ഓണം കഴിഞ്ഞിട്ടും പിടിതരാതെ തങ്കം..; സംസ്ഥാനത്ത് റോക്കറ്റ് പോലെ വീണ്ടും കുതിച്ച് സ്വർണവില; പവന് 160 രൂപ വർധിച്ചു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; ഇനി തൊട്ടാൽ പൊള്ളുമെന്ന് ജനങ്ങൾ; തലയിൽ കൈവെച്ച് വ്യാപാരികൾ
കൊച്ചി: കേരളത്തിലെ സ്വർണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി, ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 81,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,130 രൂപയിലെത്തി.
ഈ വില വർധനവിന് കാരണം അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ നേരിയ വർധനവിനൊപ്പം ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ദുർബലമായതാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില 3640 ഡോളറിലെത്തി. എന്നാൽ, ഇന്നലെ ഇത് 3670 ഡോളറായിരുന്നു. ഇന്നലെ 3629 ഡോളറിലേക്ക് താഴ്ന്ന ശേഷം ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപകർ ലാഭമെടുത്തതിനെത്തുടർന്നാണ് പിന്നീട് വില 3640 ഡോളറിലെത്തിയത്.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്ന് 88.15 ലേയ്ക്ക് ദുർബലമായി. ഇന്നലെ ഇത് 88 രൂപയായിരുന്നു. അന്താരാഷ്ട്ര സ്വർണ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും, രൂപയുടെ മൂല്യം ഇടിഞ്ഞത് സ്വർണ വില ഉയരാൻ പ്രധാന കാരണമായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ ഒരു ചെറിയ കുറവ് സംഭവിച്ചാൽ പോലും, കൂടുതൽ നിക്ഷേപകർ വിപണിയിലേക്ക് എത്തുന്നത് വില വീണ്ടും വർധിക്കാൻ കാരണമാകുന്നു. ഈ സാഹചര്യമാണ് കേരളത്തിലെ സ്വർണ വിലയെ ചരിത്രപരമായ ഉയർന്ന നിരക്കിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ മുന്നേറ്റം സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരെയും സ്വർണാഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.