മോഷ്ടിച്ചത് 150 മുറികളുള്ള കൊട്ടാരത്തില്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അലമാരയടക്കം കൃത്യമായ ധാരണയുള്ളവര്‍; പുറത്തു നിന്നുള്ളവരാണ് മോഷ്ടാക്കളെങ്കില്‍ കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു; അല്ലെങ്കില്‍ കൊട്ടാരത്തില്‍ തന്നെയുള്ള ആരെങ്കിലും; കള്ളന്‍ കപ്പലില്‍! കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തിന് പിന്നില്‍ 'രത്‌ന മാഫിയ' പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Update: 2026-03-16 02:49 GMT

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ 150 മുറികളില്‍ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയുടെ കിടപ്പുമുറിയും അവിടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന രഹസ്യ അലമാരയും കൃത്യമായി തിരിച്ചറിഞ്ഞവര്‍ തന്നെയാകാം മോഷണത്തിന് പിന്നിലെന്ന് പോലീസ്. പുറത്തുനിന്നുള്ളവര്‍ക്ക് അത്ര എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയാത്ത മുറിയില്‍ നിന്ന്, രണ്ട് കോടിയോളം വിലമതിക്കുന്ന അതീവ മൂല്യമുള്ള ആഭരണങ്ങള്‍ മാത്രം കവര്‍ന്നത് 'കള്ളന്‍ കപ്പലില്‍ തന്നെ' എന്ന സംശയത്തിന് ബലമേകുന്നു. രത്‌ന മാഫിയയാണോ ഈ മോഷണത്തിന് പിന്നിലെന്ന സംശയം ശക്തമാണ്.

കൊട്ടാരത്തെക്കുറിച്ചും അവിടത്തെ രീതികളെക്കുറിച്ചും ആഭരണങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വ്യക്തമായ ധാരണയുള്ളവരാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. പുറത്തുനിന്നുള്ള മോഷ്ടാക്കളാണെങ്കില്‍ അവര്‍ക്ക് കൊട്ടാരത്തിനുള്ളില്‍ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം. അതല്ലെങ്കില്‍ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരോ ജീവനക്കാരോ തന്നെയാകാം ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. അശ്വതി തിരുനാളിന്റെ കിടപ്പുമുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ള ചുരുക്കം ചിലരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട അന്വേഷണം.

കൊട്ടാരത്തിലെ മുന്‍ ജീവനക്കാരെയും നിലവില്‍ ജോലി ചെയ്യുന്നവരെയും ചോദ്യം ചെയ്യും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തില്‍ എത്തിയ സന്ദര്‍ശകരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. രണ്ട് കോടി രൂപയോളം വിലമതിക്കുന്ന അമൂല്യ രത്‌നങ്ങളും ശ്രീപദ്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവുമടക്കമുള്ള അപൂര്‍വ്വ ശേഖരമാണ് നഷ്ടപ്പെട്ടത്. നവംബറില്‍ ബംഗളൂരുവിലേക്ക് പോകാന്‍ അശ്വതി തിരുനാള്‍ അലമാര തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കൊട്ടാരത്തിനുള്ളിലെ ആരോ എടുത്തതാകാം എന്ന ധാരണയില്‍ ആദ്യം സ്വകാര്യമായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

റൂബി, ഡയമണ്ട്, പച്ചക്കല്ലുകള്‍ എന്നിവ പതിച്ച പുരാതന ആഭരണങ്ങള്‍ക്കൊപ്പം അമൂല്യമായ കുതിരപ്പവന്‍ നാണയങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. കേസ് ഗൗരവകരമായി എടുത്തിരിക്കുന്ന പോലീസ്, സങ്കീര്‍ണ്ണമായ ഈ മോഷണരഹസ്യം പുറത്തുകൊണ്ടുവരാന്‍ വിപുലമായ അന്വേഷണമാണ് നടത്തുന്നത്. കവടിയാര്‍ കൊട്ടാരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഇത്രയും വലിയ മോഷണം നടന്നത് തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സി.സി.ടി.വി. ക്യാമറകളും കനത്ത സുരക്ഷാ സംവിധാനങ്ങളുമുള്ള കവടിയാര്‍ കൊട്ടാരത്തിനുള്ളില്‍ നടന്ന കോടികളുടെ മോഷണം പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ കുഴക്കുന്നുവെന്നതാണ് വസ്തുത. രണ്ടാം നിലയിലെ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറിയ ലക്ഷണമില്ലാതെ, ഇരുമ്പ് അലമാരയിലെ ലോക്കറില്‍ നിന്ന് മാത്രം ആഭരണങ്ങള്‍ നഷ്ടപ്പെട്ടതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഒരേ അലമാരയുടെ ഒരു വശത്തെ ലോക്കറിലെ ആഭരണങ്ങള്‍ മാത്രം നഷ്ടപ്പെടുകയും മറുവശത്തുള്ളവ സുരക്ഷിതമായിരിക്കുകയും ചെയ്തത് കൊട്ടാരത്തെക്കുറിച്ച് സൂക്ഷ്മമായ അറിവുള്ളവരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നാല് കുടുംബങ്ങള്‍ താമസിക്കുന്ന കൊട്ടാരത്തില്‍ നാല്‍പ്പതിലേറെ ജീവനക്കാരാണുള്ളത്. ഇവരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍, ജീവനക്കാരെ തടഞ്ഞുവെക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് കൊട്ടാരം അധികൃതര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോഷണം നടന്നതെന്ന് കരുതപ്പെടുന്ന ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ കൊട്ടാരത്തിലെത്തിയ സന്ദര്‍ശകരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഈ സമയത്ത് നിരവധി യൂട്യൂബര്‍മാര്‍ ഷൂട്ടിങ്ങിനായി കൊട്ടാരത്തില്‍ എത്തിയിരുന്നു. ഇവരെയും ചോദ്യം ചെയ്യുമെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു.

മോഷണം നടന്ന് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് പരാതി നല്‍കിയത് എന്നത് പോലീസിന് വലിയ വെല്ലുവിളിയാകുന്നു. വിരലടയാളം ഉള്‍പ്പെടെയുള്ള ഫോറന്‍സിക് തെളിവുകള്‍ ഇതിനകം നശിച്ചുപോയിരിക്കാം. കൂടാതെ, സന്ദര്‍ശകരില്‍ പലരും നിലവില്‍ വിദേശത്താണെന്ന സൂചനയുമുണ്ട്. ഇവരെ ഫോണ്‍ വഴി ബന്ധപ്പെടാനാണ് പോലീസിന്റെ തീരുമാനം.

Tags:    

Similar News