- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുഭാഗത്ത് വായ്പാ ദായകരുടെ കേസുകൾ; മറുഭാഗത്ത് ഫെമ ലംഘനത്തിന് ഇഡിയുടെ റെയ്ഡുകൾ; കലാപവുമായി ഒരു സംഘം ഓഹരിയുടമകൾ; കടുത്ത പ്രതിസന്ധി നേരിടുന്ന ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആശ്വാസമായി കമ്പനി മേധാവികളുടെ പിന്തുണ; ജീവനക്കാർക്ക് ശമ്പളം കിട്ടിയ ആശ്വാസവും
ബെംഗളൂരു: ബൈജൂസിന്റെ നടത്തിപ്പിൽ ബൈജു രവീന്ദ്രനെ പിന്തുണച്ച് കമ്പനി മേധാവികൾ രംഗത്തെത്തിയതിന് പിന്നാലെ, ജീവനക്കാർക്കെല്ലാം ജനുവരിയിലെ ശമ്പളം നൽകി. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സകല മാർഗ്ഗങ്ങളും നോക്കിയാണ് ശമ്പളം ഇട്ടതെന്ന് ബൈജു രവീന്ദ്രൻ ജീവനക്കാർക്കുള്ള ഇ മെയിലിൽ പറഞ്ഞു. കമ്പനിയിൽ പ്രതീക്ഷ നഷ്ടപ്പെടാത്തതിന് അദ്ദേഹം ജീവനക്കാരോട് നന്ദി പറഞ്ഞു.
2011 ൽ സ്ഥാപിതമായ കമ്പനി വായ്പാ ദായകരിൽ നിന്ന് നിയമനടപടികൾ നേരിടുകയാണ്. വിദേശ നാണ്യ വിനിമയ ലംഘന ആരോപണങ്ങളും, 22 ബില്യൻ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയെ തളർത്തി. ജനുവരിയിലെ ശമ്പളത്തിനായി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, അഞ്ചാം തീയതിക്ക് മുമ്പ് നൽകാനായെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു. മാസം ശമ്പളം നൽകാൻ മാത്രം 70 കോടിയോളം രൂപ ബൈജൂസിന് വേണ്ടി വരുന്നുണ്ടെന്ന് മണി കൺട്രോൾ പറയുന്നു.
' എല്ലാവരും കമ്പനിക്ക് വേണ്ടി ത്യാഗങ്ങൾ അനുഷ്ഠിച്ചു. എല്ലാവർക്കും ഇപ്പോഴത്തെ സ്ഥിതിയിൽ ആശങ്കയുണ്ടെങ്കിലും, ആരും പ്രതീക്ഷ കൈവിട്ടിട്ടില്ല. നമ്മൾ നിർമ്മിച്ചതിനെ കുറിച്ച് നമുക്ക് അഭിമാനം ഉള്ളതുകൊണ്ടാണിത്', ബൈജു രവീന്ദ്രൻ എഴുതി.
അതേസമയം, ബൈജു രവീന്ദ്രന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കമ്പനിയുടെ സിഇഒ. അർജുൻ മോഹൻ ഉൾപ്പെടെയുള്ള ഉന്നത മാനേജ്മെന്റ് ഓഹരിയുടമകൾക്ക് കത്തയച്ചു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിൽ ഏറ്റവും ഉയർന്ന പദവികൾ വഹിക്കുന്ന 32 പേർ ചേർന്നാണ് ബൈജുവിന്റെ മികവുറ്റ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തി ഓഹരിയുടമകൾക്ക് കത്തയച്ചിരിക്കുന്നത്. ബൈജു സ്ഥാനമൊഴിയണമെന്ന് ചില ഓഹരിയുടമകൾ ആവശ്യപ്പെട്ടതായുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇത്.
അവകാശ ഓഹരി വഴി 1,663 കോടി രൂപ (20 കോടി ഡോളർ) സമാഹരിക്കാൻ ഒരുങ്ങുന്നതിനിടെ ബൈജുവിനെ നീക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് അസ്വസ്ഥകരമാണെന്ന് കത്തിൽ പറയുന്നു. വളരെ നിരുത്തരവാദിത്തപരമായ ഈ നീക്കം ഒരുപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സാധാരണ നിലയിലേക്ക് തിരിച്ചുവരുന്ന കമ്പനിക്ക് ഓഹരിയുടമകളിൽ പലരും എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ടെന്ന് കത്തിൽ പറയുന്നു.
ക്യത്യമായ തിരിച്ചടവുകൾ ഇല്ലാതെ വന്നതോടെയാണ് വിദേശത്തുള്ള വായ്പാ ദായകർ ബൈജൂസിന് എതിരെ കേസുകൊടുത്തത്. യുഎസ് കോടതിയിൽ ബൈജൂസിന്റെ ആൽഫ യൂണിറ്റ് പാപ്പരത്ത ഹർജി പോലും നൽകി. ഫെമ ലംഘനത്തിന്റെ പേരിൽ ഇഡി റെയ്ഡുകൾ നടന്നതോടെ, നിരവധി ജീവനക്കാർ രാജി വച്ചിരുന്നു.
2022 ൽ 22 ബില്യൻ ഡോളർ മൂല്യം ഉണ്ടായിരുന്ന ബൈജൂസ് ഒടുവിലത്തെ മൂല്യ നിർണയപ്രകാരം 250 ദശലക്ഷം ഡോളറിലേക്ക് ഇടിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ