- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- News Person
ഷർഷാദ് ജീവിതം പറയുന്നു
സകലമേഖലകളിലും ദല്ലാളുകളും ഇടനിലക്കാരുമുള്ള ഒരു ഗുണ്ടാ സ്റ്റേറ്റായി നമ്മുടെ നാട് അധപ്പതിക്കയാണോ? ദീർഘകാലം ചെന്നൈയിൽ വ്യവസായിയായ, കണ്ണൂർ ന്യൂമാഹി സ്വദേശി മുഹമ്മദ് ഷർഷാദിന്റെ ജീവിത കഥ സൂചിപ്പിക്കുന്നത് അതാണ്. ഷർഷാദിനെ പൊതുസമൂഹത്തിന് അധികം അറിയില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ രത്തീന സിനിമാ പ്രേമികൾക്ക് സുപരിചിതയാണ്. മമ്മൂട്ടി നായകനായ 'പുഴു' എന്ന സിനിമയുടെ സംവിധായികയാണ് രത്തീന. പ്ലസ്ടുപോലുമില്ലാത്ത വെറുമൊരു ഹൗസ് വൈഫായി ഒതുങ്ങിപ്പോവുമായിരുന്ന രത്തീനയുടെ കഴിവുകൾ കണ്ടറിഞ്ഞ് വളർത്തിക്കൊണ്ടുവന്നത് ഭർത്താവ് ഷർഷാദാണ്. അവൾക്ക് മമ്മൂട്ടിയെ കാണാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്നതും, സിനിമയിലേക്ക് വാതിൽ തുറന്ന് കൊടുക്കുന്നതുമെല്ലാം, ഷർഷാദാണ്. പക്ഷേ ഭാര്യ പ്രശസ്തിയിലെത്തിയപ്പോൾ മറ്റു ചിലരുടെ വാക്കുകൾ കേട്ട് തന്നെ തള്ളിപ്പറയുകയും, തനിക്കെതിരെ ഗാർഹിക പീഡനത്തിന് കള്ളക്കേസ് കൊടുക്കുകയുമാണ് ചെയ്തത് എന്നും ഷർഷാദ് പറയുന്നു.
ഇത് വെറുമൊരു വഞ്ചനയുടെ കഥയല്ല. ഇതിൽ രാഷ്ട്രീയ ദല്ലാളന്മാർ എങ്ങനെ സിപിഎമ്മിൽ പിടിമുറുക്കുന്ന എന്നതിന്റെ കൃത്യമായ ചിത്രമുണ്ട്. രാജേഷ് കൃഷ്ണ എന്ന, 2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ ഏറുന്നതിന് മുമ്പ് ആരും കേട്ടിട്ടില്ലാത്തയാൾ, എങ്ങനെ കോടികൾ കൊണ്ട് അമ്മാനമാടുന്ന പവർബ്രോക്കറായി എന്നതിന്റെ അനുഭവ സാക്ഷ്യമുണ്ട്. ഒപ്പം ഇസ്ലാമോ-ലെഫ്റ്റ് മലയാള സിനിമയിൽ എങ്ങനെ പിടിമുറുക്കുന്നുവെന്നും, മമ്മൂട്ടിയെന്ന മഹാനടൻ പോലും അവരിൽ പെട്ടുപോവുന്നതിന്റെയും അമ്പരപ്പിക്കുന്ന വിവരണമുണ്ട്. മമ്മൂട്ടിയുടെ നിർദ്ദേശം അനുസരിച്ചാണ് ഷർഷാദ് കൊച്ചിയിലേക്ക് മാറുന്നതുവരെ. എന്നിട്ടും തന്റെ കുടുംബം തകരുന്ന അവസ്ഥ വന്നിട്ടും മമ്മുട്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഷർഷാദ് ചൂണ്ടിക്കാട്ടുന്നു.
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയുമായി നടത്തിയ അഭിമുഖത്തിലാണ് ഷർഷാദ് മനസ്സുതുറന്നത്. അഭിമുഖത്തിന് ആമുഖമായി ഷാജൻ സ്‌ക്റിയ ഇങ്ങനെ പറയുന്നു. 'തലശ്ശേരി ന്യൂമാഹിക്കാരനും ചെന്നൈയിൽ താമസക്കാരനായ മുഹമ്മദ് ഷർഫാദ് എന്ന വ്യവസായി ഒരു ദിവസം എന്നെത്തേടി മറുനാടന്റെ ഓഫീസിൽ എത്തുന്നു. എന്നോട് അദ്ദേഹം ജീവിതത്തിലെ ചില ദുരന്തകഥകൾ പങ്കുവെച്ചു. ഭാര്യയും ഭർത്താവും തമ്മിലുള്ള ഭിന്നത നിങ്ങൾ തമ്മിൽ തീർക്കേണ്ടതാണ് എന്നാണ് എല്ലായിടത്തേയും പോലെ എന്റെ നിലപാട്. എന്നാൽ കേവലം ഭാര്യയും, ഭർത്താവും തമ്മിലുള്ള പ്രശ്നമല്ല, മറിച്ച് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനും, സിപിപിഎമ്മിന്റെ സമുന്നത നേതാക്കളായ തോമസ് ഐസക്കും, ചില ഇടനിലക്കാരുമൊക്കെ ഉൾപ്പെട്ട വലിയൊരു കഥയായതുകൊണ്ട് അതിന് സാമൂഹിക പ്രസക്തിയുണ്ടെന്നും, ഇത്തരക്കാരുടെ ചതിയിൽ പെട്ട് ആരും ഇനി സ്വന്തം ജീവിതം നഷ്ടപ്പെടുത്തരുതേ എന്ന ഉദ്ദേശത്തോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സർവാധിപത്യകാലത്ത് നമ്മുടെ നാട്ടിൽ സംഭവിക്കുന്നതിന്റെ നേർ ചിത്രമാണ് ഷർഷാദിന്റെ ജീവിതം.
തന്റെ പ്രിയപ്പെട്ട ഭാര്യയുടെ കഴിവുകണ്ടെത്തി, അവരെ ഒരു സിനിമാ സംവിധായികയാക്കാൻ പരിശ്രമിക്കുകയും, മമ്മൂട്ടിയെ പരിചയപ്പെടുത്തുകയും, അങ്ങനെ ആദ്യ സിനിമ തന്നെ മമ്മൂട്ടിയെ നായകനാക്കി ഇറക്കാൻ സഹായിക്കുകയുമൊക്കെ ചെയ്ത ഷർഷാദ് ജീവിതത്തിൽ ചതിക്കപ്പെട്ടതിന്റെ കഥയാണ്, ആദ്യ എപ്പിസോഡിൽ."- ഷാജൻ സ്‌കറിയ വ്യക്തമാക്കുന്നു.
ഭാര്യയുടെ കഴിവുകൾ തിരിച്ചറിയുന്നു
മറുനാടൻ എക്‌സ്‌ക്ലൂസീവ് എന്ന യുട്യുബ് ചാനലിൽ മൂന്ന് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത വിശദമായ അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ഷർഷാദ് പറയുന്നു.-'ഞാൻ കഴിഞ്ഞ പത്തുപതിനാറ് വർഷമായി, ചെന്നൈയിൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തിവരികയാണ്. കണ്ണൂർ ജില്ലയിലെ ന്യൂമാഹിയാണ് നാട്. എന്റെ പിതാവ് ചെന്നൈയിൽ ഒരു ബോംബെ ബേസ്്ഡ് കമ്പനിയുടെ മാനേജറായി വർക്ക് ചെയ്യുന്നതിനാൽ സ്‌കൂൾ- കോളജ് ജീവിതത്തിന്റെ കുറച്ചുകാലം ചെന്നൈയിൽ ആയിരുന്നു. പിന്നെ ഫാദർ സ്ഥലം മാറി ബോംബെയിൽ വന്നതോടെ ഞങ്ങൾ നാട്ടിലെത്തി. അവിടെനിന്ന് ബിരുദ പഠനം പൂർത്തിയാക്കി ഒരു സ്വകാര്യ കമ്പനിയിൽ ജോലികിട്ടി. അവിടെനിന്ന് കോയമ്പത്തൂരിലേക്കും, ചെന്നൈയിലേക്കും പ്രമോഷനായി മാറി. 99-ന്റെ തുടക്കത്തിലാണ് ചെന്നൈയിൽ സ്ഥിരതാമസം ആകുന്നത്. 2011-വരെ അങ്ങനെ വിവിധ മേഖലകളിൽ ജോലിചെയ്ത് ജീവിക്കയായിരുന്നു.
2005-ലാണ് എന്റെ വിവാഹം കഴിയുന്നത്. കല്യാണം കഴിഞ്ഞതിനുശേഷമാണ് ഞാൻ എന്റെ ഭാര്യയുടെ കഴിവുകളെക്കുറിച്ച് മനസ്സിലാക്കുന്നത്. ഞങ്ങൾ ഇഷ്ടപ്പെട്ടുള്ള വിവാഹം ആയിരുന്നു. അവരെ പരിചയപ്പെട്ടപ്പോൾ തന്നെ അവരുടെ ക്രിയേറ്റിവിറ്റിയിൽ എനിക്ക് ബോധ്യമുണ്ടായിരുന്നു. തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും അതൊക്കെ പരിഹരിച്ചാണ് ഞങ്ങൾ വിവാഹം കഴിക്കുന്നത്.
പക്ഷേ ഭാര്യക്ക് എന്തെങ്കിലും സപ്പോർട്ട് കൊടുക്കണം എന്ന് ആഗ്രഹിച്ചപ്പോഴൊക്കെ ജോലിയുടെ തിരക്ക് ബാധിച്ചു. സിനിമയിലെത്തും മുമ്പ് അവർ ഒരു ഫ്രഞ്ച് ഡിസൈനിങ്് കമ്പനിയിൽ ജോലിചെയ്തിരുന്നു. അവിടെ ഗ്രാഫിക്ക് ഡിസൈനർ ആയിരുന്നു. ഇന്ന് ഞങ്ങൾ കമ്പനിയിൽ ഉപയോഗിക്കുന്ന പല ലോഗോകളും അവർ ഡിസൈൻ ചെയ്തതാണ്. അത്രക്ക് കഴിവുള്ള ആളാണ്. 2008-ൽ മൂത്തമകൻ ജനിച്ചപ്പോൾ അവൾക്ക് വീണ്ടും കരിയർ ബ്രേക്ക് വന്നു.
എനിക്ക് ഭാര്യയെ പലരീതിയിൽ സപ്പോർട്ട് ചെയ്യണമെന്നുണ്ടായിരുന്നു. അക്കാലത്ത് ചെന്നെയിൽ ഒരു നല്ല സുഹൃദ് വലയം എനിക്കുണ്ടായിരുന്നു. അവരോടൊക്കെ ഞാൻ കാര്യങ്ങൾ പറഞ്ഞു. ചില അവസരങ്ങളൊക്കെ വന്നപ്പോൾ തടസം എന്റെ ജോലിയായിരുന്നു. ഇങ്ങനെ ഒരു എൻടെയിന്മെന്റ് മീഡിയയിലേക്ക് പോവുമ്പോൾ, ഞാൻ അവരുടെ കുടെ ട്രാവൽ ചെയ്യണം. ചെറിയ കുഞ്ഞിനെ നോക്കണം. വീട്ടിൽ ജോലിക്കാരുണ്ടെങ്കിലും ചെറിയ കുഞ്ഞുങ്ങളെ വീട്ടിൽ വിട്ട് പോരാൻ കഴിയില്ലല്ലോ. അങ്ങനെയാണ് ഞാൻ ജോലി വിട്ട്, എന്റെ ഒരു സഹപ്രവർത്തകനുമായി ചേർന്ന് സ്വന്തമായി സ്ഥാപനം തുടങ്ങുന്നത്. പെന്റാ മാർക്കറ്റിങ്ങ് എന്ന ബിൽഡിങ്ങ് മെറ്റീരിയലുകൾ കൊടുക്കുന്ന ഒരു കമ്പനിയായിരുന്നു അത്. പിന്നീട് ഇത് വളർന്നു. പ്രെവറ്റ് ലിമിറ്റഡ് കമ്പനിയായി. അതിലേക്ക് നല്ല ടേൺ ഓവറൊക്കെ വന്നതോടെ എനിക്കും കുറച്ച് സമയം കിട്ടി. "- ഷർഷാദ് പറയുന്നു.
മമ്മൂട്ടിയെ കാണുന്നു
അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ ആസ്ഥാനമായ ചെന്നൈയിൽ വെച്ച് തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി രത്തീനയെ വളർത്തിയ കഥയാണ് പിന്നീട് ഷർഷാദ് പറയുന്നത്്- 'ആ സമയത്താണ് ചെന്നെയിലെ ജയറാം രാമചന്ദ്രൻ എന്ന സിനിമാബന്ധമുള്ള സുഹൃത്ത് വഴി, മമ്മൂട്ടിയെ കാണാനുള്ള ഒരു അവസരം കിട്ടുന്നത്. വൈഫിന്റെ അടുത്ത് അന്ന് ചില സ്‌ക്രിപ്പ്റ്റുകൾ ഉണ്ടായിരുന്നു. അതിന് മുമ്പ് 'അറബിയും ഒട്ടകവും പി മാധവൻ നായരും' എന്ന പ്രിയദർശന്റെ സിനിമയിൽ പോസ്റ്റർ ചെയ്യാൻ അവർക്ക് അവസരം കിട്ടിയിരുന്നു. ഇവർക്ക് എത്രമാത്രം ഡെപ്ത് ഉണ്ട് എന്ന് അറിയാൻ, ജയാറാം രാമചന്ദ്രൻ ഇൻഡിപെൻഡെന്റായി ഈ ജോലി കൊടുക്കുകയായിരുന്നു. അതിൽ അവൾ തിളങ്ങി. അതോടെ മറ്റുള്ളവരും എന്റെ അടുത്തു പറഞ്ഞു. ഇവർക്ക് നല്ല കഴിവുണ്ട്, സപ്പോർട്ട് ചെയ്യണമെന്ന്. സിനിമയുടെ സംവിധായകൻ പ്രിയദർശൻ അവരെ വിളിച്ച് അഭിനന്ദിച്ചു. വലുതായി വരണം എന്ന് പറഞ്ഞ് അനുഗ്രഹിച്ചു.
ജയറാം രാമചന്ദ്രനാണ് മമ്മൂട്ടിയുടെ മാനേജർ ജോർജിന്റെ അടുത്ത് ബന്ധപ്പെട്ട് നമുക്ക് അപ്പോയിന്മെന്റ് വാങ്ങിച്ചുതരുന്നത്. ജോർജ് ഒരു ചെറിയ ഫീഡ് ബാക്ക് മമ്മൂട്ടിക്ക് കൊടുത്തു. മലബാറിലുള്ള ചെന്നൈയിൽ സെറ്റിൽ ആയിട്ടുള്ള മുസ്ലിം ഫാമിലിയിലെ ഒരു ലേഡിക്ക്, ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന്. അങ്ങനെ മമ്മൂട്ടി കാണാൻ അവസരം തന്നു. പുള്ളിക്കാരിയുടെ മനസ്സിൽ അന്നേയുള്ള ആഗ്രഹം, ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് മമ്മൂട്ടിയെവെച്ച് ചെയ്യണമെന്നായിരുന്നു. ഇന്നും അവരുടെ രണ്ടാമത്തെ സിനിമയും മമ്മൂട്ടിക്കുവേണ്ടി ചെയ്യുന്നുവെന്നാണ് അറിഞ്ഞത്. ഞങ്ങളൊക്കെ ചെറുപ്പം മുതൽ മമ്മൂട്ടി ഏറെ ഇഷ്ടപ്പെടുന്നവരുമാണ്.
ഞാനും വൈഫും എന്റെ പാർട്ണറും, ഞങ്ങൾ മൂന്നുപേരും ചേർന്നാണ് 'ജവാൻ ഓഫ് വെള്ളിമല' എന്ന ചിത്രത്തിന്റെ സെറ്റിൽപോയി, തൊടുപുഴയിൽ വെച്ച് മമ്മൂട്ടിയെ കാണുന്നത്്. അന്ന് അദ്ദേഹത്തിന്റെ കാരവനിൽ വെച്ച് എടുത്ത ഫോട്ടോ എന്റെ കൈയിലുണ്ട്. മമ്മൂട്ടി പറഞ്ഞത്, 'ഇതൊന്നും പോരാ നീ ഒരുപാട് വർക്ക് ചെയ്യേണ്ടി വരും' എന്നാണ്. എന്നോട് പറഞ്ഞു, 'അവൾക്ക് കഴിവുണ്ട് പക്ഷേ നിങ്ങൾ സപ്പോർട്ട് ചെയ്താൽ മാത്രമേ കയറിവരാൻ കഴിയു'. രണ്ടുമൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ട് നല്ലൊരു സ്‌ക്രിപറ്റുമായിട്ട് നമുക്ക് ഇരിക്കാം എന്ന് മമ്മൂട്ടി പ്രോൽസാഹിപ്പിച്ചു. അങ്ങനെയാണ് ഞങ്ങൾ പിരിഞ്ഞത്.
അതിനുശേഷം ഇവർ തുടർച്ചായി വർക്ക് ചെയ്തുകൊണ്ടിരുന്നു. അതിനിടെയിൽ പ്രൊഡക്ഷൻ പഠിക്കാൻ വേണ്ടി സെവൻ ആർട്സ് വിജയകുമാറിന്റെ കുടെ ചേർന്നു. അവിടെ കുറേക്കാലം ജോലിചെയ്തു. 'അവൾ' എന്നുപറയുന്ന ഒരു സീരിയൽ അവൾ സ്വന്തമായി പ്രൊഡ്യൂസ് ചെയ്തു. അന്ന് അവൾ കഥ എഴുതുന്നുമുണ്ട്. വീട്ടിൽ രണ്ടുവേലക്കാരികളെ വെച്ചുകൊടുത്താണ് ഞാൻ അവളെ ഫ്രീയാക്കിയത്."- ഷർഷാദ് വ്യക്തമാക്കുന്നു.
കൊച്ചിയിലേക്ക് മാറുന്നത് മമ്മൂട്ടി പറഞ്ഞിട്ട്
'അങ്ങനെ ഒരു കഥ പുർത്തിയാക്കി ഇവൾ മമ്മൂട്ടിക്ക് അയച്ചുകൊടുത്തു. ആ കഥ ഇന്നും സിനിമയായിട്ടില്ല. പക്ഷേ എനിക്കുതന്നെ അത് വേണം എന്ന് പറഞ്ഞ് മമ്മൂട്ടി ആ സക്രിപ്റ്റ് ലോക്ക് ചെയ്ത് വെച്ചിരിക്കയാണ്. അതായിരുന്നു 'പുഴു' സിനിമയുടെ സ്ഥാനത്ത് ചെയ്യേണ്ടിയിരുന്നത്. അതിന്റെ ഡിസ്‌ക്കഷൻ ഒക്കെ ഫൈനലായി എത്തിയിരിക്കേയാണ്, ഞങ്ങളെ വയനാട്ടിൽ 'ഉണ്ട' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് മമ്മൂട്ടി വിളിപ്പിക്കുന്നത്. 2016-ലാണിത്. എന്റെ മക്കളും, ബസ്റ്റ് ഫ്രണ്ടും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
അവിടെ വച്ചാണ് കുറച്ചുകൂടി സീരിയസ് ആയി മമ്മൂട്ടി എന്നോട് കാര്യങ്ങൾ പറയുന്നത്. 'നമ്മൾ അന്ന് കണ്ടപോലെയല്ല. ഇപ്പോൾ ആൾ ഏബിളാണ്. കുറച്ചുകൂടി മച്ച്വേർഡ് ആയി, എക്പീരിയൻസ്ഡ് ആയി'. അതിനിടെ പല പ്രോജക്റ്റുമായി അസോസിയേറ്റ് ചെയ്യാനുള്ള അവസരവും ഇവർക്ക് കിട്ടിയിരുന്നു. അതുകൊണ്ട് പ്രാജക്റ്റുമായി മുന്നോട്ട് പോവാമെന്ന് മമ്മൂട്ടി പറഞ്ഞു.
പക്ഷേ മമ്മൂട്ടി പറഞ്ഞു. അന്ന് നമ്മൾ കണ്ടതുപോലെയല്ല ഇന്ന് മലയാള സിനിമ. ഇന്ന് മലയാള സിനിമ കൊച്ചിയിലേക്ക് മാറിയിരിക്കയാണ്. അതുകൊണ്ട് നിങ്ങൾ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടിവരും. അതിന് നീ തയ്യാറാണോ എന്ന് എനിക്ക് ആദ്യം അറിയണമെന്ന് മമ്മൂട്ടി പറഞ്ഞു. ഇത്രമാത്രം ചെയ്ത സ്ഥിതിക്ക് നമുക്ക് ഒന്നും ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ, അതിന് തയ്യാറാണ് എന്ന് ഞാനും പറഞ്ഞു. രണ്ടുമൂന്ന് സിനിമ ചെയ്ത് ഫേമസ് ആയ നിങ്ങൾ ഉള്ളിടത്തേക്ക് ആളുകൾ വരും, അപ്പോൾ വീണ്ടും ചെന്നൈയിലേക്ക് തന്നെ പോവാമെന്നും മമ്മൂട്ടി പറഞ്ഞു.
പക്ഷേ മമ്മൂട്ടി അന്ന് ഡേറ്റ് കൊടുത്തത് 2019-ലേക്കാണ്. ഇത് 2016-ാണ്. 2019 അക്കാദമിക്ക് ഇയറിൽ കുട്ടികളെ കൊച്ചിയിലേക്ക് സ്‌കൂളിലേക്ക് മാറ്റാമെന്നും നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നും മമ്മൂട്ടി ചോദിച്ചു. കൊച്ചിയും ചെന്നൈയും തമ്മിൽ അത്ര വലിയ ഡിസ്റ്റൻസ് ഇല്ല. എനിക്ക് വീക്കെൻഡ്സിൽ വരാവുന്നതേയുള്ളൂ എന്നും ഞാൻ പറഞ്ഞു. പക്ഷേ 2019-ൽ ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ച ഞങ്ങൾ, 2018-ൽ തന്നെ കൊച്ചിയിലേക്ക് മാറി. അതിനുകാരണം, പ്രൊഡ്യുസർ പി വി ഗംഗാധരന്റെ മക്കൾ എടുക്കുന്ന 'ഉയരെ' എന്ന സിനിമയുടെ ഓഫർ വന്നതുകൊണ്ടാണ്. മൂന്ന് സ്ത്രീകളാണ് ഈ സിനിമയുടെ പ്രൊഡ്യൂസർമാർ. പക്ഷേ അവർക്ക് ഇൻഡസ്ട്രിയിൽ പരിചയമില്ല. അതിനാൽ അവർക്ക് ആ പ്രൊജക്റ്റ് ലീഡ് ചെയ്യാൻ ഒരു ലേഡിയെ വേണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി. ഇക്കാര്യം സെവൻ ആർട്സ് വിജയകുമാറിനോട് ഗംഗാധരൻ പറയുന്നു. വിജയകുമാറാണ് മുൻ പരിചയംവെച്ച് അതിന് രത്തീനയെ നിർദ്ദേശിക്കുന്നത്. ഈ പ്രൊജ്ക്റ്റും മമ്മൂട്ടിയോട് ചോദിച്ചാണ് ഫൈനലൈസ് ചെയ്യുന്നത്. എത്ര എക്പീരിയൻസ് കൂടുന്നുവോ അത്രയും നല്ലതാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്.
പാർവതി തെരുവോത്ത് നായികയായി അഭിനയിച്ച 'ഉയരേ' വൻ വിജയം ആവുകയും ചെയ്തു.
അതിനുവേണ്ടിയാണ് ഞങ്ങൾ വൈറ്റിലയിലേക്ക് ഒരു ഫ്ളാറ്റ് എടുത്ത് മാറുന്നത്. മക്കളെ ഇവിടെ ചോയ്സ് സ്‌കൂളിലേക്ക് മാറ്റി. അതിനൊക്കെ വലിയ തുക ചെലവായി. ആ സമയത്ത് എന്റെ ബിസിനിസിൽ കുറേയെറെ പ്രശ്നങ്ങൾ നേരിട്ടുവെങ്കിലും ഞാൻ അതൊന്നും കുടുംബത്തെ അറിയിച്ചില്ല. ഡിമോണിറ്റൈസേഷൻ, ജിഎസ്ടി എന്നിവ വഴിയുണ്ടായ ചില പ്രശ്നങ്ങൾ കാരണം ബിസിനസ് കുറഞ്ഞു. സിമന്റ് എക്സ്പോർട്ട് നിർത്തി. പല ബിസിനസുകൾ നിന്നുപോയി. കൊച്ചിയിലേക്ക് മാറാൻ പോലും 7-8 ലക്ഷം രൂപ ചെലവന്നു. പക്ഷേ അതോന്നും ഭാര്യയെ അറിയിച്ചില്ല. കാശ് റോൾ ചെയത് ഒപ്പിച്ചു."- ഷർഷാദ് പറയുന്നു.
രാജേഷ് കൃഷണയുടെ എൻട്രി
ഹീറോയായി തന്റെ ജീവിതത്തിലേക്ക് എത്തി പിന്നീട് കട്ട വില്ലനായ യുകെയിലെ രാജേഷ് കൃഷണ എന്ന വിവാദ പുരുഷനെകുറിച്ചാണ് ഷർഷാദ് പിന്നീട് പറയുന്നത്. 'കൊച്ചിയിലേക്ക് മാറുന്നതിന് തൊട്ടുമുമ്പാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് രാജേഷ് കൃഷ്ണ കടന്നുവരുന്നത്. അന്ന് ഞാൻ ഇന്ത്യൻ ഇപോർട്ടേഴ്സ് ചേമ്പർ ഓഫ് കോമോഴ്സ് എന്ന സംഘടനയിലെ അംഗമാണ്. അവർ വഴി 2018 ജനുവരി 26ന്റെ റിപ്പബ്ലിക്ക് ദിന പരേഡ് കാണാൻ അവസരം ലഭിക്കുന്നു. എന്റെയും ഭാര്യയുടെയും രണ്ടുമക്കളുടെയും കൂടെ വൈഫിന്റെ ചേച്ചിയുടെ മകളുമുണ്ട്. അവൾ ചെന്നെയിൽ പഠിക്കയാണ്. അതും ഞാൻ ശരിയാക്കികൊടുത്തതാണ്.
ഡൽഹി റിപ്പബ്ലിക്ക് പരേഡ് കണ്ടുകഴിഞ്ഞപ്പോൾ പിന്നെയും സമയം ബാക്കിയായി. റിട്ടേൺ ടിക്കറ്റിന് രണ്ടുമൂന്ന് ദിവസം കൂടിയുണ്ട്. അപ്പോൾ പാർലിമെന്റ്, രാഷ്ട്രപതി ഭവൻ കാണാൻ വൈഫ് ആഗ്രഹം പറഞ്ഞു. എനിക്ക് രാഷ്ട്രീയക്കാരുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പഠിക്കുന്ന സമയത്ത് സിപിഎം അനുഭാവിയായിരുന്നു. 90-കളിൽ പെരിങ്ങാടി പ്രദേശത്ത് വളരെ കുറച്ച് മുസ്ലീങ്ങൾ മാത്രമാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.
പാർലിമെന്റ് മന്ദിരം കാണാനുള്ള പാസിനുവേണ്ടിയാണ് ഞാൻ എം വി ഗോവിന്ദൻ മാഷിന്റെ മകൻ ശ്യാമിനെ വിളിക്കുന്നത്. ശ്യാമിനെ മൂന്നാല് വർഷം മുമ്പേ പരിചയമുണ്ട്. ശ്യാം, ഡയറക്ടർ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റാണ്. അന്നും ഇന്നും. അന്ന് മാഷ് സിപിഎം സെക്രട്ടറിയല്ല. കോടിയേരിയാണ്. ഞാൻ വിളിച്ച് കാര്യം പറഞ്ഞപ്പോൾ, കുറിച്ച് കഴിഞ്ഞ് ശ്യാം വിളിച്ചു. യുകെയിൽനിന്ന് ഒരു രാജേഷ് കൃഷ്ണ വിളിക്കുമെന്നും അയാൾ ശരിയാക്കി തരുമെന്നും. അപ്പോഴാണ് ഈ പേര് ഞാൻ ആദ്യമായി കേൾക്കുന്നത്. അൽപ്പ സമയം കഴിഞ്ഞ് വാട്സാപ്പിൽ രാജേഷ് വിളിക്കുന്നു. അനീർ എന്നയാൾ വിളിക്കും. ഡോക്യൂമെൻസ് കൊടുത്തോളൂ എന്നു പറഞ്ഞു. പി കെ ബിജുവിന്റെ പി എ ആണ് അനീർ. പക്ഷേ ഇന്നസെന്റിന്റെ പാസാണ് കിട്ടിയത്. ബിജു ഒപ്പിട്ടുവെച്ച പാസ് തീർത്തുപോയിരുന്നു.
പിറ്റേന്ന് പാർലിമെന്റ് മന്ദിരം കാണാൻ പോയപ്പോൾ അനീർ കൂടെയുണ്ട്. അയാൾ രാജേഷ് കൃഷ്ണയെ അടിക്കടി പൊക്കിപ്പറയുന്നു. തുടർന്ന് ബിജുവിനെ ഫോണിൽ വിളിച്ചു. ബിജു പറഞ്ഞത് രാജേഷ് പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റില്ല, എന്നാണ്. ശ്യാം പറഞ്ഞു, രാജേഷ് കൃഷ്ണക്ക് ഒരു താങ്ക്സ് അയച്ചേക്കൂ എന്നു. ഞാൻ ഒരു താങ്ക്സും അയച്ചു. അതോടെ അത് തീർന്നു.
എം വി ഗോവിന്ദന്റെ മകൻ കാശുവാങ്ങുന്നു
'പിന്നെ ഞാൻ രാജേഷ് കൃഷ്ണയെ കാണുന്നത് ഒരു പ്രമുഖ വ്യവസായിക്ക് കിട്ടാനുള്ള പണവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയിലാണ്. എം വി ഗോവിന്ദൻ മാസ്റ്റുടെ മകൻ ശ്യാമും, കേരളത്തിലെ ഒരു സീനിയർ ഐപിഎസ് ഓഫീസറും, വേറൊരു വ്യക്തിയും ചേർന്നായിരുന്നു, സാമ്പത്തിക ഇടപാട്. ശ്യാം ഒരു വ്യവസായിയെ സഹായിക്കാമെന്ന് പറഞ്ഞ് കാശുവാങ്ങി. പക്ഷേ അത് നടന്നില്ല. അപ്പോൾ സ്വാഭാവികമായി കാശു തിരികെ ചോദിക്കും. അപ്പോൾ കാശുകൊടുത്ത ആളിന്റെ മീഡിയേറ്ററായി ഞാനും, ശ്യാമിന്റെ മീഡിയേറ്ററായി രാജേഷ് കൃഷ്ണയും വരുന്നു. അങ്ങനെയാണ് രാജേഷ് കൃഷ്ണയെ നേരിട്ട് കാണുന്നത്.
രണ്ടുമൂന്ന് ദിവസത്തെ തുടർച്ചയായ മീഡിയേഷനാണ്. അതിനിടയിൽ എംബി രാജേഷ്, പി കെ ബിജു, തോമസ് ഐസക്ക്, ശ്രീരാമകൃഷ്ണൻ എന്നിവരൊക്കെ ഇവന് മെസേജ് അയക്കുന്നുണ്ട്. അതൊക്കെ ഇവൻ കാണിക്കും. അത് വലിയൊരു ഗെയിം ആയിരുന്നു. അയാൾക്ക് കുറച്ച് എന്തോ കാശ് കിട്ടി. ഒരുപാട് തൊഴിലാളികൾ ഒക്കെയുള്ള ഒരു വ്യവസായിയായിരുന്നു അദ്ദേഹം. സിപിഎമ്മിനോട കളിച്ചാൽ തൊഴിലാളി പ്രശ്നവും മറ്റുമായി പണികിട്ടുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.
ഭാര്യയും മമ്മൂട്ടിയുമായുള്ള ചർച്ചകളൊക്കെ അപ്പോഴും തുടരുന്നുണ്ട്. രണ്ടുമാസം കഴിഞ്ഞ് സിനിമാ ഇൻഡസ്ട്രിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. അന്ന് പ്രെഡ്യുസർ ആന്റോ ജോസഫാണ് ഫിലിം ചേമ്പർ പ്രസിഡന്റ്. ഇദ്ദേഹം ഒപ്പിട്ട ചില പേപ്പേഴ്സ് കിട്ടിയാൽ മാത്രമേ, രത്തീനക്ക് പടം എടുക്കാൻ കഴിയൂ. എന്നാൽ ആൻേറാ പേപ്പർ ഹോൾഡ് ചെയ്തവെച്ചു. അയാൾക്ക് ആ സിനിമ പ്രൊഡ്യൂസ് ചെയ്യണം അങ്ങനെ എന്തോ പ്രശ്നമായിരുന്നു. മമ്മൂട്ടിയോട് ഇക്കാര്യം പറഞ്ഞപ്പോൾ, 'അത് നിങ്ങൾ തമ്മിൽ തീർത്തോളണം' എന്നായിരുന്നു മറുപടി.
അപ്പോഴാണ് ഞാൻ രാജേഷ് കൃഷ്ണയെ ഓർത്തത്. 2019-ന് ഓണസമയത്ത് രാജേഷ് നാട്ടിൽ ഉണ്ടാവുമെന്ന് ശ്യാം പറഞ്ഞു. അവൻ വന്നാൽ ഹോളിഡേ ഇൻ , മാരിയറ്റ്, ക്രൗൺ പ്ലാസ തുടങ്ങിയ വൻ ഹോട്ടലിലാണ് താമസം. അവിടുത്തെ തന്നെ ഏറ്റവും ഹൈ ക്ലാസ് മുറികളിലാണ് താമസം. ഞാനും ഭാര്യയും പോയി കണ്ട് ഈ വിഷയം പറഞ്ഞപ്പോൾ രാജേഷ് അത് സില്ലിയായാണ് എടുത്തത്. ഇത്രയേ ഉള്ളൂ എന്ന രീതിയിൽ. പുറത്തുവന്നപ്പോൾ ഭാര്യയും പറഞ്ഞു, 'ഇയാൾ എന്താണ് സില്ലിയായിട്ട് പറയുന്നത്. ഇത് നടക്കുമോ എന്ന്'. ഞാൻ ശ്യാമിനെ വിളിച്ചു. രാജേഷ് ഏറ്റാൽ നടക്കും, ഇല്ലെങ്കിൽ ഇല്ലെന്ന് മുഖത്തുനോക്കി പറയുമെന്ന് പറഞ്ഞു.
പക്ഷേ രാജേഷ് ഈ വിഷയം ഏറ്റെടുത്തതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് ചേംബറിൽനിന്ന് ഇങ്ങോട്ട് വിളിക്കയാണ്. നിങ്ങളുടെ പേപ്പർ റെഡിയായിട്ടുണ്ടെന്ന്. ആൻേറായും രാജേഷും കണക്ററഡ് ആണ്. അത് പറയാൻ ബുദ്ധിമുട്ടുണ്ട്. അപ്പോഴാണ് വൈഫ് ഇവൻ ആരാണ് എന്താണ് എന്ന സംഗതികൾ പഠിച്ച് തുടങ്ങിയത്. 'ഉയരെ'യുടെ ഷുട്ടിങ്ങിലേക്ക് ക്ഷണിക്കട്ടെ എന്നും എന്നോട് ചോദിച്ചിരുന്നു. അങ്ങനെ രാജേഷ് ആ സെറ്റിലും എത്തിയിരുന്നു. "- ഷർഷാദ് പറയുന്നു.
തോമസ് ഐസക്ക് ബാങ്കിൽ വിളിക്കുന്നു
ആ സമയത്ത് തനിക്ക് ബാങ്കിൽനിന്നുണ്ടായ ചില പ്രശ്നങ്ങളും, അതിൽ രാജേഷ് കൃഷ്ണ ഇടപെട്ടപ്പോൾ, അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ഇടപെട്ട കഥയുമാണ് പിന്നീട് ഷർഷാദ് പറയുന്നത്. -'ആ സമയത്ത് എന്റെ വർക്കിങ്ങ് ക്യാപിറ്റൽ അക്കൗണ്ട്, ഫെഡറൽ ബാങ്കിൽ പ്രശ്നമായി. ടേൺഓവർ കുറഞ്ഞതിനാലുള്ള പ്രശ്നം മൂലം ബാങ്ക് അത് എൻപിഎ ആക്കി. പക്ഷേ ഞാൻ ഹൈക്കോടതിയിൽ പോയി. ജസ്റ്റിസ് ദേവൻ രാമചന്ദ്രസാർ എന്റെ ക്രഡൻഷ്യലുകൾ പഠിച്ച,് സവാകാശം നൽകാനുള്ള നല്ല വിധിയാണ് പുറപ്പെടുവിപ്പിച്ചത്.
പക്ഷേ അതിനിടെ ബാങ്കുകാർ ചില പണി പറ്റിച്ചു. വൈഫിന്റെ പ്രോപ്പർട്ടിയാണ് കൊളാറ്ററൽ സെക്യൂരിറ്റിയായി കൊടുത്തത്. അവിടെയൊക്കെപ്പോയി നോട്ടീസ് ഒട്ടിച്ചു. ഇത് വലിയ പ്രശ്നമാണ്. അപ്പോഴാണ് ഞാൻ ശ്യാമിന്റെ സഹായം ഇല്ലാതെ രാജേഷ്‌കൃഷ്ണയെ നേരിട്ട് വിളിക്കുന്നത്. 'ജനുവിനാണെങ്കിൽ സഹായിക്കാം, തരികിട കേസല്ലെങ്കിൽ എന്നായിരുന്നു" രാജേഷ് കൃഷ്ണയുടെ മറുപടി
പക്ഷേ രാജേഷ് ഇടപെട്ടതോടെ ബാങ്കിന്റെ നിലപാട് മാറി. ബാബുസാർ എന്ന ഒരു സീനിയർ മോസ്റ്റ് റിക്കവറി ഓഫീസർ ഉണ്ട് അവിടെ. നെടുമ്പാശ്ശേരി എയർപോർട്ടിൽപോയി എയർ ക്രാഫ്റ്റ് റിക്കവറിവരെ നടത്തിയയാൾ. അദ്ദേഹം കോൺഫറൻസ് കോളിൽ എന്നെ വിളിച്ച് പറഞ്ഞു. 'എന്റെ കരിയറിൽ ഒരു സ്റ്റേറ്റിന്റെ ഫിനാൻസ് മിനിസ്റ്റർ വിളിച്ച് ഒരു ഫേവർ ചോദിക്കുന്നത് ഇത് ആദ്യമാണ്. അതിതിനാൽ കേസ് എന്തായാലും ഞങ്ങൾ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് സാവകാശം തരും. പക്ഷേ തുക നിങ്ങൾ പെട്ടന്ന് അടച്ചുതീർക്കണം'.
അതോടെ എനിക്ക് രാജേഷ് കൃഷ്ണയോട് വലിയ വിശ്വാസവും ആരാധനയുമായി. അപ്പോഴാണ് നിങ്ങളുടെ ബിസിനസിന് എന്താണ് പറ്റിയതെന്ന് രാജേഷ് ചോദിക്കുന്നത്. എന്റെ കൈയിൽ ഒരു ബിസിസസ് ഉണ്ട് എന്നും അതിൽ കൂടുന്നോ എന്നും അയാൾ ഇങ്ങോട്ട് ചോദിക്കയാണ്. അത് ഒരു പ്രെവറ്റ് സെക്യൂരിറ്റി കമ്പനിയാണ്. കിങ്ങ്ഡം സർവീസ്സ് യു കെ ലിമിറ്റഡ് എന്ന വലിയ കമ്പനിയാണ്. ഇംഗ്ലീഷുകാർ നടത്തുന്ന അതിൽ 30000 പേർ ജോലിചെയ്യുന്നുണ്ട്്. അവർ ഇവനുമായുള്ള ബന്ധം ഇപ്പോഴും ദുരൂഹമാണ്. ക്ലബ് മേറ്റ്സാണ് എന്നൊക്കെയാണ് പറയുന്നത്.
ആ ബന്ധം വെച്ച് ഇവിടെയും സെക്യൂരിറ്റി കമ്പനി തുടങ്ങാനാണ് രാജേഷ് ശ്രമിച്ചത്. അവിടെയും രാജേഷ് തരികിട കാട്ടി. വിദേശനിക്ഷേപം 51 ശതമാനം മാത്രം അനുവദിച്ച മേഖലയാണിത്. അതിനാൽ ഇവിടെ ഒരു കമ്പനി രജിസ്റ്റർ ചെയ്ത് അത് ഇംഗ്ലീഷുകാരെക്കൊണ്ട് ടേക്കഓവർ ചെയ്യിപ്പിച്ചു. രാജേഷ് കൃഷ്ണയുടെ ഭാര്യപിതാവ് അച്യുതൻ നായർ എന്ന പാവം മനുഷ്യനും, റെജി എന്ന ഈ നാട്ടിലെ ഒരു സെക്യൂരിറ്റി വിദഗ്ധനും പ്രോജക്റ്റിന്റെ ഡയറക്ടർമാരായി. അതിന്റെ ചെന്നൈയിലെ ബ്രാഞ്ചിന്റെ നടത്തിപ്പിലേക്കാണ് എന്നെ ക്ഷണിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് ഈ ബിസിനസ് അറിയില്ലെന്നാണ്. പക്ഷേ തിനക്ക് ഓതറൈസ്ഡ് പേഴ്സണെ സൈനിങ് അതോരിറ്റിയായി മാത്രം മതിയെന്നാണ് രജേഷ് പറഞ്ഞത്. അങ്ങനെ ഓഫീസ് എടുത്തു. ഈ കമ്പനിയുടെ ബ്രാഞ്ചായി റെജിസ്റ്റർ ചെയ്തു. 45 ലക്ഷം ടേൺ ഓവറിലേക്ക് മുന്നാലും മാസം കൊണ്ട് വന്നു. എന്റെയും ബന്ധങ്ങൾവെച്ച് അത് നന്നായി വളർന്നു.
പക്ഷേ അപ്പോഴാണ് ഇടിത്തീപോലെ ആർബിഐയിൽനിന്ന് ലെറ്റർ വരുന്നത്. രാജേഷ്‌കൃഷ്ണയുടെ തരികിടകൾ അവർ പിടിച്ചു. യുകെയിൽനിന്ന് ഫണ്ട് വയലേഷന്റെ പ്രശ്നമായി. ആർബിഐ ഓഡിറ്റിങ്ങിലെ വിശദീകരണം കൃത്യമായില്ല. ഇതോടെ 2021ൽ ഇവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യാനായി യൂണിയൻ മിനിസ്ട്രി ലെറ്റർ കൊടുത്തു."- ഷർഷാദ് പറയുന്നു.
( തുടരും...)