ന്യൂഡൽഹി: കോടക് മഹീന്ദ്ര ബാങ്ക് ഓൺലൈനായി പൂതിയ ഇടപാടുകാരെ ചേർക്കുന്നതിനും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനും വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. ഡാറ്റാ സുരക്ഷാ ആശങ്കകളും, ഐടി അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാണിച്ചാണ് നടപടി. നിലവിൽ ക്രെഡിറ്റ് കാർഡ് ഉള്ളവരടക്കം കസ്റ്റമേഴ്‌സിന് തുടർന്നും ബാങ്ക് സേവനം നൽകുന്നതിൽ തടസ്സമില്ല. വാർത്താ കുറിപ്പിലാണ് ആർബിഐ ഇക്കാര്യം അറിയിച്ചത്.

2022-2023 വർഷങ്ങളിൽ ആർബിഐ നടക്കിയ ഐടി പരിശോധനയ്ക്ക് ശേഷം നൽകിയ പരിഹാര നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കോടക് മഹീന്ദ്ര ബാങ്ക് വരുത്തിയ വീഴ്ചയാണ് വിനയായത്. ഡാറ്റ സുരക്ഷ, ഡാറ്റ ചോർച്ച തടയൽ, ഐടി ഇൻവന്റ്‌റി മാനേജ്‌മെന്റ് എന്നിവയടക്കം നിരവധി പോരായ്മകളും ചട്ട ലംഘനങ്ങളും കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ കാട്ടി ബാങ്ക് നൽകിയ വിശദീകരണവും തൃപ്തികരമായില്ല.

കരുത്തുറ്റ ഐടി അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് ചാനലുകളിൽ അടിക്കടി സേവനത്തെ ബാധിക്കും വിധം പ്രശ്‌നങ്ങളുണ്ടായത് ബാങ്ക് ഇടപാടുകാർക്ക് അസൗകര്യമുണ്ടാക്കി. ഏപ്രിൽ 15 നാണ് ഇത്തരത്തിൽ ഏറ്റവുമൊടുവിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടത്.

അതേസമയം, ബാങ്കിന്റെ ഡിജിറ്റൽ ഇടപാടുകളിൽ വലിയതോതിലുള്ള വളർച്ചയുണ്ടായി. ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചത് ഐടി സംവിധാനത്തിന്റെ ഭാരം കൂട്ടി. കസ്റ്റമേഴ്‌സിന്റെ താൽപര്യ സംരക്ഷിക്കാനാണ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തിരുത്തൽ നടപടികൾക്കും ഓഡിറ്റിനും ശേഷം നിയന്ത്രണങ്ങൾ പുനഃ പരിശോധിക്കുമെന്നും ആർബിഐ വ്യക്തമാക്കി.

1985 ൽ ഉദയ് കോടക്, കോടക് ക്യാപിറ്റൽ മാനേജ് ഫിനാൻസ് തുടങ്ങിയതോടെ കോടക് മഹീന്ദ്രയുടെ യാത്ര ആരംഭിച്ചു. അടുത്ത വർഷം, ആനന്ദ് മഹീന്ദ്രയും പിതാവ് ഹരീഷ് മഹീന്ദ്രയും കമ്പനിയിൽ നിക്ഷേപം ഇറക്കുകയും കോടക് മഹീന്ദ്ര ഫിനാൻസ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

2003 ൽ കോടക് മഹീന്ദ്ര ഫിനാൻസിന് ആർബിഐയുടെ ബാങ്കിങ് ലൈസൻസ് കിട്ടി. ബാങ്കായി മാറുന്ന ആദ്യ ബാങ്കിങ് ഇതര സ്ഥാപനമായിരുന്നു കോടക് മഹീന്ദ്ര ഫിനാൻസ്. കഴിഞ്ഞ വർഷം ഡിസംബർ 31 ലെ കണക്കുപ്രകാരം ബാങ്കിന് 4.8 കോടി കസ്റ്റമേഴ്‌സും, 1,869 ബ്രാഞ്ചുകളും, 3,239 എടിഎമ്മുകളും ഉണ്ട്.