ലയാള സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ഒരുപോലെ വ്യാപിക്കുന്ന ദല്ലാൾ മാഫിയയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി, സംവിധായിക രത്തീനയുടെ ഭർത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ്. കണ്ണൂർ ന്യൂമാഹി സ്വദേശിയായ ഷർഷാദിന്റെത് വെറുമൊരു വഞ്ചനാ കഥയോ, കടുംബ പ്രശ്നമോ അല്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനും, സിപിപിഎമ്മിന്റെ സമുന്നത നേതാക്കളായ തോമസ് ഐസക്കും, യുവ നേതാവ് പി കെ ബിജുവും, ചില ഇടനിലക്കാരുമൊക്കെ ഉൾപ്പെട്ട വലിയൊരു തട്ടിപ്പിന്റെ അനുഭവസാക്ഷ്യമാണ്. രാജേഷ് കൃഷ്ണയെന്ന, 2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ ഏറുന്നതിന് മുമ്പ് ആരും കേട്ടിട്ടില്ലാത്ത, യുകെ ബേസഡ് പവർ ബ്രോക്കർ എങ്ങനെയാണ് തന്റെ ജീവിതം തകർത്തതത് എന്നും ഷർഷാദ് വിശദീകരിക്കുന്നു. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയുമായി നടത്തിയ അഭിമുഖത്തിലാണ് ഷർഷാദ് മനസ്സുതുറന്നത്.

പ്ലസ്ടുപോലുമില്ലാത്ത വെറുമൊരു ഹൗസ് വൈഫായി ഒതുങ്ങിപ്പോവുമായിരുന്ന രത്തീനയുടെ കഴിവുകൾ കണ്ടറിഞ്ഞ് വളർത്തിക്കൊണ്ടുവന്നത് ഭർത്താവ് ഷർഷാദാണ്. അവൾക്ക് മമ്മൂട്ടിയെ കാണാൻ അവസരം ഉണ്ടാക്കിയതും, സിനിമയിലേക്ക് വാതിൽ തുറന്ന് കൊടുക്കുന്നതുമെല്ലാം ഷർഷാദാണ്. പക്ഷേ ഭാര്യ പ്രശസ്തിയിലെത്തിയപ്പോൾ മറ്റു ചിലരുടെ വാക്കുകൾ കേട്ട് തന്നെ തള്ളിപ്പറയുകയും, തനിക്കെതിരെ ഗാർഹിക പീഡനത്തിന് കള്ളക്കേസ് കൊടുക്കുകയുമാണ് ചെയ്തത് എന്നും ഷർഷാദ് പറയുന്നു. ഇത്തരക്കാരുടെ ചതിയിൽ പെട്ട് ആരും ഇനി സ്വന്തം ജീവിതം നഷ്ടപ്പെടുത്തരുതേ എന്ന ഉദ്ദേശത്തോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സർവാധിപത്യകാലത്ത് നമ്മുടെ നാട്ടിൽ സംഭവിക്കുന്നതിന്റെ നേർ ചിത്രമാണ് ഷർഷാദിന്റെ ജീവിതം. ഒപ്പം ഇസ്ലാമോ-ലെഫ്റ്റ് മലയാള സിനിമയിൽ എങ്ങനെ പിടിമുറുക്കുന്നുവെന്നും, മമ്മൂട്ടിയെന്ന മഹാനടൻ പോലും അവരിൽ പെട്ടുപോവുന്നതിന്റെയും അമ്പരപ്പിക്കുന്ന വിവരണവും ഷർഷാദ് നൽകുന്നുണ്ട്. മമ്മൂട്ടിയുടെ നിർദ്ദേശം അനുസരിച്ചാണ് ഷർഷാദ് കൊച്ചിയിലേക്ക് മാറുന്നതുവരെ. എന്നിട്ടും തന്റെ കുടുംബം തകരുന്ന അവസ്ഥ വന്നിട്ടും മമ്മുട്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഷർഷാദ് പറയുന്നു.

പാമ്പായി മാറിയ പുഴു !

ഷർഷാദുമായി ഷാജൻ സ്‌കറിയ നടത്തിയ അഭിമുഖത്തിന്റെ രണ്ടാംഭാഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'പുഴുവായിരുന്നില്ല ആദ്യം അനൗൺസ് ചെയ്യാൻ ഇരുന്നത്. രത്തീന സ്വന്തമായി എഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നു. ആ പടം 2019 സെപ്റ്റംമ്പറിൽ ഷൂട്ടിങ്ങ് തുടങ്ങാമെന്നാണ് പറഞ്ഞത്. എന്നാൽ മമ്മുക്കയുടെ ബാക്ക് ലോഗ് കാരണം അത് 2020 മാർച്ചിലേക്ക് നീണ്ടു. പക്ഷേ അപ്പോഴാണ് കോവിഡ് വരുന്നത്. അതോടെ എല്ലാം നിന്നു. ഇത് മുന്നോട്ട് പോവില്ല എന്ന് കണ്ടതോടെ, അവൾ മമ്മൂക്കയുടെ അടുത്ത് ചെന്ന് സങ്കടങ്ങൾ പറഞ്ഞപ്പോൾ ആണ് തട്ടിക്കൂട്ടി ഈ പുഴു എന്ന സിനിമ ഉണ്ടാക്കുന്നത്. അവിടെയാണ് ഞങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഞാൻ ഒരു മതക്കാരെയും മാറ്റിനിർത്തുന്ന ആളല്ല. എല്ലാവരുടെയും വീട്ടിൽ പോയി ഭക്ഷണം കഴിക്കുകയും, അവർ നമ്മുടെ വീട്ടിൽ വരികയും ചെയ്യുന്ന അവസ്ഥയാണ് പണ്ടുമുതലേ. ഇവരുടെ സ്വന്തമായിട്ടുള്ള സ്‌ക്രിപ്റ്റ് എന്നത് ഒരു സൂപ്പർ സാധനമാണ്. നമ്മൾ ഇപ്പോഴും വലിയ പ്രതീക്ഷ വെച്ചിരിക്കുന്ന സിനിമയാണ്. അതിൽ നിന്ന് നേരെ ഉൾട്ടയായി, തീർത്തും നെഗറ്റീവായ ഒരു സാധനത്തിലേക്ക് പോവുമ്പോൾ എനിക്ക് കുറച്ച് വിഷമം ഉണ്ടായി.

രത്തീനയുടെ ആദ്യ സ്‌ക്രിപ്റ്റ് ഒരു ബിഗ് ബജറ്റ് ചിത്രമാണ്. അത് കോവിഡ് കാലത്ത് ചെയ്യാൻ പറ്റില്ല. അന്ന് വാക്സിൻ പോലും ഇറങ്ങിയിട്ടില്ല. അതിനാൽ നമുക്ക് ഒരു ചെറിയ സിനിമ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. വേറെ റൈറ്റേഴ്സിനെ വെച്ച് ഒരു സംഗതി നോക്കട്ടെ, അത് നിനക്ക് സംവിധാനം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. നിന്റെ മറ്റേ സ്‌ക്രിപ്റ്റ് ഞാൻ വിട്ടുതരില്ല, അത് ആയുസ്സുണ്ടെങ്കിൽ ഞാൻ തന്നെ ചെയ്യുമെന്നും മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് 'ഉണ്ട' എന്ന സിനിമയിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന ഹർഷദ് എന്ന സ്‌ക്രിപ്റ്റ് റൈറ്ററും, വൈറസ് അങ്ങനെയുള്ള ഒന്നോ രണ്ടോ പടം ചെയ്ത സുഹാസ്, ഷർഫു ഇവരൊക്കെ കൂടിയിട്ട് സിനിമയുണ്ടാക്കുന്നത്. അങ്ങനെ ഹർഷദ് കഥ പറയുന്നു. മമ്മൂട്ടി ഇഷ്ടപ്പെട്ട് എഴുതാൻ പറയുന്നു.

പക്ഷേ രത്തീനയുടെ ലാപ്ടോപ്പിൽനിന്ന് ഈ കഥ കണ്ടപ്പോൾ, എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഇതൊരു അപ്പർ കമ്യൂണിറ്റിയെ, സവർണ്ണരെ അധിക്ഷേപിക്കുന്ന പടമാണ്. പടം കണ്ടവർക്ക് മനസ്സിലാവും. അപ്പോൾ ഞാൻ അവരോട് ചോദിച്ചു, ഇങ്ങനെ ഒരു സിനിമ ആദ്യ ചിത്രമായി ചെയ്യുന്നത് നല്ലതാണോ എന്ന്. നമ്മുടെ തുടക്കത്തിൽ തന്നെ ഒരു കമ്യുണിറ്റിയുടെ മേലിൽ കൈവെക്കണോ. വേറെ എന്തൊക്കെയുണ്ട് സിനിമയുണ്ടാക്കാൻ.

അപ്പോഴാണ് ഞാൻ അവരുടെ മാറ്റം ശ്രദ്ധിച്ചത്. അതുവരെയുള്ള ആളല്ല. ആരൊക്കെയൊ എന്തൊക്കെയോ ഇൻജക്ഷൻസ് ഒക്കെ വെച്ച് ആള് മാറിയിരിക്കുന്നു. 17 വർഷം ഒരുമിച്ച് ജീവിച്ചയാളുടെ മാറ്റം നമുക്ക് അറിയാമല്ലോ. അത് കണ്ടുതുടങ്ങി.

ഈ ഹർഷദ് എന്ന് പറയുന്നയാൾ എക്സ്ട്രീം ഇസ്ലാമിസ്റ്റാണ്. പുള്ളിയുടെ പ്രൊഫൈൽ നോക്കിയാൽ അത് മനസ്സിലാവും. പുള്ളിയിതുകൊണ്ടുവന്നപ്പോൾ കൂട്ടിന് ഒരു കമ്യുണിസ്റ്റുകാരനും വന്നു. അവർക്ക് എല്ലാം കൂടി ഇത് ഒന്ന് കളറാക്കണം. അത് കൂടുതൽ കളർ ആയത് നടി പാർവതി കൂടി വന്നതോടെയാണ്. മമ്മൂക്കയും പാർവതിയും, അതുവരെ ഉടക്കി നിൽക്കയായിരുന്നു. അവരെ ഒരുമിച്ചു എന്നതിന്റെ നേട്ടം രത്തീനക്ക് കിട്ടിയിട്ടുണ്ട്. ആ സ്‌ക്രിപ്റ്റ് കേട്ടപ്പോൾ പാർവതിക്കും ഇഷ്ടപ്പെട്ടു. അവരും ആ ലൈനാണല്ലോ. അങ്ങനെയാണ് ഈ പടം പോകുന്നത്.

ഞാൻ പറഞ്ഞിട്ടും രത്തീന ഇതിൽ നിന്നും മാറാൻ തയ്യാറല്ല. മമ്മുക്ക ഇത് അറിഞ്ഞുകൊണ്ട് സമ്മതിച്ചതാണോ, അതോ സ്‌ക്രിപ്പ്റ്റ് മുഴുവൻ അറിയാതെ സമ്മതിച്ചതാണോ എന്ന് അറിയില്ല. തീയേറ്റർ റിലീസ് ഒന്നുമല്ല ഈ പടം. ഒടിടിയിലാണ്. എത്രമാത്രം സക്സസ് ആണെന്ന് പറയാൻ കഴിയില്ല. അതിലാണ് അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങുന്നത്. എനിക്ക് ഈ നെഗറ്റീവ് സാധനം മമ്മൂക്ക ചെയ്തത് എന്തിനാണെന്ന് അറില്ല. ഓരോരുത്തരുടെ ഇഷ്ടമാണ്. അത് ചോദ്യം ചെയ്യുന്നില്ല. പക്ഷേ എന്റെ ഭാര്യ ആദ്യമായിട്ട് ചെയ്യുന്ന ഒരു സിനിമ ഇങ്ങനെ ആയതാണ് എന്റെ വിഷമം. "- ഷർഷാദ് പറയുന്നു.

ഒരു തട്ടിപ്പ് പൊളിച്ചത് മറുനാടൻ

രാജേഷ് കൃഷ്ണയെന്ന പവർ ബ്രോക്കറുടെ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങളാണ്, ഷർഷാദ് പിന്നീട് വെളിപ്പെടുത്തിയത്. 'അതിനിടെയാണ് ഒരു ദിവസം രാജേഷ് കൃഷ്ണ എന്നെ വിളിക്കുന്നത്. ഞാൻ ഹോളിഡേ ഇന്നിൽ നിന്ന് മാറുകയാണ്, ഒരു മൂന്ന് ദിവസം എന്റെ ഫ്ളാറ്റിൽ താമസിക്കണമെന്ന്. ഞാനും എന്റെ കുട്ടികളുമൊക്കെ ഫ്ളാറ്റിലുണ്ട്. ഞങ്ങൾ വന്നോളൂ എന്ന് പറഞ്ഞു. പുള്ളി കൊച്ചിയിൽ വന്നാൽ എപ്പോഴും ഉപയോഗിക്കാറുള്ളത് ഒരു ബിഎംഡബ്ലിയു കാർ ആണ്. അത് ഖത്തറിലെ ഒരു ബിസിനസുകാരന്റെതാണ്. അയാൾ ഒരു പീഡനക്കേസിലെ പ്രതിയായിരുന്നു. ആ കേസ് ഒത്തുതീർത്തുകൊടുത്തത് രാജേഷ് ആണ്. അതിനുള്ള പാരിതോഷികം ആണെന്ന് തോനുന്നു ഈ കാർ. ഇതിനെ കുറിച്ചൊക്കെ പിന്നീടാണ് അറിവ് കിട്ടുന്നത്. അങ്ങനെ നമ്മുടെ വീട്ടിൽ വന്നപ്പോൾ ഒരു സ്വന്തം വീട്ടിലൈന്നപോലെ എല്ലാകാര്യങ്ങളും നമ്മൾ അവന് ചെയ്തു കൊടുത്തു. അങ്ങനെ അവൻ പോയി.

ഇതിനിടെയിൽ ഒരു സംഭവം നടന്നു. വൈഫ് എന്റെയടുത്ത് പറഞ്ഞു, മമ്മൂക്ക എന്നെ വിളിച്ചിട്ട് ഒന്ന് രണ്ട് സ്റ്റുഡിയോകൾ കണ്ട് പഠിക്കണം എന്ന് പറയുന്നുണ്ട്. അതുകൊണ്ട് എനിക്ക് യുകെ വരെ ഒന്ന് പോകണം എന്ന്. അപ്പോൾ കോവിഡ് തുടങ്ങിയിട്ടല്ല. ആള് അതിനൊക്കെ കേപ്പബിൾ ആണ്. ഞാൻ ചൈനയിലുള്ള സമയത്ത് പിള്ളേരെയും കൂട്ടി ഹോങ്കോങ്ങ് വരെ തനിച്ച് വന്നിട്ടുണ്ട്. ഒറ്റക്ക് പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, അത് പ്രൊഡക്ഷൻ ഹൗസ് എല്ലാം ചെയ്യുന്നുണ്ട്, വിസയും ഒക്കെ അവർ ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. കുട്ടികളെ നോക്കാൻ അപ്പോഴേക്കും അവരുടെ പാരൻസ് വരികയാണ് പതിവ്.

അങ്ങനെ അവർ യുകെയിൽ പോയി. പക്ഷേ പിന്നീടാണ് എനിക്ക് മനസ്സിലായത് അതിന്റെ പിറകിൽ രാജേഷ് കൃഷണയാണെന്ന്. ആന്റോയുടെ പ്രശ്നത്തോടെ വൈഫും രാജേഷും തമ്മിൽ കോണ്ടാക്റ്റ് ഉണ്ടായിരുന്നു. അവന്റെ ഫേസ്‌ബുക്ക് റിക്വസ്റ്റ് വന്നതെല്ലാം അവൾ എന്നോട് പറഞ്ഞിരുന്നു. ഞാൻ അത് ആക്സെപ്റ്റ് ചെയ്തോളാനാണ് പറഞ്ഞത്.

പക്ഷേ എന്നെ അറിയാതെ അവർ ഒരു പ്രൊജക്റ്റ് ഹാൻഡിൽ ചെയ്തിരുന്നു. അത് നിങ്ങൾ ( ഷാജൻ സ്‌കറിയ) വെളിച്ചത്തുകൊണ്ടുവന്നതോടെ നിന്നുപോയി. കൊല്ലത്ത് ഒരു ഇംഗ്ലീഷുകാരനെ കൊണ്ടുവന്ന് കടൽ ക്ലീനിങ്ങ് എന്നു പറഞ്ഞ, കടലാസു കമ്പനിയുണ്ടാക്കിയെന്ന് നിങ്ങൾ വാർത്ത ചെയ്തില്ലേ. അതാണ് സംഭവം. മറുനാടന്റെ വാർത്തയെ തുടർന്നാണ് അത് ഞാനും അറിയുന്നത്. അതിൽ എന്റെ വൈഫിനെ ഇവൻ കൺസൾട്ടന്റായി വെച്ചിട്ടുണ്ട്. ഇവൻ ലണ്ടൻ യുകെ ഒക്കെ ആണെങ്കിലും ഇംഗ്ലീഷ് ഒന്നും അത്ര ഫ്ളുവന്റ് അല്ല. വൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലൊക്കെ പഠിച്ചതുകൊണ്ട്, നന്നായി സംസാരിക്കാനും, ലെറ്റർ ഡ്രാഫ്റ്റ് ചെയ്യാനുമൊക്കെ അറിയാം. ഇത് മനസ്സിലാക്കി രാജേഷ് കൃഷ്ണ, ഈ ഇംഗ്ലീഷുകാരനെയും ഇവളെയും കൂട്ടി മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മീറ്റിങ്ങിലൊക്കെ പോയിട്ടുണ്ട്. പിന്നീടാണ് എനിക്ക് അതിന്റെ ഫോട്ടോകൾ ഒക്കെ കിട്ടിയത്. പക്ഷേ മറുനാടന്റെ വാർത്തയോടെ ആ ബിസിനസ് സ്റ്റോപ്പായി.

ഈ ആവശ്യത്തിനാണ് ഇവർ യുകെയിൽ പോയത്. ഇവന്റെ കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ. ഈ വിവരം എന്നോട് പറഞ്ഞിട്ടില്ല. ഈ സമയത്ത് അവളുടെ അക്കൗണ്ടിൽ സിനിമയുടെ കാശൊക്കെ വരുന്നുണ്ട്്. ഞാൻ കിട്ടുന്നത് ബാങ്കിൽ അടച്ചുകൊണ്ടിരിക്കയാണ്. എന്റെ ബുദ്ധിമുട്ട് അവർക്കും അറിയാം.

പക്ഷേ രാജേഷ് കൃഷ്ണയുടെ തരികിട വേറെയായിരുന്നു. യുകെയിൽനിന്ന് മാത്യു പൗലോസ് എന്നയാളുടെ അക്കൗണ്ടിൽ നിന്ന് എന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം വരും. അതിന്റെ പാതി രാജേഷ് കൃഷ്ണയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. ഇങ്ങനെ നടക്കുന്നതിനിടെയാണ് യു കെയിൽ പോവുന്നത്. പക്ഷേ എനിക്ക് അവിടെ യുകെയിൽനിന്ന സ്റ്റുഡിയോയുടെ മുന്നിൽ നിന്നുള്ള ചിത്രമൊക്കെ കിട്ടിയിട്ടുണ്ട്. താമസം രാജേഷ് കൃഷണയുടെ ഫ്ളാറ്റിലായിരുന്നു. അവിടെ അയാളുടെ വൈഫും ഉണ്ടായിരുന്നു. അങ്ങനെ സംശയിക്കത്തക്കതായ സാഹചര്യം ഒന്നും ഉണ്ടായിരുന്നില്ല.

ഇവർ ഒരു ലോങ്്യാത്രമാണ് പ്ലാനിട്ടിരുന്നത്. അപ്പോഴേക്കും കോവിഡിന്റെ സൂചന കണ്ട് വെട്ടിച്ചിരുക്കി. ഏപ്രിൽ രാജേഷ് ആദ്യം വന്നു. പിന്നാലെ ഇവളും വന്ന് ക്വാറൻൈറായി. അതിനിടെ രാജേഷ് കൃഷ്ണയുടെ ക്വാറന്റൈനും വൻ വിവാദമായി. തിരുവല്ലയിൽ ഒരു ഫ്ളാറ്റിൽ താമസമാക്കിയ അയാൾ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇത് വിവാദമായി. പിന്നെ ആംബുലൻസ് വന്നാണ് ഇയാളെ കൊണ്ടുപോയത്. "- ഷർഷാദ് പറയുന്നു.

പ്രൊഡ്യൂസറെ ട്രാപ്പിൽ പെടുത്തുന്നു

'അതിനിടിയിൽ ഞാൻ ശ്യാമിനോട് ( എം വി ഗോവിന്ദന്റെ മകൻ) ചോദിച്ചിരുന്നു, എങ്ങനെയാണ് രാജേഷ്, ആന്റോ ജോസഫിനെ ഡീൽ ചെയ്തത് എന്ന്. അപ്പോഴാണ് രാജേഷ് സിനിമാക്കാർക്ക് ഫണ്ട് ചെയ്യുന്നുണ്ട് എന്ന വിവരം അറിയുന്നത്. പ്രൊഡ്യൂസർ എന്നത് ഒരു ബ്രാൻഡ് ആണെല്ലോ. അവിടെ ഫണ്ട് ചെയ്യുന്നവർ മുന്നിൽ വരാറില്ല. രത്തീനയെ കണ്ടതോടെ ഇനി ഫ്രണ്ട് റണ്ണിലേക്ക് മാറാമെന്ന് ഇവൻ തീരുമാനിക്കുന്നു. ഉയരെയുടെ സെറ്റിൽ കറങ്ങി അത്യാവശ്യം കോണ്ടാക്റ്റും രാജേഷ് ഉണ്ടാക്കിയിട്ടുണ്ട്.

അതോടെ രാജേഷിന് ഫിനാൽഷ്യൽ ഇൻവോൾവ്മെന്റുള്ള ഒരു പോസ്റ്റ് സിനിമയിൽ കിട്ടിയാൽ കൊള്ളാമെന്നായി. അവൻ അക്കാര്യം രത്തീനയോട് പറഞ്ഞു. പക്ഷേ മമ്മൂക്കയുടെ പടം ആയതുകൊണ്ട് എല്ലാം അദ്ദേഹം തീരുമാനിക്കുമെന്നാണ് അവൾ പറഞ്ഞത്. പക്ഷേ രാജേഷ് നിർബന്ധിച്ചു. അങ്ങനെ രത്തീന മമ്മൂട്ടിയോട് ഇക്കാര്യം പറഞ്ഞു. പ്രൊഡ്യൂസറുടെ പെർമിഷൻ ഉണ്ടെങ്കിൽ എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി ആരും വരുന്നതിലും തനിക്ക് പ്രശ്നമില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

ഉജാല ഫാമിലിയിൽപെട്ട അർജുൻ രവീന്ദ്രൻ എന്നയാളായിരുന്നു പുഴുവിന്റെ പ്രൊഡ്യൂസറായി അപ്പോൾ ഉണ്ടായിരുന്നത്. നേരത്തെ രത്തീന എഴുതിയ സ്‌ക്രിപ്റ്റിന്റെ പ്രൊഡ്യൂസർ വേറെയായിരുന്നു.സബ്ജക്റ്റ് മാറിയേപ്പോൾ അവർ പിന്മാറി. അങ്ങനെ ജോർജിന്റെ പരിചയത്തിൽ അർജുൻ വന്നു. അവൻ സിനിമാക്കമ്പം മൂത്ത് പ്രൊഡക്ഷൻ ഹൗസൊക്കെ തുടങ്ങിയിരിക്കയാണ്. അവന് ആദ്യം പടം മമ്മൂട്ടിയെ വെച്ച് ചെയ്യുക എന്നത് തന്നെ ലോട്ടറിയായിരുന്നു.

പക്ഷേ രാജേഷിനെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആക്കണം എന്ന് പറഞ്ഞപ്പോൾ അർജുൻ നോ പറഞ്ഞു. എനിക്ക് ഫാമിലി സപ്പോർട്ട് ഉണ്ട്്. അതിനാൽ പണം മുടക്കിയുള്ള ഒരു പാർട്ണറെ ഇപ്പോൾ വേണ്ട. പ്രൊഡക്ഷൻ കൺട്രോളർ ആയൊ മറ്റ് എന്തുവേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞു. പക്ഷേ പിന്നീട് ഇവർ അർജുനെ ട്രാപ്പിൽപെടുത്തി. ഒരു പെണ്ണുകേസിൽപെട്ട് അവന്റെ നിശ്ചയിച്ച കല്യാണം വരെ മുടങ്ങി. അതോടെ സിനിമയും നിന്നു.

അപ്പോഴാണ് രത്തീനയെ ഉപയോഗിച്ച് ജോർജിനെ ഇവർ പ്രെഡ്യൂസറാക്കുന്നത്. ജോർജ് രണ്ടു പടം പൊളിഞ്ഞ് ഇരിക്കയാണ്. തന്റെ കൈയിൽ കാശില്ലെന്ന് മമ്മുട്ടിക്ക് അറിയാമെന്ന് ജോർജ് പറഞ്ഞു. പക്ഷേ കാശ് രാജേഷ് കൃഷ്ണ അപ്പോൾ തന്നെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു. തനിക്ക് ഒരു ഫിനാൻസർ ഉണ്ടെന്ന് ജോർജ് പറഞ്ഞപ്പോൾ, അർജുന് കൊടുക്കാനുള്ളതെല്ലാം കൊടുത്ത്, നിയമപരമായി എൻ ഒ സി എഴുതിവാങ്ങി പടം വീണ്ടും തുടങ്ങാൻ മമ്മൂട്ടി പറയുന്നു. "-ഷർഷാദ് വ്യക്തമാക്കി.

മമ്മൂട്ടി കൈയൊഴിയുന്നു

'അങ്ങനെയാണ് രാജേഷ് കൃഷ്ണ പുഴുവിന്റ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ആവുന്നത്. ഇതുകണ്ടപ്പോഴാണ് മമ്മൂക്കയുമായുള്ള എന്റെ സംസാര ശൈലി മാറുന്നത്. 2016 തൊട്ടുള്ള ഞാനും മമ്മുക്കയുമായുള്ള ചാറ്റ് ഹിസ്റ്ററി എന്റെ കൈയിലുണ്ട്. എല്ലാം ടെക്സ്റ്റ് മെസേജ് ആണ്, മലയാളത്തിൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഇവന്റെ പേരുകണ്ടപ്പോൾ, ഞാൻ മമ്മൂക്കയ്ക്ക് മെസേജ് അയച്ചു. ഇവനെക്കുറിച്ച് നല്ല വാർത്തകളല്ല കേൾക്കുന്നത്. ഇവനെ ശ്രദ്ധിക്കണം, എന്ന് പറഞ്ഞു. അപ്പോൾ പുഴുവിന്റെ പ്രൊഡ്യുസർ ജോർജ് ആണെല്ലോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അവർ പുറത്തുവിട്ട, രാജേഷ് കൃഷ്ണയുടെ പേരുള്ള പോസ്റ്ററിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഞാൻ മമ്മുക്കക്ക് അയച്ചു.

ഞാൻ അന്വേഷിക്കാം എന്നായിരുന്നു മറുപടി. ആ അന്വേഷണം ഇപ്പോഴും തുടരുകയാണ്. മമ്മുക്കക്ക് ഇതിൽ എന്തെല്ലാം ഇൻവോൾവ്മെന്റ് ഉണ്ട് എന്ന് അറിയില്ല. അവിടെ നിന്ന് അങ്ങോട്ട് മമ്മുക്ക അവർക്ക് ഫേവർ ആയാണ് നിന്നത്. മമ്മൂക്കയെപ്പറ്റി ഞാൻ മനസ്സിലാക്കുന്നത്, സിനിമാക്കാരുടെ അടക്കം ഒരുപാട് ആളുകളുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിച്ച വ്യക്തിയാണെന്നാണ്. പക്ഷേ പുള്ളിയെ മാത്രം വിശ്വസിച്ച് ഇങ്ങോട്ട് ഫാമിലി ഷിഫ്റ്റ് ചെയ്ത എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ എന്നെ അങ്ങോട്ട് പൂർണ്ണമായും ഒഴിവാക്കയാണ് അദ്ദേഹം ചെയ്തത്.

അതിനിടെ ഞാനും രാജേഷ് കൃഷ്ണയും ചേർന്നുള്ള സെക്യൂരിറ്റി കമ്പനിയിലും പ്രശ്നമായി. എനിക്ക് പ്രഷർ തന്ന് ഹരാസ് ചെയ്യാനായിരുന്നു രാജേഷ് കൃഷ്ണയുടെ നീക്കം. ബിസിനസ് 45 ലക്ഷം എത്തിയപ്പോൾ എനിക്ക് അപ്രീസിയേഷൻ ലെറ്റർ അയച്ച അതേ ടീം, മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ പെർഫോമൻസ് പോര എന്ന് പറഞ്ഞ് പ്രഷർ ഉണ്ടാക്കുന്നു. ഞാൻ ഈ ഗ്രോയിങ്ങ് ബിസിനസിൽ നിന്ന് ബാക്ക് അടിക്കില്ല എന്നായിരുന്നു അവരുടെ ധാരണ. ഞാൻ യുകെയിലെ ഇംഗ്ലീഷുകാർക്കൊക്കെ കോപ്പി വെച്ച് മെയിൽ അയച്ചു. മറ്റുപല ഇഷ്യൂസും ഇതിൽ കയറിവരുകയാണ്. എനിക്ക് ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നു പറഞ്ഞ്.

അതോടെ എന്റെ ഓഫീസ് ടേക്ക് ഓവർ ചെയ്യാനായി രാജേഷ് കൃഷ്ണ എന്റെ സബോഡിനേറ്റ്‌സിന് മെയിൽ അയച്ചു. പിന്നെ ഞാൻ അങ്ങോട്ടുപോയില്ല. റിസൈൻ ചെയ്തു. ആ വകയിൽ മൂന്ന് മുന്നര ലക്ഷം കിട്ടാനുണ്ട്. അതും രാജേഷ് കൃഷ്ണ തന്നിട്ടില്ല. "- ഷർഷാദ് വ്യക്തമാക്കി

ഗാർഹിക പീഡനക്കേസിൽ കുടുക്കുന്നു

പിന്നീട് വ്യക്തിജീവിതത്തിൽ താൻ നേരിട്ട കൊടിയ പീഡനങ്ങളുടെ കഥയാണ് ഷർഷാദ് പറയുന്നത്. 'ഒരു ദിവസം കടവന്ത്ര എസ്ഐ എന്നെ വിളിക്കയാണ്. നിങ്ങൾക്കെതിരെ ഡൊമസ്റ്റിക്ക് വയലേഷന് ഒരു ഇടക്കാല കോടതി വിധിയുണ്ടെന്ന്. നിങ്ങൾ ചെന്നൈയിൽ ആയതിനാൽ അറിയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് അദ്ദേഹം അത് വാട്സാപ്പിൽ അയക്കയാണ്. വൈഫ് എനിക്കെതിരെ കേസ് കൊടുത്തിരിക്കയാണ്. ഗാർഹിക പീഡനത്തിന്റെ ഒരു കാര്യവും വീട്ടിൽ ഉണ്ടായിട്ടില്ല. അഭിപ്രായ ഭിന്നതകൾ അല്ലാതെ. കോടതി പറയുന്നത് അവളുടെ താമസ സ്ഥലത്തോ, ജോലി സ്ഥലത്തോ പോവരുത് എന്നാണ്. മക്കളെ പുറത്ത് നിന്ന് കാണാം. ഇപ്പോൾ ഈ കേസിൽ നാലഞ്ച് സിറ്റിങ്ങ് വെച്ചിട്ടും ഒരു എവിഡൻസും കിട്ടിയില്ല. അങ്ങനെ ആ കേസ് തള്ളാൻ നിൽക്കുകയാണ്. കടവന്ത്ര പൊലീസിൽ ഞാനും പരാതി നൽകിയിട്ടുണ്ട്.

രാജേഷ് കൃഷ്ണ അവരെ ട്രാപ്പിലാക്കുകയായിരുന്നെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരുപാട് സാമ്പത്തിക ഇടപാടുകൾ ഇവളുടെ അക്കൗണ്ടിലുടെ രാജേഷ് നടത്തിയിട്ടുണ്ട്. ഒരു ലേഡി അസിസ്റ്റന്റ് ഡയറക്ടർ ഇക്കാര്യം എന്നെ അറിയിച്ചിട്ടുണ്ട്. ഓഫീസിൽ ഒരു വാഗ്വാദം നടന്നിട്ടുണ്ട്. ഞാൻ ട്രാൻസാക്ഷൻ ഡീറ്റേൽസ് പുറത്തുവിടുമെന്ന് രജേഷ് കൃഷ്ണ പറയുന്നുണ്ട്. ചേച്ചി ട്രാപ്പ്ഡ് ആണ് എന്നാണ് എനിക്ക് കിട്ടിയ വിവരമെന്നാണ് ആ ലേഡി അസിസ്റ്റന്റ് ഡയറക്ടർ പറയുന്നത്.

എനിക്ക് വീട്ടിൽ പോവാൻ വയ്യാതെയായി. കോടതി വിലക്കിയിരിക്കയാണെല്ലോ. ഞാൻ ചെന്നൈയിലായി. ഇടക്ക് വന്ന് മക്കളെ കാണും. ഞാൻ പോന്നതോടെ സെക്യൂരിറ്റി വിദഗ്ധനായ റെജിയും ഈ കമ്പനിയിൽനിന്ന് റിസൈൻ ചെയ്തു. ഇത്തരം വലിയ ഒരു ഫ്രോഡിന്റെ കുടെ എങ്ങനെ ജോലിചെയ്യാൻ കഴിയും എന്നാണ് അദ്ദേഹം ചോദിച്ചത്. ഇപ്പോൾ സ്വന്തമായി കമ്പനി തുടങ്ങി റെജി നല്ല നിലയിലാണ്. ഞങ്ങൾ തമ്മിൽ ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ട്.

ഞാൻ രാജിവെച്ചതിനുശേഷമാണ്, ഈ സെക്യൂരിറ്റി കമ്പനിയുടെ ലൈസൻസ് ക്യാൻസൽ ചെയ്യാൻ യൂണിയൻ മിനിസട്രിയുടെ കത്ത് എല്ലാ സ്റ്റേറ്റിലേക്ക് പോകുന്നത്. തമിഴ്‌നാട്ടിലടക്കം ലൈസൻസ് കാൻസൽ ചെയ്തു. പക്ഷേ കേരളത്തിൽ എംഎച്ച്ഒയുടെ ലെറ്റർ ഹോം ഡിപ്പാർട്ട് തൊട്ടിട്ടില്ല. മൂന്ന് വർഷം കഴിഞ്ഞിട്ടം ഒരുനടപടിയും ഉണ്ടായിട്ടില്ല. എന്നിട്ടും കുസാറ്റ്, ഊരാളുങ്കൽ എന്നിവക്കുള്ള കോൺട്രാക്റ്റ് പുതുക്കി നൽകി. പഴയ ലൈസൻസ് കോപ്പിവച്ചാണ് പ്രവർത്തിക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി വഴിയുള്ള ഭരണ സ്വാധീനം വച്ചാണ്, അവർ ഇപ്പോഴും പ്രവർത്തിക്കുന്നത്. "- ഷർഷാദ് പറയുന്നു.

ലണ്ടൻ ടാക്കീസ് എന്ന തട്ടിക്കൂട്ട്

അതിനിടെ താൻ തുടങ്ങിയ പ്രൊഡക്ഷൻ കമ്പനിയും ഒട്ടകത്തിന് ഇടം കൊടുത്തപോലെ, രാജേഷ് കൃഷ്ണ പിടിച്ചെടുത്ത കഥയും ഷർഷാദ് പറയുന്നുണ്ട്. '2019-ൽ എപ്രിലിലാണ് ഞാൻ ഒരു പ്രൊഡക്ഷൻ കമ്പനി ഭാര്യക്കായി രജിസ്റ്റർ ചെയ്തുകൊടുക്കുന്നത്. പക്ഷേ അതിന് ഫണ്ട് ഇല്ലായിരുന്നു. അപ്പോൾ ഞാൻ രാജേഷ് കൃഷ്ണയെ അപ്രോച്ച് ചെയ്തു. തന്നെ കമ്പനിയിൽ ഡയറക്ടർ ആക്കണം, ഒരോ പ്രോജക്റ്റിന് അനുസരിച്ച് താൻ ഫണ്ട് കൊണ്ടത്തരാമെന്നും, അതിനുള്ള റിട്ടേൺ തന്നാൽ മതിയെന്നും രാജേഷ് പറഞ്ഞു. അത് അനുസരിച്ച് അയാളെ 2020-ൽ ബോർഡ് ഓഫ് ഡയറക്ടറാക്കി. ഉടനെ രാജേഷ് അടുത്ത ആവശ്യം ഉന്നയിച്ചു. കമ്പനിയുടെ പേര് മാറ്റി ലണ്ടൻ ടാക്കീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കണം എന്നായി. തനിക്ക് യുകെയിൽ ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നതിനാൽ അങ്ങനെ ഒരു പേര് ഗുണം ചെയ്യുമെന്നാണ് രാജേഷ് പറഞ്ഞത്. ഞങ്ങൾ അതും അംഗീകരിച്ചു.

അഡീഷണൽ ഡയറക്ടറായാണ് രാജേഷിനെ ഉൾപ്പെടുത്തിയത്. ഞാനും ഭാര്യയുമാണ് ആജീവനാന്ത ഡയറക്ടർമാർ. ഇതിന്റെ 90 ശതമാനം ഷെയറും എന്റെ ഭാര്യയുടെ പേരിലാണ്. ഡയറക്ടറായ ഉടനെ തന്നെ എനിക്ക് കോപ്പിപോലും വെക്കാതെ, രാജേഷ് കൃഷണ് ഓഡിറ്റർക്ക് ഒരു മെയിൽ അയച്ചു. കമ്പനിയുടെ കറണ്ട് ഷെയർ ഹോൾഡിങ്ങ് പൊസിഷൻ അറിയണം എന്ന്. ഓഡിറ്റർ റിപ്ലേ കൊടുത്തു. ഉടനെ തന്നെ ഒരു മെയിൽ വീണ്ടും. 74 പേർസെന്റ് രാജേഷിന്റെ പേരിലേക്ക് ആക്കണമെന്നായിരുന്നു അത്. ഇത്തവണ ഓഡിറ്റർ എന്നെ വിളിച്ചു. ഇതിന്റെ ആവശ്യമുണ്ടോ. നല്ല പ്രൊജക്റ്റ് ഉണ്ടെങ്കിൽ ഫണ്ട് പുറത്തുനിന്ന് കിട്ടുമല്ലോ, നിങ്ങൾ ഇത്രും വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഫേം വിട്ടുകൊടുക്കണോ എന്ന് ചോദിച്ചു.

ഞാൻ രാജേഷിനെ വിളിച്ചു. പ്രൊജക്റ്റ് അടിസ്ഥാനത്തിൽ ഫണ്ട് എത്തിക്കാം അതിന്റെ അടിസ്ഥാനത്തിൽ ലാഭം തരാം എന്നല്ലേ നിങ്ങൾ ആദ്യം പറഞ്ഞത്, ഇപ്പോൾ എന്താണ് ഇങ്ങനെ എന്ന് ചോദിച്ചു. അപ്പോൾ അയാൾ പറയുന്നത് തന്റെ കൈയിൽ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പണം ഉണ്ട്. എനിക്ക് മേജർ ഷെയർ ഉണ്ടെങ്കിലേ ഈ കമ്പനിയിൽ അവർക്ക് വിശ്വാസം വരൂ എന്നാണ്. പക്ഷേ അത് കഴിയില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ, ഗ്യാരണ്ടി ചെക്ക് തരണം എന്നായി. എന്റെ മെയിൻ കമ്പനിയിൽ നിന്നാണ് ചെക്ക് വേണ്ടത്. അതും ഇതുമായി കൂട്ടിയോജിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലായില്ല. എന്നാലും ഞാൻ ചെക്ക് കൊടുത്തു.

അതോടെ രാജേഷ് കൃഷ്ണ വീണ്ടും വാക്കുമാറ്റി. ഞാനും രത്തീനയും കമ്പനി നടത്താം, നിങ്ങൾ രാജിവെക്കൂ എന്നായി. അപ്പോൾ ഓഡിറ്റർ എന്നെ വിളിച്ചു. ഇതിൽ എന്തോ ഉണ്ടെന്ന്. ഭാര്യ സിനിമാമേഖലയിൽ പുതുമുഖമാണ്. ഇദ്ദേഹത്തിന് യുകെയിലേക്ക് പോകാം. നാളെ ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾ ഇതുമായി കുടുങ്ങുമെന്ന് ഓഡിറ്റർ പറഞ്ഞു. അപ്പോൾ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. ഭാര്യയുടെ സ്വഭാവമാറ്റം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്താണ് നിങ്ങൾക്ക് റിസൈൻ ചെയ്തുകുടെ എന്നാണ് ഭാര്യയും ചോദിക്കുന്നത്. ഞാൻ റിസൈൻ ചെയ്തുകൊള്ളാം, പക്ഷേ അതിന്റെ ഉദ്ദേശം എന്താണ് എന്ന് അവർക്ക് പറയാൻ കഴിയില്ല.

പിന്നെ രാജേഷും രത്തീനയും ചേർന്ന് എന്നെ ഒഴിവാക്കി ഒരു കമ്പനി തുടങ്ങുകയാണ്. ഇതേ പേര് ഉപയോഗിച്ച്. അത് എങ്ങനെ എന്ന് അറിയില്ല. അതിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. അവർ രണ്ടുപടം ചെയ്തു. അതൊന്നും വിജയിച്ചില്ല. ഭാവനയെ വെച്ച് പടമൊക്കെ ഫ്ളോപ്പായിയെന്നാണ് അറിയുന്നത്.

എന്റെ പേരുപോലും ഒഴിവാക്കി

അതിനുശേഷമാണ് ഡൊമസ്റ്റിക്ക് വയലൻസ് കേസ് വരുന്നത്. അപ്പോഴേക്കും ഭാര്യ പേരുമാറ്റി. അവരുടെ പേരിനൊപ്പം ഉണ്ടായിരുന്ന എന്റെ പേര് പൂർണ്ണമായും എടുത്തുമാറ്റി. അറബിയും ഒട്ടകവും, ഉയരെ എന്നീ സിനിമകളിലൊക്കെ അവർക്ക് ഒപ്പമുള്ളത് എന്റെ പേരാണ്. പക്ഷേ അതിലൊന്നും എനിക്ക് ഒബ്ജഷനില്ല. പ്രായപുർത്തിയായ ആൾക്ക് അങ്ങനെ ചെയ്യാനുള്ള സ്വതന്ത്ര്യമുണ്ട്.

്ഒരുമിച്ച് ഒരു ട്രെയിൻ യാത്രയിലാണ് ഞാൻ അവളെ പരിചയപ്പെടുത്ത്. പ്ലസ്ടു കംപ്ലീറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് അവൾ ചെന്നെയിൽ എത്തുന്നത്. എന്റെ ഒരു തണലിലാണ് അവർ ഈ ലെവലിൽ എത്തിയത്. പക്ഷേ അവൾ പുർണ്ണമായും ഇവന്റെ കൺട്രോളിലായി. കേസ് ഫയൽ ചെയ്തിനുശേഷവും ഒരുപാട് സംഭവങ്ങൾ ഉണ്ടായി. എന്റെ സുഹൃത്തുക്കൾക്ക് ഇൻബോക്സിൽ ഇവർ അയക്കുകയാണ്. ഞാൻ സെപ്പറേറ്റായി, ഇപ്പോൾ ഒരു ബന്ധമില്ല. നിങ്ങൾക്ക് അദ്ദേഹവുമായി സാമ്പത്തിക എടപാടുണ്ടെങ്കിൽ സൂക്ഷിക്കണം എന്ന് മെസേജ് അയച്ചുകൊണ്ടിരിക്കയാണ്. ഞാൻ അവരുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിരുന്നില്ല.

പുഴു എന്ന സിനിമയുടെ പ്രമോഷന് അവർ കുടുംബത്തിനെപ്പറ്റിയോ വന്ന വഴികളെപ്പറ്റിയോ യാതൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഉയരേയിൽ അതെല്ലാം പറഞ്ഞിരുന്നു. ആ പടത്തിൽ ആയിരുന്നില്ല അത് പറയേണ്ടിയിരുന്നത്. ഇവിടെ സ്വന്തമായി സംവിധായിക ആയപ്പോഴാണ്. മനോരമയിൽ അടിച്ചുവന്ന അവരുടെ വാർത്തയിൽ ഫാമലിയെക്കുറിച്ച ഒരക്ഷരം ഉണ്ടായിരുന്നില്ല. ഞാൻ മനോരമ റിപ്പോർട്ടറെ വിളിച്ചു. ഫാമിലി കാര്യം ചോദിക്കരുത് എന്ന് അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിതെന്ന് പറഞ്ഞു. ഇത്രയും വലിയ സപ്പോർട്ട് നമ്മൾ മദ്രാസിൽനിന്ന് കൊടുത്തിട്ടില്ലായിരുന്നെങ്കിൽ സിനിമയുടെ ഒരു കിലോമീറ്റർ ദൂരത്ത് അവൾ എത്തിയിട്ടുണ്ടായില്ല. ചെന്നൈ അന്ന് സൗത്ത് ഇന്ത്യൻ സിനിമകളുടെ ഹബ്ബായിരുന്നു. എന്നിട്ടും അവർ അതൊന്നും പറഞ്ഞില്ല. അതും ഇവന്റെ സ്വാധീനമായിരിക്കും. "- ഷർഷാദ് പറയുന്നു.

( തുടരും)