മുംബൈ: വായ്പാ ചട്ട ലംഘനത്തിന് ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴയിട്ട് റിസർവ് ബാങ്ക്. വായ്പാ ചട്ട ലംഘനത്തിന് പുറമേ തട്ടിപ്പുകൾ റിപ്പോർട്ടുചെയ്തതിലെ കാലതാമസവും പിഴയ്ക്ക് കാരണമായി. നേരത്തെ വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് എച്ഡിഎഫ്‌സി ബാങ്കിന് 10 കോടി രൂപ ആർബിഐ പിഴ ചുമത്തിയിരുന്നു. 2021 മെയിലായിരുന്നു ആ സംഭവം. ഈ സാമ്പത്തിക വർഷം സ്വകാര്യ ബാങ്കുകൾക്ക് മേൽ ചുമത്തിയ ആകെ പിഴയേക്കാൾ കൂടിയ പിഴയാണ് ഐസിഐസിഐ ബാങ്കിന് മേൽ ചുമത്തിയത്.

ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക നില നിർണയിക്കാൻ, 2020, 2021 വർഷങ്ങളിലെ രേഖകൾ ആർബിഐ പരിശോധിച്ചിരുന്നു. ഐസിഐസിഐ ബാങ്കിന്റെ രണ്ടുഡയറക്ടർമാർ ബോർഡംഗങ്ങളായ കമ്പനികൾക്ക് ചട്ടം ലംഘിച്ച് വായ്പ നൽകിയതായി പരിശോധനയിൽ കണ്ടെത്തി. വാണിജ്യ ബാങ്കിന്റെ പരിധിയിൽ വരാത്ത സാമ്പത്തികേതര ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്തതായും കണ്ടെത്തി. മൂന്നാമതായി തട്ടിപ്പുകൾ കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യുന്നതിലും ബാങ്ക് പരാജയപ്പെട്ടു. ക്രമക്കേടുകൾ തിരിച്ചറിഞ്ഞതോടെ, ആർബിഐ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

ബാങ്കിന്റെ വിശദീകരണം കേട്ടതിന് ശേഷം ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ചട്ടങ്ങളും, ആർബിഐ നിർദ്ദേശങ്ങളും ഐസിഐസിഐ ബാങ്ക ലംഘിച്ചതായി വിലയിരുത്തിയാണ് പിഴ ചുമത്തിയത്.

കൊട്ടക് മഹീന്ദ്ര ബാങ്കിനും ആർബിഐ 4 കോടി പിഴ ചുമത്തിയിട്ടുണ്ട്. റിസ്‌ക് മാനേജ്‌മെന്റ്, ഔട്ട്‌സോഴ്‌സിങ്, റിക്കവറി ഏജന്റ്‌സ്, വായ്പാ മാനേജ്‌മെന്റ് എന്നിവയിലെ ചട്ട ലംഘനമാണ് കൊട്ടക് മഹീന്ദ്രയ്ക്ക് എതിരായ നടപടിക്ക് കാരണം,