തിരുവനന്തപുരം; പ്രളയാനന്തര കേരളം കലാരംഗത്ത് തകർന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാൻ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാപ്രളയത്തെ തുടർന്ന് തകർന്ന വീടുകളും റോഡും പാലങ്ങളും പുനർനിർമ്മിക്കുന്നതുപോലെ പ്രധാനമാണ് തകർന്നുപോയ മനസ്സുകളുടെ പുനർനിർമ്മാണവും. ആഘാതാനന്തര മാനസികാവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവർത്തനം വലിയ തോതിൽ ഉപകരിക്കുമെന്ന് 23-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയും സങ്കുചിതമായ ദേശീയതയും ഇന്ത്യൻ സാഹചര്യത്തിൽ തോളോടുതോൾ ചേർന്നുനിൽക്കുന്നതാണ് നാമിപ്പോൾ കാണുന്നത്. വിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പേരു പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നയപരിപാടികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രളയകാലത്ത് നാം നേരിട്ടതുപോലുള്ള ദുരന്താനുഭവങ്ങളെ ഒരുമിച്ചു നിന്ന് അതിജീവിക്കുന്നതിനുള്ള സാധ്യത ഇത്തരം ശക്തികൾ നഷ്ടപ്പെടുത്തും. ആ ആപത്ത് തടയാൻ സാർവദേശീയമായ മാനുഷികമൂല്യമുള്ള സിനിമകൾ പ്രദർശിപ്പിച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കലാസ്വാദനം നൽകുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതാണ്. വിഷാദത്തിന്റെ ഇരുട്ട് അകറ്റാനും അതിനു കഴിയും. ഈ വസ്തുത അംഗീകരിക്കുന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ചലച്ചിത്രമേളക്ക് തടസ്സമാവരുത് എന്ന് സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

19-ാം നൂറ്റാണ്ടിലെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ദുരാചാരങ്ങൾ, സ്ത്രീവിരുദ്ധ സമീപനങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്ന് സമൂഹത്തെ മലീമസമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്ന കാലമാണിത്. അത്തരം വിഷയങ്ങൾ വെല്ലുവിളി ഉയർത്തുമ്പോൾ ചലച്ചിത്ര കലാകാരൻ എന്ത് നിലപാടെടുക്കുന്നുവെന്നത് സമൂഹം സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

മന്ത്രി എ.കെ ബാലൻ അധ്യക്ഷനായ ചടങ്ങിൽ ബംഗാളി സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ, നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.