താപനില മൈനസ് നാലിൽ എത്തിയതോടെ രാജ്യം കൊടുതണുപ്പിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈനസ് നാലിലെത്തിയതോടെ തണുത്ത് വിറക്കുകയാണ്അയർലണ്ട്. ഇന്നു രാത്രിയും യെല്ലോ അലേർട്ട് നൽകിയിരിക്കുകയാണ് മെറ്റ് ഏറാൻ.താപനില മൈനസ് 4 ഡിഗ്രിയിലേക്ക് താഴുന്നത് മുൻനിർത്തിയാണ് ഇന്നു രാത്രി 10 മണി മുതൽ വെള്ളിയാഴ്ച രാവിലെ 10 മണി വരെ യെല്ലോ മുന്നറിയിപ്പ് നൽകിയത്. ഇന്ന് സ്‌നോ ഫാളും ഉണ്ടായേക്കാം

പൂജ്യം മുതൽ +3 ഡിഗ്രി വരെ ആയിരിക്കും ഇന്നത്തെ ഏറ്റവും ഉയർന്ന താപനില. ഇടയ്ക്ക് സൂര്യരശ്മികളും ചന്നംപിന്നമുള്ള ശീതകാല മഴയും പ്രതീക്ഷിക്കാമെന്നും മെറ്റ് ഏറാൻ പറയുന്നു.ആഴ്ച മുഴുവൻ തണുപ്പ് വളരെ കൂടുതലായിരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.റോഡുകളിലും നടപ്പാതകളിലും മഞ്ഞുറയാൻ സാധ്യതയുണ്ട്.ഡ്രെവർമാർ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാൻ പറയുന്നു.

റോഡിന്റെ ഉപരിതലത്തിൽ ബ്ലാക്ക് ഐസ് തണുത്തുറയാനുള്ള സാധ്യതയുമുണ്ട്. ഇത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ് പറയുന്നു.മഞ്ഞും സ്‌നോയും അന്തരീക്ഷമാകെ മൂടുന്നതോടെ താപനില ഒറ്റ രാത്രികൊണ്ട് -4 മുതൽ പൂജ്യം ഡിഗ്രി വരെ താഴാനിടയുണ്ട്.

അതിനിടെ, രാജ്യത്തിന്റെ ചില ഭാഗത്ത് ശീതകാല മഴയ്ക്കുള്ള സാധ്യതയും മെറ്റ് ഏറാൻ ചൂണ്ടിക്കാട്ടുന്നു.അറ്റ്‌ലാന്റിക് തീരദേശ കൗണ്ടികളായ കൊണാച്ച്, അൾസ്റ്റർ എന്നിവിടങ്ങളിലും ലീൻസ്റ്ററിന്റെ ചില ഭാഗങ്ങളിലും ശീതകാല മഴയും കനത്ത മഞ്ഞുമുണ്ടാകും. താപനില -5 മുതൽ -2 ഡിഗ്രി വരെ കുറയും.

ആഴ്ചയിലെ ബാക്കി ദിവസങ്ങളിൽ രാത്രിയിലും ചില പ്രദേശങ്ങളിൽ പകലും പൂജ്യത്തിന് താഴെയായിരിക്കും താപനില .വരണ്ട കാലാവസ്ഥയായിരിക്കും. ഒപ്പം ആലിപ്പഴം, മൂടൽമഞ്ഞ്, മഞ്ഞ് മഴ എന്നിവയ്ക്കും സാധ്യതയുണ്ട്.വാരാന്ത്യത്തോടെ താപനില പൂജ്യത്തിന് താഴെയാകും.ഞായറാഴ്ച ഏറ്റവും കൂടിയ താപനില പ്ലസ് ടു ഡിഗ്രിയായിരിക്കും.രാത്രിയിൽ താപനില മൈനസ് -6 ലെത്താനുമിടയുണ്ട്.

തിങ്കളാഴ്ച വരെ കൊടും തണുപ്പ് തുടരുമെന്ന് മെറ്റ് ഏറാൻ പറഞ്ഞു. നിലവിലെ കാലാവസ്ഥാ ഉപദേശം തിങ്കളാഴ്ച വരെയാണ് നൽകിയിട്ടുള്ളത്.വരും ദിവസങ്ങളിൽ കൂടുതൽ കാലാവസ്ഥാ മുന്നറിയിപ്പുകളുണ്ടാകുമെന്നും മെറ്റ് ഏറാൻ പറഞ്ഞു.