ചുണ്ടിൽ ഈ ചെറു 'മുറിവ്' കണ്ടാൽ പിന്നെ ഉറക്കം പോയെന്ന് വിചാരിച്ചാൽ മതി; ദിവസം കഴിയുതോറും അസഹ്യമായ നീറ്റലും വേദനയും; ഇഷ്ടമുള്ള ആഹാരം കഴിക്കാൻ കൂടി പറ്റാത്ത അവസ്ഥ; വായ്പുണ്ണിന് പിന്നിലെ പ്രധാന കാരണങ്ങൾ അറിയാം; പരിഹാരമെന്ത്?
സാധാരണയായി എല്ലാവരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്‌പ്പുണ്ണ്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഇത്, ഭക്ഷണം കഴിക്കാനും സംസാരിക്കാനും പോലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ചുണ്ടുകളിലും നാക്കിലും കവിളുകളിലുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങൾ കടുത്ത നീറ്റലും വേദനയുമാണ് സൃഷ്ടിക്കുന്നത്.
വായ്‌പുണ്ണ് എന്താണ്?
വായുടെ ഉൾഭാഗത്ത് അടിക്കടി ഉണ്ടാകുന്ന നീർവീക്കം മൂലമുണ്ടാകുന്ന അവസ്ഥയാണ് വായ്‌പുണ്ണ്. പ്രധാനമായും മൂന്നുതരം വായ്‌പ്പുണ്ണുകളാണുള്ളത്:
1. ലഘുവായ വായ്‌പ്പുണ്ണ്: ഇവ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ കാണപ്പെടുന്നു. ചാരനിറത്തിലുള്ള ഒരു പാട ഇവയെ മൂടുന്നു. ചുണ്ടിന്റെ ഉൾഭാഗത്തും കവിളിന്റെ ഉൾഭാഗത്തും നാവിന്റെ അരികിലോ അടിഭാഗത്തോ ആണ് ഇവ കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി രണ്ടാഴ്ചകൊണ്ട് ഇവ പൂർണ്ണമായും മാഞ്ഞുപോകുന്നു. ഇവയുടെ വലുപ്പം 10 മില്ലിമീറ്ററിൽ താഴെയായിരിക്കും.
2. സങ്കീർണ്ണമായ വായ്‌പ്പുണ്ണ്: 10 മില്ലിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള ഇവ അൽപ്പംകൂടി ആഴത്തിൽ കാണപ്പെടുന്നു. ചുണ്ടുകളിലും അണ്ണാക്കിലും മേലണ്ണാക്കിലുമൊക്കെയായി ഇവ രൂപപ്പെടാം. ഇത്തരം വായ്‌പ്പുണ്ണുകൾ ഭേദമാകാൻ ആറാഴ്ചയിലേറെയെടുത്തേക്കാം.
3. കൂട്ടമായി കാണുന്ന തരം (Herpetiform): 2-3 മില്ലിമീറ്റർ വലുപ്പമുള്ള നിരവധി വ്രണങ്ങൾ ഒരുമിച്ചുകാണുന്നതാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. പത്തുമുതൽ നൂറുവരെ വ്രണങ്ങൾ കൂട്ടമായി പ്രത്യക്ഷപ്പെടാം. ഇവ ചുണ്ടുകളിലും നാക്കിലും മോണകളിലുമാണ് കൂടുതലായി കാണാറ്. സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് ഇവ കൂടുതലായി കണ്ടുവരുന്നത്. ഒരു മാസം വരെ ഇവ നീണ്ടുനിൽക്കാറുണ്ട്.
കാരണങ്ങൾ
വിറ്റാമിനുകളുടെ കുറവ്, പ്രതിരോധശേഷി കുറയുന്നത്, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ വായ്‌പ്പുണ്ണ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. എരിവും പുളിയുമുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതും ചിലരിൽ വായ്‌പ്പുണ്ണ് വരാൻ ഇടയാക്കാറുണ്ട്.
പ്രതിരോധ മാർഗ്ഗങ്ങൾ
വായ്‌പുണ്ണ് വരാതിരിക്കാനും വന്നാൽ വേഗത്തിൽ ഭേദമാകാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
പോഷകാഹാരം: വിറ്റാമിൻ ബി, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി ഉൾപ്പെടുത്തുക.
ശ്രദ്ധയോടെ ഭക്ഷണം: അമിതമായ എരിവ്, പുളി, കടുപ്പമുള്ള ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ചൂടുള്ളതും വ്രണങ്ങളിൽ ഉരസാനിടയുള്ളതുമായ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.
ശുചിത്വം: വായയുടെ ശുചിത്വം വളരെ പ്രധാനമാണ്. ദിവസവും രണ്ടുനേരം പല്ലു തേക്കുക. നാക്കു വൃത്തിയാക്കാനും ശ്രദ്ധിക്കുക.
മാനസികാരോഗ്യവും ഉറക്കവും: മാനസിക സമ്മർദ്ദം കുറയ്ക്കാനും ആവശ്യത്തിന് ഉറക്കം ലഭിക്കാനും ശ്രദ്ധിക്കുക. യോഗ, ധ്യാനം തുടങ്ങിയ വ്യായാമങ്ങൾ സഹായകമാകും.
പുകവലി, മദ്യാസക്തി ഒഴിവാക്കുക:ഇവ വായ്‌പ്പുണ്ണുകൾ വഷളാക്കുന്നതിനു പുറമെ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
ദന്തഡോക്ടറെ സമീപിക്കുക: നിരന്തരം വായ്‌പ്പുണ്ണ് വരുന്നവർ ദന്തഡോക്ടറെ സമീപിച്ച് കാരണം കണ്ടെത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.