കള്ള് കുടി പോലുമില്ലാത്ത മനുഷ്യൻ; എത്ര ജോലി ഉണ്ടെങ്കിലും കൃത്യമായി ആരോഗ്യം പരിപാലിക്കുന്ന സ്വഭാവം; മൂന്ന് ദിവസം മുമ്പെടുത്ത 'ഇസിജി'യും പെർഫെക്റ്റ് ഓക്കേ..; എന്നിട്ടും പുതുവർഷം പിറക്കാനിരിക്കെ കുടുംബത്തിനെ ഞെട്ടിച്ച് അയാളുടെ മരണം; സത്യത്തിൽ..ആ ഡോക്ടർക്ക് എന്താണ് സംഭവിച്ചത്?
നാഗ്പുർ: കഴിഞ്ഞ ദിവസമാണ് പ്രശസ്ത ന്യൂറോ സർജനും 53 വയസുകാരനുമായ ഡോ. ചന്ദ്രശേഖർ പാക്മൊഡെ ഹൃദയാഘാതം മൂലം അന്തരിച്ചത്. ഡിസംബർ 31-ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ഇസിജി പരിശോധനാഫലം സാധാരണ നിലയിലായിരുന്നിട്ടും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്ന ഒരു വ്യക്തിക്ക് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യ വിദഗ്ദ്ധർക്കിടയിലും പൊതുജനങ്ങളിലും ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ്, പതിവ് ഇസിജി പരിശോധനകൾ, ഭക്ഷണക്രമം, ശാരീരികക്ഷമത തുടങ്ങിയ സാധാരണ പരിശോധനകൾക്ക് പുറമെ ഹൃദയാരോഗ്യം ഉറപ്പാക്കാൻ മറ്റെന്തെങ്കിലും ഘടകങ്ങൾ വിലയിരുത്തേണ്ടതുണ്ടോ എന്ന ചോദ്യം ഈ സംഭവത്തോടെ ശക്തമായി ഉയരുകയാണ്.
ഹൃദയാഘാതം ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന അസുഖങ്ങളിൽ ഒന്നാണ്. പ്രതിവർഷം 10 ലക്ഷം മരണങ്ങൾക്ക് ഹൃദയാഘാതം കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. സമയബന്ധിതമായ ചികിത്സ ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിലും, വൈകുന്നത് മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരാവസ്ഥയാണിത്.
ഡോക്ടർമാർക്കും ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോ. രഞ്ജൻ ഷെട്ടിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർദ്ദം, ദീർഘനേരത്തെ ജോലി, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം എന്നിവയാണ് ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന കാരണങ്ങൾ. മറ്റെല്ലാ ആരോഗ്യ ഘടകങ്ങളും സാധാരണ നിലയിലായിരിക്കുമ്പോഴും ഈ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ഡോക്ടർമാർക്കിടയിൽ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മാനസിക സമ്മർദ്ദം ഹൃദയത്തിലെ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുന്ന വീക്കത്തിന് കാരണമാകും. കൂടാതെ, സമ്മർദ്ദം അഡ്രിനാലിൻ പോലുള്ള ഹോർമോണുകളുടെ വർദ്ധനവിന് ഇടയാക്കുന്നു. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും. ഈ അവസ്ഥ ദീർഘകാലം തുടരുന്നത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കാം. കോർട്ടിസോൾ എന്ന മറ്റൊരു സ്ട്രെസ് ഹോർമോൺ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകാറുണ്ട്.
ഹൃദയധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് ഇസിജിക്ക് എപ്പോഴും കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല എന്നത് ശ്രദ്ധേയമാണ്. ഇസിജി ഹൃദയാരോഗ്യം വിലയിരുത്തുന്ന ഒരു പരിശോധനയാണെങ്കിലും, രക്തക്കുഴലുകളിലെ തടസ്സങ്ങൾ പൂർണ്ണമായി തിരിച്ചറിയാൻ ഇതിന് പരിമിതികളുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ, പ്രമേഹമുള്ളവർക്ക് വലിയ രോഗലക്ഷണങ്ങളുണ്ടാകണമെന്നില്ല. അവരുടെ ഇസിജി സാധാരണ നിലയിലുമായിരിക്കാം. Angina(ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം എത്താത്ത അവസ്ഥ) പോലുള്ള വിഷയവും ചിലപ്പോൾ ഇസിജിക്ക് കണ്ടെത്താൻ സാധിക്കണമെന്നില്ല. അതിനാലാണ് ഇസിജിക്ക് പുറമെ troponin protein blood test-ഉം ഡോക്ടർമാർ നിർദേശിക്കുന്നത്. ഇസിജി സാധാരണ നിലയിലാണെങ്കിലും ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് ഈ ടെസ്റ്റ് വ്യക്തമാക്കും.
ഈ ദുരന്ത സംഭവം, പ്രത്യേകിച്ചും സമ്മർദ്ദം നിറഞ്ഞ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളിൽ, ഹൃദയാരോഗ്യം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ രോഗനിർണയ രീതികളെയും ജീവിതശൈലിയിലെ വെല്ലുവിളികളെയും കുറിച്ച് കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്ക് തുടക്കമിടുന്നു.
