- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ വൈ സി അടക്കം മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച; മണപ്പുറം ഫിനാൻസിന് 43 ലക്ഷവും, ആക്സിസ് ബാങ്കിന് 91 ലക്ഷവും പിഴയിട്ട് റിസർവ് ബാങ്ക്; മണപ്പുറം സ്വർണലേലത്തിൽ അടക്കം ചട്ടങ്ങൾ പാലിച്ചില്ലെന്ന് ആർബിഐ
മുംബൈ: ചട്ടലംഘനത്തിന് മണപ്പുറം ഫിനാൻസിനും, ആക്സിസ് ബാങ്കിനും പിഴയിട്ട് റിസർവ് ബാങ്ക്. ആക്സിസ് ബാങ്കിന് 90.92 ലക്ഷവും, മണപ്പുറത്തിന് 42.78 ലക്ഷവുമാണ് പിഴ. 2016 ലെ കെവൈസിയുമായി ബന്ധപ്പെട്ട ആർബിഐ നിർദ്ദേശങ്ങൾ, ലോണുകളും അഡ്വാൻസുകളും, റിസ്ക് കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ലംഘിച്ചതാണ് ഇരുസ്ഥാപനങ്ങൾക്കെതിരെയും നടപടി ക്ഷണിച്ചുവരുത്തിയത്.
നവംബർ രണ്ടിലെ ഉത്തരവിലാണ് ആക്സിസ് ബാങ്കിന് പിഴയിട്ടത്. ചട്ടലംഘനത്തിലെ പോരായ്മകളുടെ പേരിലാണ് നടപടി. ഇടപാടുകാരെ തിരിച്ചറിയുന്നതിനും അവരുടെ വിലാസവുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നതിലും ആക്സിസ് ബാങ്ക് പരാജയപ്പെട്ടതായി റിസർവ് ബാങ്ക് അറിയിച്ചു. കൂടാതെ ചില ഉപഭോക്താക്കളുമായി റിക്കവറി ഏജന്റുമാർ നടത്തിയ കോളുകളുടെ ഉള്ളടക്കം സൂക്ഷിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും കണ്ടെത്തി. ബാങ്കും, ഉപഭോക്താക്കളുമായുള്ള ഏതെങ്കിലും ഇടപാടിന്റെയോ, കരാറിന്റെയോ സാധുത നിശ്ചയിക്കാൻ ഉദ്ദേശിച്ചല്ല ആക്സിസ് ബാങ്കിന്റെ പേരിലുള്ള നടപടിയെന്ന് ആർബിഐ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
2016 ലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളുടെ ലംഘനങ്ങളുടെ പേരിലാണ് തൃശൂർ കേന്ദ്രമായുള്ള മണപ്പുറം ഫിനാൻസിന് മേൽ 42.78 ലക്ഷം പിഴയിടാൻ കാരണം. പണയം വച്ച സ്വർണം ലേലം ചെയ്ത ശേഷം മിച്ചം ലഭിച്ച തുകയുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാൻസ് ചട്ടങ്ങൾ പാലിച്ചില്ലെന്ന് ആർബിഐ വ്യക്തമാക്കി. ലേലത്തിലൂടെ അധികം ലഭിച്ച തുക വായ്പ എടുത്തവർക്ക് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ മണപ്പുറം ഫിനാൻസ് വീഴ്ച വരുത്തിയെന്ന് ആർബിഐയുടെ പരിശോധനയിൽ കണ്ടെത്തി. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കമ്പനിയുടെ മറുപടി കൂടി പരിഗണിച്ചാണ് മണപ്പുറത്തിന് എതിരെ പിഴ ചുമത്തിയത്.
ആനന്ദ് രഥി ഗ്ലോബൽ ഫിനാൻസ് കമ്പനിക്കും ചട്ടലംഘനത്തിനായി ആർബിഐ 20 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ