- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ വിഎസിന്റെ പൂച്ചകൾ കയറി മേഞ്ഞ കാലത്ത് ബുൾഡോസർ ഇടിച്ചുനിന്നത് രവീന്ദ്രൻ പട്ടയമുള്ള സിപിഐ-സിപിഎം ഓഫീസുകൾക്ക് മുന്നിൽ; പട്ടയം ഇടതുസർക്കാർ റദ്ദാക്കിയതോടെ നാട്ടുകാർ അങ്കലാപ്പിൽ; പിന്നാമ്പുറ കഥകൾ തേടി മറുനാടൻ പരമ്പര
തൊടുപുഴ: മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയർന്നിരുന്ന ആരോപണം. സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതാണ് വിഷയത്തെ ഒരിക്കൽക്കൂടി ഇടുക്കിയിൽ ചൂടേറിയ ചർച്ചയാക്കിയത്.
മൂന്നാറിലെ കെ ഡി എച്ച് ഉൾപ്പെടെ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ വിതരണം ചെയ്തിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി, പുതിയ പട്ടയങ്ങൾ വിതരണം നടത്തുന്നതിനായി സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. 1999 ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന നിലയ്ക്ക് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഭൂമിക്ക് അർഹരാണെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നിലവിലെ ചട്ടപ്രകാരം പട്ടയം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം നിലവിൽ 270-ളം പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പിലാവില്ലന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തീകരിക്കാൻ 3 മാസത്തെ സമയം കൂടി സർക്കാർ നീട്ടി നൽകി.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ല കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർ ദേവികുളം ആർഡിഒ ഓഫീസിൽ എത്തി രവീന്ദ്രൻ പട്ടയങ്ങൾ കൈവശമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ പൂതിയ പട്ടയം നേടിയെടുക്കുന്നതിന് കടമ്പകൾ ഏറെയാണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ പട്ടയമുള്ള ഭൂമി കൈവശമുള്ളവരിൽ ഏറെപ്പേരും അങ്കലാപ്പിലാണ്.
മൂന്നാറിൽ റിസോർട്ടുകൾ ഉൾപ്പെടെ വൻകിട സ്ഥാപനങ്ങളിൽ ചിലത് സ്ഥിതി ചെയ്യുന്നത് രവീന്ദ്രൻ നൽകിയ പട്ടയ ഭൂമിയിലാണ്. അപേക്ഷ സ്വീകരിക്കലാണ് പൂതിയ പട്ടയം നൽകുന്നതിനുള്ള ആദ്യ നടപടിക്രമം. പിന്നാലെ സ്ഥലം താലൂക്ക് സർവ്വെയർ അളന്ന് തിട്ടപ്പെടുത്തി സ്കെച്ചും മഹസറും തയ്യാറാക്കും. ഇത് ലാന്റ് ആസൈമെന്റ് കമ്മറ്റിയിൽ വയ്ക്കണം. കമ്മറ്റി അംഗീകരിച്ചാൽ തഹസീൽദാർ പരിശോധിച്ച്, കളക്ടറുടെ അനുമതിക്കായി കൈമാറും. കളക്ടർ അനുമതി നൽകുന്ന മുറയ്ക്ക് 12(1) നോട്ടീസ് തയ്യാറാക്കി താലൂക്ക് ഓഫീസിലെ നോട്ടീസ് ബോർഡ് ബന്ധപ്പെട്ട് പഞ്ചായത്തിലെ നോട്ടീസ് ബോർഡ്, അപേക്ഷയിൽ പറഞ്ഞിട്ടുള്ള സ്ഥലം എന്നിവിടങ്ങളിൽ പതിക്കും.നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സംബന്ധിച്ച് ആക്ഷേപം ഉണ്ടായിട്ടില്ലങ്കിൽ 15 ദിവസത്തിനുള്ളിൽ പട്ടയം ലഭി്ക്കുന്നതിനുള്ള പണം അടയ്ക്കാൻ അനുമതി ലഭിക്കും.തുടർന്ന് ഒരുമാസത്തിനുള്ളിൽ പട്ടയം നൽകാം എന്നതാണ് നിലവിലെ ചട്ടം.
രവീന്ദ്രൻ പട്ടയം പുതുക്കി നൽകുന്ന കാര്യത്തിലും ഈ നടപടിക്രമങ്ങളെല്ലാം ബാധകമാണ്. പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം കൃത്യമായി പരിശോധിച്ച്, നിലവിലെ ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകാവുന്ന ഭൂമിയാണോ എന്ന് തിട്ടപ്പെടുത്തിയാവും പുതിയ പട്ടയം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
റദ്ദാക്കിയ പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അത്രയും സ്ഥലം പുതുക്കി നൽകുന്ന പട്ടയം വഴി ലഭിക്കുമോ എന്ന കാര്യത്തിലും കൃത്യതയില്ല. ഇതും നിലവിലെ ഭൂമി പതിവ് ചട്ടത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വിശദമാക്കുന്നത്. പട്ടയത്തിൽ നിർണ്ണയിച്ചിട്ടുള്ള ഭൂമി ഒന്നിലധികം പേരുടെ കൈവശത്തിലാണെങ്കിൽ നൂലാമാലകൾ ഒന്നൂകൂടി മുറുകും. മൊത്തത്തിൽ പുതിയ പട്ടയങ്ങൾ നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ കീറാമുട്ടിയാവുമെന്ന് സാരം.
മൂന്നാർ കെഡിഎച്ച് വില്ലേജിൽ ഇനിയും റീസർവ്വെ പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ പട്ടയ സ്ഥലം കൃത്യമായി തിരിച്ചെടുക്കുക എന്നത് ഏറെ ശ്രമകരമാണ് .ഈ വില്ലേജിൽ മാത്രം 100 ലേറെ രവീന്ദ്രൻ പട്ടയങ്ങളുണ്ട്. ഇതിന് പുറമെ നിരവധി വ്യാജപട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുമുണ്ട്.
ലാന്റ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ അട്ടിമറിച്ചെന്ന പരാതി ഉയർന്നതോടെയാണ് രവീന്ദ്രൻ പട്ടയങ്ങളുടെ നിയമസാധ്യത ചർച്ചയായത്. പാർട്ടി ഓഫീസുകൾ രവീന്ദ്രൻ പട്ടയഭൂമിയിലാണെന്നതിനാൽ വിഷയം സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി. ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2007 ൽ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ മൂന്നാർ ദൗത്യസംഘത്തെ നിയോഗിച്ചു. ഇതോടെ രവീന്ദ്രൻ പട്ടയ വിവാദത്തിന് മൂർച്ച കൂടി.
ഇടുക്കി ജില്ലയിലെ പല പാർട്ടി ഓഫീസുകളും പ്രവർത്തിക്കുന്നത് രവീന്ദ്രൻ പട്ടയമുള്ള ഭൂമിയിലാണെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു.വി എസ് നിയോഗിച്ച മൂന്നംഗ ദൗത്യസംഘം ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റി ഭൂമി പിടിച്ചെടുക്കുന്നതിന് വി എസ് സർക്കാർ നടത്തിയ നീക്കം രാഷ്ട്രീയ- നിയമ പ്രശ്നങ്ങളിൽപ്പെട്ട് എങ്ങും എത്താതെ അവസാനിക്കുകയായിരുന്നു.
1998-ൽ ഇടുക്കി കളക്ടർ ആയിരുന്ന വി.ആർ പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയെന്നാണ് അന്നും ഇന്നും പട്ടയം നൽകിയ തൊടുപുഴ പെരുങ്ങാശേരി സ്വദേശി എംഐ രവീന്ദ്രന്റെ നിലപാട്. മാറിയ സാഹചര്യത്തിൽ താൻ പട്ടയം വിതരണം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പിന്നീട് ഉണ്ടായ വിവാദങ്ങൾക്ക് പിന്നിലെ കാര്യ-കാരണങ്ങളെക്കുറിച്ചും മറുനാടനോട് മനസ്സുതുറന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം നാളെ മുതൽ നാളെ മുതൽ മറുനാടൻ മലയാളിയിൽ വായിക്കാം.
മറുനാടന് മലയാളി ലേഖകന്.