കുതിച്ചുയരുന്ന ജീവിത ചെലവിൽ ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ചിരുന്ന എനർജി ക്രെഡിറ്റ് നാളെ മുതൽ ലഭിച്ചു തുടങ്ങും. ആദ്യ ഘട്ടമായി 200 യൂറോയാണ് ലഭിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഇത് ലഭിക്കുന്നത്. തങ്ങളുടെ എനർജി ബില്ലിൽ ക്രെഡിറ്റായാവും ഈ തുക പ്രതിഫലിക്കുക. ബഡ്ജറ്റിലെ ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്.

രാജ്യത്തെ ഏകദേശം 22 ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. നാളെ മുതൽ പദ്ധതി പ്രാബല്ല്യത്തിൽ വരുമെങ്കിലും ഓരോരുത്തരുടേയും എനർജി ബില്ലിന്റെ ഡേറ്റിലായിരിക്കും ഇത് ലഭിക്കുക. നവംബർ ഡിസംബർ മാസങ്ങളിലായി എല്ലാവരുടേയും ബില്ലുകളിൽ ഇത് പ്രതിഫലിക്കും.

രണ്ടാം ഗഡു ജനുവരി -ഫെബ്രുവരി മാസങ്ങളിലെ ബില്ലിലും മൂന്നാം ഗഡു മാർച്ച് - ഏപ്രീൽ മാസത്തെ ബില്ലിലും ക്രെഡിറ്റായി രേഖപ്പെടുത്തും. ചുരുക്കത്തിൽ ഏപ്രീൽ മാസം വരെയുള്ള എനർജി ബില്ലിൽ അല്പം ആശ്വാസമുണ്ടാകുമെന്ന് വ്യക്തം.