'പെണ്ണുപിടിയനെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കി; കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും കള്ളു കുടിയന്മാര്‍ക്കും പെണ്ണുപിടിയന്മാര്‍ക്കുമായുള്ള പ്രസ്ഥാനമായി; വനിതാ സഖാക്കാന്മാര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ'; സംസ്ഥാന നേതാക്കളെ മുറിയില്‍ പൂട്ടിയിട്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം; ലോക്കല്‍ സമ്മേളനം അലങ്കോലപ്പെട്ടു
സംസ്ഥാന നേതാക്കള്‍ക്ക് കൂക്കിവിളി; തുറന്നടിച്ച് വനിതാ നേതാക്കള്‍
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഎം സംസ്ഥാന നേതാക്കള്‍ക്ക് എതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംസ്ഥാന നേതാക്കളെ കൂക്കി വിളിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാല്‍ എന്നിവരെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടത്. ഇവര്‍ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ രോക്ഷം.
പ്രതിഷേധം ഉയര്‍ന്നതോടെ കരുനാഗപ്പള്ളി കുലശേഖരപുരം നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സമ്മേളനം അലങ്കോലപ്പെട്ടു. ലോക്കല്‍ കമ്മിറ്റിയിലേക്ക് മത്സരം ഉണ്ടായതോടെ ഒരു വിഭാഗം പ്രതിഷേധിച്ചതാണ് കാരണം. പ്രതിഷേധങ്ങള്‍ക്കിടെ പുതിയ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഏകപക്ഷീയമായ തീരുമാനമെന്ന് ഒരു വിഭാഗം ഇതിനെ വിമര്‍ശിച്ചു. അതിനിടെ സിപിഎം നേതാക്കളെ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പൂട്ടിയിട്ടത്. പീഡന ആരോപണ വിധേയരായ നേതാക്കളെ കമ്മിറ്റിയില്‍ ഉള്‍പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ നേതാക്കള്‍ അടക്കം രംഗത്തെത്തി. പെണ്ണുപിടിയനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയെന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ രോക്ഷപ്രകടനം. സംസ്ഥാന നേതൃത്വം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കൊപ്പമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായ സോമപ്രസാദ് എക്‌സ് എംപി, രാജഗോപാല്‍ എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയാണ് പൂട്ടിയിട്ടത്. വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റം ഉണ്ടായി. വിഷയത്തെ ചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. ഒടുവില്‍ പൂട്ട് പൊളിച്ചാണ് നേതാക്കളെ പുറത്ത് എത്തിച്ചത്
'കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും കള്ളു കുടിയന്മാര്‍ക്കും പെണ്ണുപിടിയന്മാര്‍ക്കുമായുള്ള പ്രസ്ഥാനമായി ഈ പ്രസ്ഥാനം നശിച്ച് നാമാവശേഷമായി. വനിതാ സഖാക്കാന്മാര്‍ക്ക് മാന്യം മര്യാദയോടെ അന്തസ്സായി പ്രസ്ഥാനത്തിന് ഒപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കൈ പിടിച്ച് ഒടിക്കാന്‍ ശ്രമിച്ചു' സിഐടിയു ജില്ലാ കമ്മിറ്റിയംഗമായ വനിതാ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും തങ്ങള്‍ക്ക് പ്രസ്ഥാനം വേണമെന്നും വനിതാ നേതാവ് പറയുന്നു. പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനായാണ് പ്രതികരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
'സ്ത്രീ പീഡനത്തില്‍പ്പെട്ടയാളെ സെക്രട്ടറിയാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്തു. എതിര്‍ത്തിട്ടും ഒരു വിലയും ഇല്ല. സംസ്ഥന കമ്മിറ്റിയംഗം ഞങ്ങള്‍ക്കെതിരെ സംസാരിച്ചു. മാന്യമായിട്ടുള്ള പ്രസ്ഥാനമാണ് വേണ്ടത്. സിപിഎം തത്വശാസ്ത്രത്തിനടിസ്ഥാനമായി പ്രവര്‍ത്തിക്കേണ്ടത്' മറ്റൊരു വനിതാ നേതാവ് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് സഖാവെന്ന പരിഗണന നല്‍കിയിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി നന്നാകണമെന്ന് വിചാരിച്ച് മിണ്ടാതിരിക്കുമായിരുന്നുവെന്നും 21 വര്‍ഷമായി പാര്‍ട്ടിയ്ക്കായി കഷ്ടപ്പെടുന്നുവെന്നും വികാരധീനനായാണ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്.
കരുനാഗപ്പള്ളിയിലെ സിപിഎമ്മില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിഭാഗീയ പ്രശ്‌നങ്ങളാണ് സമ്മേളനങ്ങള്‍ അലങ്കോലപ്പെടാന്‍ കാരണം. തര്‍ക്കത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സിപിഎം തൊടിയൂര്‍ ലോക്കല്‍ സമ്മേളനം തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.