മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയർന്നിരുന്ന ആരോപണം. സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതാണ് വിഷയത്തെ ഒരിക്കൽക്കൂടി ഇടുക്കിയിൽ ചൂടേറിയ ചർച്ചയാക്കിയത്.

മൂന്നാറിലെ കെ ഡി എച്ച് ഉൾപ്പെടെ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ വിതരണം ചെയ്തിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി, പുതിയ പട്ടയങ്ങൾ വിതരണം നടത്തുന്നതിനായി സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. 1999 ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന നിലയ്ക്ക് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഭൂമിക്ക് അർഹരാണെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നിലവിലെ ചട്ടപ്രകാരം പട്ടയം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം നിലവിൽ 270-ളം പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പിലാവില്ലന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തീകരിക്കാൻ 3 മാസത്തെ സമയം കൂടി സർക്കാർ നീട്ടി നൽകി.

കഴിഞ്ഞ ദിവസം ഇടുക്കി ജില്ല കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർ ദേവികുളം ആർഡിഒ ഓഫീസിൽ എത്തി രവീന്ദ്രൻ പട്ടയങ്ങൾ കൈവശമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ പൂതിയ പട്ടയം നേടിയെടുക്കുന്നതിന് കടമ്പകൾ ഏറെയാണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ പട്ടയമുള്ള ഭൂമി കൈവശമുള്ളവരിൽ ഏറെപ്പേരും അങ്കലാപ്പിലാണ്. ഈ പശ്ചാത്തലത്തിൽ,പട്ടയ വിതരണത്തിന്റെ പിന്നാമ്പുറ കഥകൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് എം.ഐ.രവീന്ദ്രൻ. പരമ്പരയുടെ നാലാംഭാഗം:

1999-ൽ ദേവികുളം താലൂക്കിൽ നടത്തിയ പട്ടയം വിതരണം വഴി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വൻ സാമ്പത്തിക നേട്ടം സ്വന്തമാക്കിയെന്ന് പരക്കെ ആരോപണം ഉയർന്നിരുന്നു. പട്ടയം വിതരണം ചെയ്ത എം ഐ രവീന്ദ്രയിരുന്നു ഇക്കാര്യത്തിൽ കൂടുതൽ പഴികേട്ടത്. അധികാര ദുർവിനയോഗം നടത്തിയെന്നും തോന്നുംപോലെ പട്ടയങ്ങൾ വിതരണം നടത്തി വൻ തുകകൾ വാങ്ങിയെന്നുമായിരുന്നു രവീന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ.

എന്നാൽ ഇക്കാര്യത്തിൽ തന്റെ കൈകൾ ശുദ്ധമാണെന്നാണ് രവീന്ദ്രന്റെ വാദം. സർവ്വീസിൽ നിന്ന് പിരിഞ്ഞ് 22 വഷത്തോളം പിന്നിട്ടും ഈ വിഷയത്തിൽ ആരോപണങ്ങളും അവഗണനയും വിടാതെ പിൻതുടരുന്നുണ്ടെന്നും വസ്തുതകൾ പഠിക്കാത്തവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നുമാണ് രവീന്ദ്രന്റെ നിലപാട്.

രവീന്ദ്രന്റെ വാക്കുകൾ

സർക്കാർ ജീവനക്കാർ അഴിമതി നടത്തിയാൽ അന്വേഷിച്ച് നടപടിയെടുക്കുന്നത് ക്രൈംബ്രാഞ്ച്, വിജിലൻസ് എന്നീ വിഭാഗങ്ങളാണ്. 2007- മൂന്നാർ കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ദൗത്യസംഘം എത്തിയപ്പോൾ, ഞാൻ കോടീശ്വനാണ് വൻതുക സമ്പാദിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ അവരുടെ ശ്രദ്ധയിലും എത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വന്നു, ക്രൈംബ്രാഞ്ച് വന്നു. ശാരീരികമായി ഉപദ്രവിച്ചില്ല എന്നത് ഒഴിച്ചാൽ മറ്റെല്ലാവിധത്തിലും സമ്മർദ്ദം ചെലത്തിയായിരുന്നു അന്വേഷണം.

35 വർഷം ജോലി ചെയ്തിട്ടും ആകെയുള്ള സമ്പാദ്യം ഈ വീട് മാത്രമാണെന്ന് ഞാൻ അവരോട് പറഞ്ഞു. സഹോദരിയെ വിവാഹം കഴിച്ച വീട്ടിൽ ഉദ്യോഗസ്ഥർ എത്തി, രവീന്ദ്രന്റെ കാശുകൊണ്ടല്ലെ ഇതെല്ലാം നിങ്ങൾ സ്വന്തമാക്കിയതെന്ന് ചോദിച്ച്, നാണം കെടുത്തി. അയാൾ സിവിൽ സപ്ലൈസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. അങ്ങേർക്ക് സമ്പാദ്യവും നല്ലശമ്പളവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവർ ജീവിച്ചിരുന്നത്.

കുറച്ചേറെ മാനസീക വിഷമം ഉണ്ടായെങ്കിലും വിജിലൻസും ക്രൈംബ്രാഞ്ചും റിപ്പോർട്ട് നൽകിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. ഇവർ നൽകിയ റിപ്പോർട്ടിൽ ഞാൻ അവിഹിതമായി ഒന്നും സമ്പാദിച്ചില്ലെന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇപ്പോഴും നാട്ടുകാർക്കിടയിൽ കുറച്ചുപേർ വിശ്വസിക്കുന്നത് ലക്ഷപ്രഭുവെന്നാണ്. പെൻഷൻ കിട്ടുന്ന തുക കൊണ്ട് ഒരു വിധത്തിൽ കഴിഞ്ഞുകൂടുന്നു എന്നതാണ് വാസ്തവം.

ഒരു വട്ടം ഹൃദയ സ്തംഭനവുമുണ്ടായി. ലക്ഷങ്ങളാണ് ചികത്സയ്ക്കായി ചെലവായത്. ഹൃദയ സംബന്ധമായ തകരാറുകളും മറ്റ് ശാരീരിക അസ്വസ്ഥതകളും തുടരുന്നതിനാൽ ബസ്സിൽ കയറിയിറങ്ങിയും മറ്റുമുള്ള യാത്രകൾ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഭാര്യയ്ക്ക് നട്ടെല്ലിന് തകരാറും മറ്റ് പലവിധ രോഗങ്ങളുമുണ്ട്. 2016-ൽ തവണ വ്യവസ്ഥയിൽ ഒരു കാർ വാങ്ങി. അഞ്ചേകാൽ ലക്ഷം രൂപയായിരുന്നു വായ്പ.

വായ്പ തിരച്ചടവ് മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണ്. കാർ ജപ്തി ചെയ്തുകൊണ്ടുപോകുമെന്നും പറഞ്ഞ് ബാങ്കുകാർ നോട്ടീസ് തന്നിട്ടുണ്ട്. അതിലൊന്നും ഒട്ടം മനോവിഷമം ഇല്ല. എങ്ങീനെയെങ്കിലും മറിച്ചും തിരിച്ചുമൊക്കെ കുടിശിക തീർക്കാമെന്നാണ് കരുതുന്നത്. ഇതു കൂടാതെ പെൻഷനിൽ നിന്നും തുക പിടിക്കുന്ന തരത്തിൽ ലോണെടുത്തിട്ടുണ്ട്. 8500 രൂപ ഈ വകയിലും അടയ്ക്കണം. പെൻഷൻ ഇനത്തിൽ ലഭിക്കുന്നത് 35000 രൂപയാണ്. ഇതിൽ 15000 രൂപയോളം ലോൺ അടവും മറ്റുമായി തീരും. ബാക്കിയുള്ള 15000 രൂപ കൊണ്ടാണ് ജീവിതം.

കുറച്ച് റബ്ബർ ആയിരുന്നു ആകെയുണ്ടായിരുന്ന വരുമാനം. അത് വെട്ടികളഞ്ഞ് പുതിയ തൈവച്ചിരിക്കുകയാണ്. ഏറെ നാളത്തെ പരിശ്രമത്തിനും അലച്ചിലിനും ഒടുവിൽ അടുത്ത കാലത്ത് 50 സെന്റ് സ്ഥലത്തിന് പട്ടയം കിട്ടി. വനപ്രദേശമാണെന്ന് പറഞ്ഞ് റവന്യുവകുപ്പ് പെരിങ്ങാശേരി ഭാഗത്ത് പട്ടയം നൽകാൻ തയ്യാറായിരുന്നില്ല.സർക്കാർ നിലപാടിലുണ്ടായ ഭേദഗതികളെത്തുടർന്നാണ് ഇവിടുത്തെ അപേക്ഷകർക്ക് പട്ടയം ലഭിച്ചത്.

ഈ പട്ടയം ബാങ്കിൽ പണയപ്പെടുത്തി ഒരു ലക്ഷം രൂപ എടുക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്. മക്കളും മക്കളുടെ മക്കളുമൊക്കെയായി. വിശേഷ ദിവസങ്ങളിൽ അവരെല്ലാം വീട്ടിൽ വരും. അപ്പോൾ എന്റെ കിടപ്പ് മുറിക്ക് പുറത്താവും. അതിനാൽ വീടിനോട് ചേർന്ന് ഒരു മുറികൂടി പണിയാൻ തീരുമാനിച്ചു. പണി നടന്നുവരികയാണ്. ഇതൊന്ന് പൂർത്തിയാക്കണം.രവീന്ദ്രൻ വിശദമാക്കി.

പട്ടയങ്ങൾ വ്യാജനാണെന്ന് വി എസ് പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി എതിർത്തപ്പോൾ വ്യാജൻ ഭാഗികം മാത്രമാണെന്ന് നിലപാട് മയപ്പെടുത്തി. എന്നാൽ ഒരു പട്ടയം പോലും വ്യാജനല്ലന്ന് പിന്നീട് തെളിഞ്ഞു .അതും സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ. ഇത് സംബന്ധിച്ച് വിജിലൻസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല. ഇതെക്കുറിച്ചുള്ള രവീന്ദ്രന്റെ പ്രതികരണം നാളെ.

തുടരും: