- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിയോ കരച്ചിലോ തുടങ്ങിയാല്‍ നിര്‍ത്താനാകില്ല; നീണ്ടുനില്‍ക്കുക 20 മിനുറ്റോളം; നടി അനുഷ്‌ക ഷെട്ടിയ ബാധിച്ച അപൂര്വ്വ രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയാം
തിരുവനന്തപുരം: ചലചിത്ര താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമൊക്കെ ആരോഗ്യവിവരങ്ങള്‍ എ്ന്നും ചര്‍ച്ചയാകാറുണ്ട്.തങ്ങള്‍ക്കുണ്ടാകുന്ന ശാരീര ബുദ്ധിമുട്ടുകളും അപൂര്‍വ്വരോഗാവസ്ഥകളും ഒക്കെ താരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെക്കാറുമുണ്ട്.ഇത്തരത്തില്‍ സമന്ത, ശ്രുതി ഹാസന്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയ താരങ്ങളെല്ലാം അവരുടെ പ്രത്യേക രോഗാവസ്ഥയെക്കുറിച്ച് പലപ്പോഴായി തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു.ഇതിന് പിന്നാലെ തന്റെ അപൂര്വ്വ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി.
ഏതൊരു മനുഷ്യനും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നമുക്ക് ബുദ്ധിമുട്ടായാലോ..അത്തരമൊരു അവസ്ഥയാണ് ഇപ്പോള്‍ താരത്തെ ബാധിച്ചിരിക്കുന്നത്.ചിരിക്കാന്‍ കഴിയുക എന്നത് മനോഹരമായ കാര്യമാണ്. മാനസിക-ശാരീരിക ആരോഗ്യത്തിന് ചിരിയുടെ സ്ഥാനം വലുതാണ്. എന്നാല്‍ ചിരി തുടങ്ങി നിര്‍ത്താന്‍ കഴിയാതിരുന്നാലോ മാത്രമല്ല അനവസരത്തില്‍ ചിരി വന്നലോ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമാണ്.അതാണ് ഇപ്പോള്‍ അനുഷ്‌കയെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥ.ചിരിയായാലും കരച്ചിലായാലും തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ല.നീണ്ടുനില്‍ക്കുന്നതാകട്ടെ 20 മിനുട്ടോളവും.
ചിരിയുമായി ബന്ധപ്പെട്ടുള്ള രോഗമാണ് തന്റേതെന്നു പറഞ്ഞാണ് അനുഷ്‌ക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാം. ചിരി ഒരു പ്രശ്നമാണോ എന്നൊക്കെ. എന്നാല്‍ തനിക്ക് ചിരി ഒരു പ്രശ്നമാണ്. ചിരി തുടങ്ങിയാല്‍ പതിനഞ്ചുമുതല്‍ ഇരുപതു മിനിറ്റോളം തനിക്കത് നിര്‍ത്താന്‍ കഴിയില്ല.ഇത് ഷൂട്ടിങ്ങിനെ വരെ ബാധിക്കുന്നുവെന്നും അനുഷ്‌ക പറയുന്നു.
അനുഷ്‌കയുടെ പേഴ്സണല്‍ ട്രെയിനര്‍ ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.ചിരി നിയന്ത്രിക്കാന്‍ കഴിയാത്തത് ഒരു രോഗമാണോ എന്നായിരിക്കും പലരുടെയും ചിന്ത.എന്നാല്‍ ഇത് ഒരു രോഗമാണെന്നും സ്യൂഡോബള്‍ബര്‍ അഫക്ട് എന്നാണ് ഈ രോഗത്തിന്റെ പേരെന്നതുമാണ് വാസ്തവം.
എന്താണ് സ്യൂഡോബള്‍ബര്‍ അഫക്ട്?
തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് സ്യൂഡോബള്‍ബര്‍ അഫക്ട്. ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്. പക്ഷാഘാതം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്(എഎല്‍എസ്),ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജുറി, അല്‍ഷിമേഴ്‌സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു.
രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. ഒരു വ്യക്തി ദുഃഖകരമായ സാഹചര്യത്തില്‍ ചിരിക്കുകയോ സന്തോഷകരമായ അവസ്ഥയില്‍ കരയുകയോ ചെയ്യാം. ഇത് ഏതാനും സെക്കന്‍ഡ് മുതല്‍ മിനിറ്റുകള്‍വരെ തുടരാം. എന്താണ് സംഭവിക്കുകയെന്നത് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചേക്കാം. ഇത് ഉത്കണ്ഠ, വിഷാദം, സാമൂഹികമായ ഇടപെടലുകളില്‍നിന്ന് വിമുഖത എന്നിവ സൃഷ്ടിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ചിലതരം നാഡീതകരാറുകളോ അപകടങ്ങളോ ഉണ്ടായിട്ടുള്ളവരിലാണ് കൂടുതലായും കണ്ടുവരുന്നത്. മസ്തിഷ്‌കം വികാരങ്ങളെ നിയന്ത്രിക്കുന്നതിനെ ബാധിക്കുന്ന ഇവിടെ സംഭവിക്കുന്നത്.
എപ്പോള്‍ മുതല്‍ ശ്രദ്ധിച്ചു തുടങ്ങണം
അനവസരത്തില്‍ ചിരിയോ കരച്ചിലോ വരുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ കഴിയാത്തതായി തോന്നിയാലും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്. ചിരിയെക്കാള്‍ കരച്ചിലാണ് പി.ബി.എ ബാധിച്ചവരില്‍ കണ്ടുവരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.രോഗം ബാധിച്ചവരില്‍ ഉറക്കക്കുറവോ, വിശപ്പില്ലായ്മയോ കാണണമെന്നില്ല. വിഷാദമായി രോഗത്തെ തെറ്റിദ്ധരിക്കുകയുമരുത്.രോഗത്തേക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതിനാല്‍ മികപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്.
സ്യൂഡോബള്‍ബര്‍ അഫെക്റ്റിന്റെ പ്രധാനലക്ഷണം ഇടയ്ക്കിടെ അനിയന്ത്രിതമായി വരുന്ന ചിരിയോ കരച്ചിലോ ആണ്. ചിരി ചിലപ്പോള്‍ കരച്ചിലിലേക്കും വഴിമാറാം.ചിരിയേക്കാള്‍ നിയന്ത്രിക്കാനാവാത്ത കരച്ചിലാണ് ഇവിടെ കൂടുതല്‍ പ്രകടമാവാറുള്ളത്. ഏതാനും നിമിഷങ്ങളോളം ഈ വികാരങ്ങള്‍ നീണ്ടുനില്‍ക്കാം. വളരെ ചെറിയ കാര്യങ്ങളില്‍പ്പോലും ചിരിയോ, കരച്ചിലോ നിര്‍ത്താനാവാതെ വരാം.കരച്ചിലിന്റെ തോത് കൂടുതലായതിനാലാണ് പലപ്പോഴും വിഷാദവുമായി ബന്ധപ്പെടുത്തുന്നത്്.
എന്നാല്‍ വിഷാദം നീണ്ടുനില്‍ക്കുന്ന മാനസികാവസ്ഥയാണ്.വിഷാദേരാഗികളിലേതുപോലെ ഉറക്കക്കുറവ്,വിശപ്പില്ലായ്മ തുടങ്ങിയവയൊന്നും സ്യൂഡോബള്‍ബര്‍ രോഗികളിലുണ്ടാവില്ല.രോഗലക്ഷണം ഉണ്ടെന്ന് തോന്നിയാല്‍ വിദഗ്ധചികിത്സ തേടുന്നതാണ് നല്ലത്. ന്യൂറോസൈക്കോളജിസ്റ്റുകള്‍, ന്യൂറോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍ തുടങ്ങിയവരാണ് രോഗനിര്‍ണയം നടത്തുക.
ബുദ്ധിമുട്ടുകള്‍
ചിരി, കരച്ചില്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഒരു കൂട്ടത്തില്‍ ഒറ്റപ്പെടാനും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടാനും ഉത്കണ്ഠയ്ക്കുമൊക്കെ കാരണമാകും. ചിലപ്പോള്‍ ദൈനംദിനജോലികളെ വരെ ബാധിക്കാനും സാധ്യതയുണ്ട്.അനുഷ്‌കയ്ക്ക് ഷൂട്ടിങ്ങ് വരെ തടസ്സപ്പെടാന്‍ കാരണമായെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കാരണങ്ങള്‍
നാഡീസംബന്ധമായ പരിക്കുകളും തകരാറുകളും ഉള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്.സ്ട്രോക്ക്,അമിയോട്രേഫിക് ലാറ്റെറല്‍ സ്‌ക്ലിറോസിസ്,മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്,ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജുറി,അള്‍ഷൈമേഴ്സ് ഡിസീസ്,പാര്‍ക്കിന്‍സണ്‍സ് ഡിസീസ്,
തുടങ്ങിയവ ഉള്ളവരില്‍ കൂടുതലായി കാണാറുണ്ട്.ചില തരം മരുന്നുകള്‍ ന്യൂറോട്രാന്‍സ്മിറ്റര്‍ തോതിനെ ബാധിക്കുന്നതും ഇത്തരം ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. ജനിതകപരമായും ഈ രോഗം വരാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചികിത്സാ രീതികള്‍
പലപ്പോഴും പ്രായമായവരിലാണ് ഈ രോഗാവസ്ഥ കണ്ടു വരുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.പിബിഎയ്ക്കുള്ള ചികിത്സ ലക്ഷണങ്ങളെ നിയന്ത്രിച്ച് വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കൃത്യമായ ചികിത്സ പദ്ധതി ഈ രോഗത്തിന് ലഭ്യമല്ല. ആന്റി-ഡിപ്രസന്റ് മരുന്നുകളും ന്യൂറോട്രാന്‍സ്മിറ്ററുകളെ സ്വാധീനിക്കുന്ന മരുന്നുകളും കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയുമൊക്കെ ഇതിനായി ഉപയോഗിക്കാറുണ്ട്