ശരാശരി..ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് ഇത്ര..!; കൈയ്യില്‍ 34,600 ടണ്‍; അതായത് ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം; പുതിയ റിപ്പോർട്ടുകൾ പുറത്ത്
മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് അനുസരിച്ച്, 2025 ജൂൺ മാസത്തെ കണക്കനുസരിച്ച് ഇന്ത്യക്കാരുടെ കൈവശം 34,600 ടൺ സ്വർണ്ണമുണ്ടെന്ന് വെളിപ്പെടുത്തി. ഏകദേശം 300 ലക്ഷം കോടി രൂപയോളം വിലമതിക്കുന്ന ഈ സ്വർണ്ണ ശേഖരം, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം 88.8 ശതമാനത്തോളം വരും. ഇത് ഇന്ത്യൻ കുടുംബങ്ങളുടെ നിലവിലെ ഓഹരി നിക്ഷേപത്തിന്റെ 3.1 മടങ്ങ് അധികമാണ്.
കഴിഞ്ഞ ഒരു വർഷത്തെ ആഗോള സ്വർണ്ണ ഡിമാൻഡിന്റെ 26 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഇത് കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയായ 23 ശതമാനത്തെക്കാൾ കൂടുതലാണ്. ചൈന മാത്രമാണ് 28 ശതമാനം ഡിമാൻഡോടെ ഇതിന് മുന്നിലുള്ളത്. സാംസ്കാരികപരമായ അടുപ്പം, നിക്ഷേപപരമായ ആവശ്യം, സാമ്പത്തിക ഘടകങ്ങൾ എന്നിവ കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ വിപണികളിലൊന്നായി തുടരുന്നു.
സ്വർണ്ണത്തിനുള്ള ഡിമാൻഡിൽ ഭൂരിഭാഗവും ആഭരണങ്ങൾക്കാണെങ്കിലും, സ്വർണ്ണ ബിസ്‌ക്കറ്റുകളുടെയും നാണയങ്ങളുടെയും ആവശ്യം വർദ്ധിച്ചു വരുന്നു. 2020 ജൂണിൽ 23.9 ശതമാനമായിരുന്ന ഈ ഡിമാൻഡ് 2025 ജൂണിൽ 32 ശതമാനമായി ഉയർന്നു. സമീപ വർഷങ്ങളിൽ സ്വർണ്ണ ഉപഭോഗം 750 ടണ്ണിനും 840 ടണ്ണിനും ഇടയിൽ ഒതുങ്ങിയെങ്കിലും, ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയർന്നതോടെ ഉപഭോഗത്തിന്റെ മൂല്യം റെക്കോർഡ് നിലയിലെത്തി.
കുടുംബങ്ങളുടെ സമ്പാദ്യം ഓഹരി പോലുള്ള മറ്റ് നിക്ഷേപങ്ങളിലേക്ക് മാറുന്ന പ്രവണത വർദ്ധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് നിക്ഷേപങ്ങളുടെ പങ്ക് 2024 സാമ്പത്തിക വർഷത്തിൽ 40 ശതമാനമായിരുന്നത് 2025-ൽ 35 ശതമാനമായി കുറഞ്ഞു.