പുഴ, പാറയിടുക്കിലൂടെ താഴേയ്ക്ക് പതിക്കുന്ന മനോഹര ദൃശ്യം ആസ്വദിക്കാം. യാത്രയ്ക്കിടയിൽ വനമധ്യത്തിൽ ഏദേശം 30 മീറ്ററോളം ഉയരത്തിൽ വലിയ മരത്തിൽ തീർത്തിട്ടുള്ള ഏറുമാടത്തിൽ കയറുന്നതിനും ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിക്കുന്നതിനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്ലാന്റേഷൻ കോർപ്പറേഷൻ പാട്ടത്തിനെടുത്തിട്ടുള്ള തോട്ടങ്ങളിലൂടെയാണ് യാത്ര മുന്നോട്ടുപോകുന്നത്. തോട്ടങ്ങൾ എന്നാണ് പറയുന്നതെങ്കിലും കാഴ്ചയിൽ നിബിഡ വനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക. ആനക്കൂട്ടങ്ങളുടെ പ്രധാന താവളമാണ് ഈ തോട്ടങ്ങൾ. പാതയുടെ ഇരുപുറത്തും ഒട്ടുമിക്ക സമയങ്ങളിലും ആനകളെ കാണാം.

യാത്രയിൽ കുറച്ചുഭാഗം മാത്രമാണ് ടാർ റോഡുള്ളത്. പിന്നീട് യാത്ര അവസാനിക്കുന്ന ആനക്കല്ല് ക്യാമ്പ് സ്റ്റേഷൻ വരെ ഓഫ് റോഡ് യാത്രയാണ് സാധ്യമാവുക.

ചാലക്കൂടി പുഴയുടെ തീരപ്രദേശത്തുകൂടി കൂടിയാണ് പാത കടന്നുപോകുന്നത്. പുഴയിലെ പാറപ്പുറത്ത് മുതലകൾ വിശ്രമിക്കുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. ജീപ്പ് സഫാരി്ക്ക് പുറമെ നാടുകാണി മലയിലേക്ക് ട്രക്കിംഗും ചാലക്കുടി പുഴയോരത്ത് ക്യാമ്പിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

ആറ് പേർ അടങ്ങുന്ന സംഘത്തിന് പതിനായിരം രൂപയും ഒരാൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമാണ് സഫാരിയുടെ ഫീസ് നിരക്ക്. യാത്രയ്ക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ- 8547601991