ന്യൂഡൽഹി: കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒ, എംഡി സ്ഥാനത്ത് നിന്ന് ബാങ്കർ ഉദയ് കോട്ടക് രാജി വച്ചു. ഏതാനും മാസങ്ങൾ കൂടി തനിക്ക് കാലാവധി ഉണ്ടെങ്കിലും, താൻ ഉടനടി വിടവാങ്ങുകയാണെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ പ്രകാശ് ആപ്‌തെക്ക് അയച്ച കത്തിൽ അദ്ദേഹം എഴുതി. ' കുറച്ചുനാളായി ഈ തീരുമാനം എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഇത് ശരിയായ കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു', അദ്ദേഹം കത്തിൽ കുറിച്ചു.

' വർഷാവസാനത്തോടെ, ചെയർമാനും, ഞാനും, ജോയിന്റ് എംഡിയും പടിയിറങ്ങേണ്ടതായിട്ടുണ്ട്. അതുകൊണ്ട് സുഗമമായ അധികാരമാറ്റത്തിന് വഴിയൊരുക്കുന്നതിനാണ് സിഇഒ സ്ഥാനത്ത് നിന്ന് സ്വമേധയാ രാജി വയ്ക്കുന്നത്', ഉദയ് കോട്ടക് പറഞ്ഞു.

1985 ൽ കോട്ടക് മഹീന്ദ്രയിൽ 10,000 രൂപ നിക്ഷേപിച്ച ഒരാളുടെ നിക്ഷേപത്തിന്റെ മൂല്യം 300 കോടിയായി വളർന്നുവെന്ന് ഉദയ് കോട്ടക് അടുത്തിടെ അവകാശപ്പെട്ടിരുന്നു. 10,000 പേർക്ക് ബാങ്ക് നേരിട്ട് ജോലി നൽകുന്നു. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഈ വർഷം ഡിസംബറിൽ ആണ് ഉദയ് കോട്ടക്ക് പടിയിറങ്ങേണ്ടിയിരുന്നത്. എന്നാൽ, അതുകുറച്ചുകൂടി നേരത്തെയായി. ഉദയ് കോട്ടക്കിന്റെ ദീർഘകാല വീക്ഷണവും ബിസിനസ് നൈപുണ്യവും കോട്ടക് മഹീന്ദ്ര ബാങ്കിനെ വളർത്തുന്നതിൽ നിർണായകമായിരുന്നു.

ആർബിഐ അടുത്തിടെ ബാങ്ക് സിഇഒമാരുടെ കാലാവധി യഥാക്രമം 15 വർഷവും പ്രമോട്ടർ സിഇഒമാരുടെ കാലാവധി 12 വർഷവുമായിരിക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദയ് കോട്ടക്കിന്റെ തീരുമാനം വന്നത്. ബാങ്കിന്റെ കോർപ്പറേറ്റ് ബാങ്കിങ് മേധാവി കെവി എസ് മണിയൻ, റീട്ടെയിൽ ബാങ്കിങ് മേധാവി ശാന്തി ഏകാംബരം എന്നിവരെ സിഎംഡി സ്ഥാനത്തേക്ക് പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഉദയ് കൊട്ടക് മുംബൈയിലെ സിഡെൻഹാം കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അക്കാദമിക മികവിനൊപ്പം ബിസിനസ് മികവും അദ്ദേഹത്തിന് മുന്നോട്ടുള്ള യാത്രയിൽ മുതൽക്കൂട്ടായി. ഉദയ് കോട്ടക് പടിയിറങ്ങുമ്പോൾ, നിലവിലെ ജോയിന്റ് എംഡി ദീപക് ഗുപ്തയായിരിക്കും എംഡിയായും സിഇഓയായും തൽക്കാലം പ്രവർത്തിക്കുക.

സ്ഥാപകനെന്ന നിലയിൽ കോട്ടക് ബ്രാൻഡിനോട് തനിക്ക് ആഴത്തിലുള്ള അടുപ്പമുണ്ടെന്നും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ഓഹരി ഉടമയായും സ്ഥാപനത്തെ സേവിക്കുന്നത് തുടരുമെന്നും ഉദയ് കോട്ടക് വ്യക്തമാക്കിയിട്ടുണ്ട്. 38 വർഷമായി വിപുലമായ ധനകാര്യ സേവനങ്ങൾ ജനങ്ങൾക്ക് നൽകാൻ ഉദയ് കോട്ടക് ഗ്രൂപ്പിനെ ഉദയ് കോട്ടക് നയിച്ചിട്ടുണ്ട്. ധനകാര്യ സേവനങ്ങൾക്ക് പുറമേ വിദ്യാഭ്യാസ-ജീവനോപാധി പദ്ധതികളിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായും ഗ്രൂപ്പിന്റെ എഡ്യുക്കേഷൻ ഫൗണ്ടേഷൻ പ്രവർത്തിച്ചുവരുന്നു.