അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത മനുഷ്യ ജീവിതം..; വീട്ടിൽ തനിച്ചിരിക്കുമ്പോൾ പെട്ടെന്ന് 'ഹൃദയാഘാതം' വന്നാൽ നിങ്ങൾ എന്ത് ചെയ്യും?; ഇത് തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്
ഹൃദയാഘാതം പ്രായഭേദമെന്യേ ആരെയും ബാധിക്കാവുന്ന ഗുരുതരമായ അവസ്ഥയാണ്. വീട്ടിൽ ഒറ്റയ്ക്കാകുന്ന സമയത്ത് 'ഹൃദയാഘാതം' സംഭവിക്കുകയാണെങ്കിൽ ജീവൻ രക്ഷിക്കാൻ ഉടനടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സർട്ടിഫൈഡ് കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ നിർണായക നിർദേശങ്ങൾ നൽകി. വൈദ്യസഹായം ഉടൻ ലഭ്യമാകേണ്ടത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും, ഭയന്ന് നിസ്സഹായരാകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം അനുഭവപ്പെടുന്ന പക്ഷം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. ജെറമി ലണ്ടൻ വിശദീകരിക്കുന്നു:
1. അടിയന്തര സഹായം തേടുക: ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ നടപടി അടിയന്തര മെഡിക്കൽ സേവനങ്ങളെ ഉടൻ വിളിക്കുക എന്നതാണ്. അല്ലെങ്കിൽ, വേഗത്തിൽ എത്താൻ കഴിയുന്ന വ്യക്തികളെ വിവരം അറിയിക്കുക.
2. ആസ്പിരിൻ ഉപയോഗിക്കുക: ഹൃദയാഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ ആസ്പിരിൻ ചവയ്ക്കാൻ ഡോ. ലണ്ടൻ ഉപദേശിക്കുന്നു. ഇത് പൂർണ്ണമായി വിഴുങ്ങാതെ ചവയ്ക്കുക. ആസ്പിരിൻ ഹൃദയാഘാതം പൂർണ്ണമായി തടയില്ലെങ്കിലും, അപകട സാധ്യത ലഘൂകരിക്കാൻ സഹായിക്കും. (ആസ്പിരിൻ അലർജിയുള്ളവർ ഇത് ഒഴിവാക്കണം).
3.രക്ഷാപ്രവർത്തകർക്ക് പ്രവേശനം ഒരുക്കുക: രക്ഷാപ്രവർത്തകർക്ക് എളുപ്പത്തിൽ വീട്ടിലേക്ക് പ്രവേശിക്കാൻ വാതിലുകൾ അടച്ചിടാതിരിക്കുക. വീട് പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിൽ ലൈറ്റുകൾ ഓണാക്കുകയും ചെയ്യുക.
4. ശരിയായ ഇരിപ്പ് നില: ബോധം നഷ്ടപ്പെടാനും വീഴാനും സാധ്യതയുള്ളതിനാൽ, ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ഇത് വീഴ്ചയിൽ തലയ്ക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
5. ബന്ധം നിലനിർത്തുക: ഒരു കുടുംബാംഗത്തെയോ അടുത്ത സുഹൃത്തിനെയോ സഹായത്തിനായി വിളിക്കുക. അല്ലെങ്കിൽ, രക്ഷാപ്രവർത്തകർ എത്തുന്നത് വരെ അവരുമായി ഫോൺ ലൈനിൽ തുടരാൻ ഡോക്ടർ ജെറമി നിർദേശിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുന്ന ഒരാൾ ഉണ്ടാകുന്നത് രോഗനിർണയം വേഗത്തിലാക്കാൻ സഹായകമാകും.
വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയാണെങ്കിൽ, ഈ നിർദേശങ്ങൾ പാലിക്കുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുമെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഓരോ വ്യക്തിക്കും ഈ അറിവ് അത്യന്താപേക്ഷിതമാണെന്നും ഡോക്ടർ ജെറമി ലണ്ടൻ ഓർമിപ്പിക്കുന്നു.
