'ഓണം കഴിഞ്ഞാൽ രാവിലെ ചായ കുടിക്കാൻ കുറച്ച് പാടുപെടും..'; മിൽമ പാലിന്റെ വില വർധിപ്പിക്കാൻ നീക്കം; അഞ്ച് രൂപ വരെയെങ്കിലും കൂട്ടുമെന്ന് റിപ്പോർട്ടുകൾ

Update: 2025-08-29 14:47 GMT

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം പാൽ വില വർദ്ധിപ്പിക്കാൻ മിൽമ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് മിൽമയുടെ ബോർഡ് യോഗത്തിൽ തത്വത്തിൽ ധാരണയായി. വിലവർദ്ധനവ് സംബന്ധിച്ച അന്തിമ തീരുമാനം അടുത്തമാസം 15ന് ചേരുന്ന ബോർഡ് യോഗത്തിൽ ഉണ്ടാകും.

നിലവിൽ ലിറ്ററിന് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിട്ടുണ്ട്. 2022 ഡിസംബറിലാണ് ഇതിന് മുമ്പ് മിൽമ പാൽ വില വർദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് ആറ് രൂപയാണ് കൂട്ടിയത്.

പാൽ ഉത്പാദന ചിലവിലെ വർദ്ധനവ്, തീറ്റപ്പുല്ല്, കാലിത്തീറ്റ എന്നിവയുടെ വിലക്കയറ്റം എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ലഭ്യമാക്കാനും വില വർദ്ധനവ് ആവശ്യമാണെന്ന് മിൽമ അധികൃതർ വിശദീകരിക്കുന്നു.

സംസ്ഥാനത്തുടനീളം മിൽമയുടെ പാൽ വിലവർദ്ധനവ് ഉപഭോക്താക്കളിൽ ചെറിയ തോതിലുള്ള ആശങ്ക സൃഷ്ടിക്കുമെങ്കിലും, ഉത്പാദന ചിലവിലെ വർദ്ധനവ് പരിഗണിച്ച് ഈ നടപടി അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. 2022 ഡിസംബറിനു ശേഷം ആദ്യമായാണ് മിൽമ പാൽ വില വർദ്ധിപ്പിക്കുന്നത്.

Tags:    

Similar News