ആ സാമ്പിളുകൾ മുഴുവൻ പരിശോധിച്ചതും പ്രദേശം മുഴുവൻ ജാഗ്രതയിൽ; കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; കടുത്ത നടപടികൾ സ്വീകരിക്കും

Update: 2026-03-19 06:08 GMT

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ അതീവ ജാഗ്രത പുറപ്പെടുവിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ നല്ലളത്തുമാണ് രോഗബാധ കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിലാണ് പക്ഷിപ്പനിയുടെ H5N1 വകഭേദം സ്ഥിരീകരിച്ചത്.

പക്ഷികളെ കൊന്നൊടുക്കുന്നു: രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും കൊന്നൊടുക്കാൻ  തീരുമാനിച്ചു. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ബാധിത പ്രദേശങ്ങളിലെ മൂന്ന് സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നിലവിൽ വൈറസ് മനുഷ്യരിലേക്ക് പടർന്നതായി റിപ്പോർട്ടുകളില്ല. എങ്കിലും വൈറസ് വ്യാപനം തടയാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുത്.

സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ ആസൂത്രണം ചെയ്യാനും ജില്ലാ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനായി ശുചീകരണ പ്രവർത്തനങ്ങളും നിരീക്ഷണവും കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News