ഡബ്ലിന്‍ തപസ്യയുടെ പുതിയ നാടകം 'ആര്‍ട്ടിസ്റ്റ്' നവംബര്‍ 21-ന് സൈന്റോളജി സെന്ററില്‍

Update: 2025-11-15 13:35 GMT

ഡബ്ലിന്‍: സിറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചട്‌സ്ടൗണ്‍ അവതരിപ്പിക്കുന്ന ഡബ്ലിന്‍ തപസ്യയുടെ പുതിയ നാടകമായ 'ആര്‍ട്ടിസ്റ്റ്' നവംബര്‍ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിലെ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. 'ഇസബെല്‍', 'ലോസ്റ്റ് വില്ല', 'ഒരുദേശം നുണ പറയുന്നു', 'പ്രളയം' തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങള്‍ ഇതിനുമുമ്പ് ഡബ്ലിന്‍ തപസ്യ ഡ്രാമ ക്ലബിന്റെ ബാനറില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

മികച്ച അഭിനയമുഹൂര്‍ത്തങ്ങളും, ഗാനരംഗങ്ങളും, നൃത്തങ്ങളും കോര്‍ത്തിണക്കിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന 'ആര്‍ട്ടിസ്റ്റ്' പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും എന്നും സംഘാടകര്‍ അറിയിച്ചു. വളരെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് നാടകം ഒരുക്കിയിട്ടുള്ളത്.

പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി, പ്രിന്‍സ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളില്‍, സ്മിത അലക്‌സ്, രശ്മി രവീന്ദ്രനാഥ്, വിനോദ് മാത്യു, ജോണ്‍ മാത്യു, ജോസ് ജോണ്‍, റോളി ചാക്കോ, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ബിന്നെറ്റ് ഷിന്‍സ്, ലിന്‍സ് ഡെന്നി, ജിസ്‌ന ബാസ്റ്റിന്‍, ഐറിന്‍ ടോണി, ഇവാന്‍ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സലിന്‍ ശ്രീനിവാസ് രചന നിര്‍വ്വഹിച്ച 'ആര്‍ട്ടിസ്റ്റ്'ന്റെ സംഗീതം സിംസണ്‍ ജോണ്‍, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കര്‍ എന്നിവരും, സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഈ പ്രദര്‍ശനം ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. അയര്‍ലന്‍ഡിലെ കലാസ്‌നേഹികളെ ഒരുമിപ്പിക്കുന്ന ഈ സായാഹ്നത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.

ടിക്കറ്റുകള്‍ക്ക്

https://buy.stripe.com/14AbJ02Ou4IWclT5Le8Zq06

Tags:    

Similar News