'രാത്രി ഉറങ്ങുമ്പോഴും ക്ഷീണം..'; തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാണെന്നതിന്‍റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം..; ആരോഗ്യ വിദഗ്ധർ പറയുന്നത്
ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം മോശമാകുമ്പോൾ ശരീരം ചില സൂചനകൾ നൽകുന്നു. ഈ ലക്ഷണങ്ങൾ അവഗണിക്കാതെ ശ്രദ്ധിക്കുന്നത് രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായകമാകും.
തൈറോയ്ഡ് ഗ്രന്ഥിക്ക് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇതിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:
* രാത്രി മുഴുവൻ ഉറങ്ങിയാലും അനുഭവപ്പെടുന്ന അമിതമായ ക്ഷീണം.
* തലമുടി കൊഴിച്ചിൽ.
* സാധാരണ രീതിയിലുള്ള പരിചരണം നൽകിയിട്ടും ചർമ്മം വരണ്ടുപോകുക.
* പേശിവലിവ്, സന്ധിവേദന.
* മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾ.
* അമിതമായ ഉറക്കം അല്ലെങ്കിൽ ഉറക്കക്കുറവ്.
* ശരീരഭാരം കൂടുന്നത്.
* വിഷാദരോഗം.
മറുവശത്ത്, തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. ഇതിന്‍റെ ലക്ഷണങ്ങൾ ഇവയാണ്:
* വിശപ്പ് കൂടുതലായിട്ടും ശരീരഭാരം കുറയുക.
* അമിതമായ വിയർപ്പ്.
* വൈകുന്നേരങ്ങളിൽ അസാധാരണമായി ചൂട് അനുഭവപ്പെടുക.
* ഉത്കണ്ഠ, അമിതമായ ക്ഷോഭം.
* ഇടയ്ക്കിടെയുള്ള മലവിസർജ്ജനം.
* കൈകളിൽ നേരിയ വിറയൽ.
* വേഗതയുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ സ്വയം രോഗനിർണയം നടത്താൻ ശ്രമിക്കാതെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിച്ച് കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. പിന്നീടുള്ള ചികിത്സ ഡോക്ടറുടെ നിർദ്ദേശാനുസരണം തുടരുക. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.