ആ ചുവന്ന മണ്ണ് ചേർക്കുന്നതോടെ 'മത്തി'യുടെ നിറം തന്നെ അസാധാരണമായി മാറും; നല്ല നാടൻ റൊട്ടിയോടൊപ്പം ചേർത്ത് കഴിച്ചാൽ സ്വർഗം കാണും; യുദ്ധം തുടങ്ങിയത് മുതൽ വീണ്ടും ചർച്ചയായ 'ഹോർമുസ് കടലിടുക്ക്'; ദ്വീപിൽ നിന്ന് പുറത്തുവരുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങൾ; അറിയാം വിചിത്രമായ മണ്ണിനെ പറ്റി

Update: 2026-03-14 07:44 GMT

ഹോർമുസ്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ യുദ്ധവാർത്തകൾക്കും അന്താരാഷ്ട്ര തർക്കങ്ങൾക്കുമപ്പുറം, ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ഭക്ഷണരീതിയുടെ കൂടി കേന്ദ്രമാണ് ഈ പ്രദേശം. ഹോർമുസ് ദ്വീപുകാർ തങ്ങളുടെ മീൻ വിഭവങ്ങൾ തയ്യാറാക്കാൻ പ്രധാനമായി ഉപയോഗിക്കുന്നത് മണ്ണാണ്! വെറും മണ്ണല്ല, കടും ചുവപ്പ് നിറത്തിലുള്ള ധാതുക്കളടങ്ങിയ പ്രത്യേക തരം മണ്ണാണ് ഇവരുടെ രുചിക്കൂട്ടിലെ രഹസ്യം.

മഞ്ഞളും കുങ്കുമപ്പൂവും വിതറിയതുപോലെ വിവിധ നിറങ്ങളിലുള്ള മണൽതരികൾ നിറഞ്ഞ ഹോർമുസ് ദ്വീപിനെ 'റെയിൻബോ ഐലൻഡ്' എന്നാണ് വിളിക്കാറുള്ളത്. ഇവിടെ സ്വാഭാവികമായി കാണപ്പെടുന്ന 'ഗെലക്' (Gelack) എന്ന ചുവന്ന മണ്ണാണ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. ഈ ദ്വീപിലെ വൈവിധ്യമാർന്ന മണ്ണുകളിൽ ഭക്ഷ്യയോഗ്യമായ ഏക ഇനവും ഇതുതന്നെയാണ്. ഈ മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന വിചിത്രമായ മീൻ സോസിന്റെ പേരാണ് 'സൂരാഘ്' (Suragh).

തലമുറകളായി കൈമാറി വരുന്ന പ്രത്യേക രീതിയിലാണ് ഈ വിഭവം തയ്യാറാക്കുന്നത്:

ആദ്യം ഉപ്പിട്ട് ഉണക്കിയ മത്തി (Sardines) ഒരു ചട്ടിയിൽ നിരത്തി ഏകദേശം രണ്ടാഴ്ചയോളം വെയിലത്ത് വെച്ച് പുളിപ്പിക്കുന്നു.

ഇതിലേക്ക് 'ഗെലക്' എന്ന ചുവന്ന മണ്ണ് ചേർക്കുന്നു. ഇതോടെ വിഭവത്തിന് കടും ചുവപ്പ് നിറം കൈവരുന്നു.

സ്വാദിനായി ഓറഞ്ച് തൊലിയും നാരങ്ങയിലയും ചേർത്ത് വീണ്ടും മൂന്നാഴ്ചയോളം വെയിലത്ത് വെക്കുന്നതോടെ സ്വാദിഷ്ടമായ സൂരാഘ് തയ്യാറാകുന്നു.

വെറുമൊരു ആചാരം എന്നതിലുപരി ഇതിന് പിന്നിൽ ചില ആരോഗ്യപരമായ കാരണങ്ങളും ദ്വീപ് നിവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊടും ചൂടുള്ള ഈ പ്രദേശത്ത് ഭക്ഷണം കേടുകൂടാതെ ദീർഘകാലം ഇരിക്കാൻ മണ്ണിലെ ധാതുക്കൾ സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. കൂടാതെ, ശരീരത്തിന് ആവശ്യമായ ഇരുമ്പ് (Iron) ലഭിക്കാനുള്ള സ്വാഭാവിക വഴിയായും അവർ ഇതിനെ കാണുന്നു.

ദ്വീപിലെ പ്രത്യേക തരം നാടൻ റൊട്ടിയായ 'തോംഷി' (Tomshi) ഒപ്പമാണ് ഈ ചുവന്ന മീൻ സോസ് സാധാരണയായി വിളമ്പാറുള്ളത്. റൊട്ടി ചുട്ടെടുക്കുമ്പോൾ അതിനു മുകളിൽ ഒരു ബ്രഷ് ഉപയോഗിച്ച് സൂരാഘ് തേച്ചുപിടിപ്പിക്കുന്നത് അവിടുത്തെ കാഴ്ചയാണ്. സഞ്ചാരികൾക്ക് ഏറെ കൗതുകം നൽകുന്ന ഈ ചുവന്ന രുചി ഹോർമുസ് ദ്വീപിന്റെ സാംസ്കാരിക അടയാളം കൂടിയാണ്.

Tags:    

Similar News