ദഹന പ്രശ്നങ്ങൾ എല്ലാം മാറ്റും; ഡയറ്റില്‍ 'മഞ്ഞള്‍' ഉള്‍പ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ അറിയാം..
നൂറ്റാണ്ടുകളായി ഔഷധ ഗുണങ്ങളാൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന മഞ്ഞൾ, ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി നേട്ടങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. മഞ്ഞളിന്റെ ആകർഷകമായ നിറത്തിനും ആരോഗ്യപരമായ ഗുണങ്ങൾക്കും പിന്നിലെ പ്രധാന ഘടകം 'കുർക്കുമിൻ' ആണ്. വിറ്റാമിനുകൾ, ധാതുക്കൾ, ശക്തമായ ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമായ മഞ്ഞൾ, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും വിവിധ രോഗങ്ങളെ ചെറുക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു.
മഞ്ഞളിലുള്ള 'ലിപ്പോപോളിസാക്കറൈഡ്' എന്ന പദാർത്ഥം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. കൂടാതെ, ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഉത്തമമാണ്. രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് മഞ്ഞൾ ഒരു മികച്ച പ്രതിവിധിയാണ്.
തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞളിന് കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനും ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മഞ്ഞൾ പ്രയോജനകരമാണ്. കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയയെ വേഗത്തിലാക്കി വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.
ക്യാൻസർ സാധ്യത കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ ആന്‍റി ബാക്ടീരിയൽ, ആന്‍റി ഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.