രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കിയാൽ കാണുന്നത് വീങ്ങിയ കണ്ണുകൾ; ചിലർക്ക് കാഴ്ച മങ്ങും; ഇത്തരം അസാധാരണ മാറ്റങ്ങൾ അവഗണിക്കരുത്; വിദഗ്ധർ പറയുന്നത്

Update: 2026-03-31 10:30 GMT

ക്ഷീണം, ശരീരത്തിലെ നീര്, മൂത്രത്തിലെ വ്യതിയാനങ്ങൾ എന്നിവയാണ് സാധാരണയായി വൃക്കരോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടാറുള്ളത്. എന്നാൽ, നിങ്ങളുടെ കണ്ണുകൾ നൽകുന്ന ചില സൂചനകൾ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പായേക്കാം. പ്രത്യേകിച്ച്, കണ്പോളകൾക്ക് ചുറ്റുമുള്ള തുടർച്ചയായ വീക്കം വൃക്കകളുടെ പ്രവർത്തന തകരാറിനെ, വിശിഷ്യ പ്രോട്ടീനൂറിയയെ, സൂചിപ്പിക്കുന്നു.

വൃക്കകളും കണ്ണുകളും ആരോഗ്യകരമായ രക്തക്കുഴലുകളെയും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെയും ഒരുപോലെ ആശ്രയിക്കുന്നു. അതിനാൽ, ഈ രണ്ട് അവയവങ്ങളിൽ ഒന്നിലുണ്ടാകുന്ന തകരാറുകൾ മറ്റൊന്നിനെ ബാധിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായ വീക്കം, മങ്ങിയതോ ചുവന്നതോ ആയ കണ്ണുകൾ, കാഴ്ചയിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കൂടുതൽ ആഴത്തിലുള്ള വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ പലപ്പോഴും തുടക്കത്തിൽ അത്ര ശ്രദ്ധിക്കപ്പെടാറില്ല. വൃക്കകളുടെ പ്രവർത്തനം കുറയാൻ തുടങ്ങുമ്പോൾ, അത് കാഴ്ചയെയും കണ്ണിലെ ഈർപ്പത്തിന്റെ അളവിനെയും നിറങ്ങൾ കാണുന്ന രീതിയെയും പോലും ബാധിക്കുന്ന നിരവധി മാറ്റങ്ങൾക്ക് കാരണമാകും.

രാത്രി വൈകി ഉറങ്ങുകയോ തലേദിവസം ഉപ്പുകൂടിയ ഭക്ഷണം കഴിക്കുകയോ ചെയ്താൽ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകളിൽ ചെറിയ വീക്കം അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ ദിവസം മുഴുവൻ കണ്ണുകൾ വീർത്തതായി തുടരുകയാണെങ്കിൽ, പ്രത്യേകിച്ചും കണ്പോളകൾക്ക് ചുറ്റും, അത് പ്രോട്ടീനൂറിയയുടെ ലക്ഷണമാകാം. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ, മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ പുറന്തള്ളപ്പെടുന്ന അവസ്ഥയാണിത്. സാധാരണയായി വൃക്കകൾ രക്തത്തിലെ പ്രോട്ടീനുകളെ അരിച്ചെടുത്ത് ശരീരത്തിൽ തന്നെ നിലനിർത്തുകയാണ് ചെയ്യുന്നത്. എന്നാൽ വൃക്കയിലെ ഫിൽട്ടറുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ 'ആൽബുമിൻ' പോലുള്ള പ്രോട്ടീനുകൾ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു.

ശരീരത്തിൽ നിന്ന് പ്രോട്ടീൻ വൻതോതിൽ നഷ്ടപ്പെടുമ്പോൾ, രക്തക്കുഴലുകളിലെ ദ്രാവകത്തിന്റെ അളവ് ക്രമീകരിക്കാൻ പ്രോട്ടീന് സാധിക്കാതെ വരുന്നു. ഇതിന്റെ ഫലമായി ശരീരത്തിലെ മൃദുവായ കോശങ്ങളിൽ ദ്രാവകം കെട്ടിക്കിടക്കാൻ തുടങ്ങും. കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും മൃദുവായതുമായതിനാലാണ് ഇത്തരത്തിലുള്ള വീക്കം അവിടെ ആദ്യം പ്രകടമാകുന്നത്. കാഴ്ച മങ്ങൽ, വസ്തുക്കളെ വ്യക്തമായി കാണാനുള്ള പ്രയാസം, അല്ലെങ്കിൽ ഒന്നിനെ രണ്ടായി കാണുന്ന ഇരട്ടക്കാഴ്ച എന്നിവയും വൃക്കരോഗത്തിന്റെ സൂചനകളാവാം.

Tags:    

Similar News