ലണ്ടൻ: 2018-ലെ ഇ വൈ ഓൺട്രപ്രെണ്യുർ ഓഫ് ദി ഇയർ യു കെ അവാർഡ് മൊഹ്സിൻ ഐസയും സുബെർ ഐസയും ഒരുമിച്ച് സ്വീകരിച്ചപ്പോൾ അത് ഒരു അസാധാരണ വളർച്ചയുടെ കഥയായിരുന്നു. തങ്ങളുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പെട്രോൾ സ്റ്റേഷനിലെ ശൗച്യാലയങ്ങൾ വൃത്തിയാക്കി ജീവിതം ആരംഭിച്ച സഹോദരങ്ങൾ പത്ത് രാജ്യങ്ങളിലായി 6,000 ൽ അധികം പെട്രോൾ സ്റ്റേഷനുകളുടെ ഉടമസ്ഥരായ കഥ. കുപ്പയിൽ നിന്നും കൊട്ടാരത്തിലേക്ക് എന്ന പഴഞ്ചൊല്ല് അവർ അന്വർത്ഥമാക്കുകയായിരുന്നു. എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു ബ്ലാക്ക്‌ബേൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐസ സഹോദരങ്ങൾ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് അസ്ഡ സൂപ്പർ മാർക്കറ്റ് ശൃംഖല ഏറ്റെടുത്തത്. 6.8 ബില്യൻ പൗണ്ടിന്റെ ഈ ഇടപാട് ഇവരെ കടത്തിലാഴ്‌ത്തി. എന്നാൽ, ഒരു ശുഭ ശകുനം എന്നതുപോലെ ഈ ഏറ്റെടുക്കൽ കഴിഞ്ഞ് രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ തന്നെ ബിസിനസ്സ് രംഗത്തും ചാരിറ്റി രംഗത്തുമുള്ള പ്രവർത്തനങ്ങളെ മാനിച്ച് ഇവർക്ക് സി ബി ഇ നൽകുകയുണ്ടായി.

ഇപ്പോൾ പലിശ നിരക്ക് കുത്തനെ കൂടുകയും, വിലക്കയറ്റത്തിൽ വലയുന്ന ഉപഭോക്താക്കളുടെ ഷോപ്പിങ് പരിമിതപ്പെടുകയും ചെയ്തപ്പോഴാണ്, തങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ, പലിശ കുറഞ്ഞ വായ്പ കാലം കഴിഞ്ഞുപോയെന്ന് ഐസാ സഹോദരങ്ങൾ മനസ്സിലാക്കിയത്. എന്നിട്ടും, പിന്മാറാതെ അവർ ഏറ്റെടുക്കൽ പ്രക്രിയ തുടർന്നു. അതിനിടയിൽ അസ്ഡയുടെ വെയർഹൗസ് നെറ്റ്‌വർക്ക് 1.7 ബില്യൻ പൗണ്ടിന് വിറ്റു. എന്നാൽ, വായ്പ തിരിച്ചടക്കാൻ സൂപ്പർമാർക്കറ്റിന്റെ പെട്രോൾ സ്റ്റേഷനുകൾ വിറ്റഴിക്കാനുള്ള പദ്ധതി നടപ്പിലായില്ല.

അതിനിടയിൽ കോ-ഓപ്പോയിന്റെ പെട്രോൾ സ്റ്റേഷനുകൾ 600 മില്യൻ പൗണ്ടിൽ വാങ്ങിയ ഐസ സഹോദരങ്ങൾ തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള ഇ ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള യു കെ യിലെയും അയർലൻഡിലെയും പെട്രോൾ സ്റ്റേഷനുകളും അസ്ഡയുടെ പേരിൽ വാങ്ങിയെടുത്തു. 2.3 ബില്യൻ പൗണ്ടിന്റെ ഡീൽ ആയിരുന്നു ഇത്. ഇതോടെ അസ്ഡയുടെ മേലുള്ള കടം പെരുകി. പ്രതിവർഷ പലിശയിനത്തിൽ 30 മില്യൻ പൗണ്ടിന്റെ കൂടി വർദ്ധനവുണ്ടായി.

ഇതിൽ ആശങ്ക പ്രകടിപ്പിച്ച ബ്രിട്ടണിലെ എം പി മാർക്ക് പുൻപിൽ കഴിഞ്ഞയാഴ്‌ച്ച മൂത്ത സഹോദരനായ മൊഹ്സിൻ ഐസ പറഞ്ഞത്, അസ്ഡ ഇപ്പോഴും നല്ല ലാഭമുണ്ടാക്കുന്നുണ്ടെന്നും വായ്പ തിരിച്ചടക്കുന്നതിനുള്ള ഭാരം മുൻപത്തേക്കാൾ കുറഞ്ഞിട്ടുണ്ട് എന്നുമാണ്. മാത്രമല്ല, പ്രതിവാരം 18 മില്യൻ ഉപഭോക്താക്കൾ ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം നടപ്പിലാകുമെന്ന് എല്ലാവരും വിശ്വസിച്ചിട്ടില്ല.

ഐസ സഹോദരന്മാരുടെ അസ്ഡ് ഏറ്റെടുക്കൽ ഒരു വൻ കുതിച്ചു ചാട്ടമായിരുന്നു എന്നും, പണപ്പെരുപ്പത്തിന്റെയും പലിശ വർദ്ധനവിന്റെയും നാളുകളിൽ പക്ഷെ റീട്ടെയിൽ വ്യാപാരം മുൻപോട്ട് കൊണ്ടു പോകുന്നതിൽ അവർ പരാജയപ്പെട്ടു എന്നുമാണ് ഒരു എം പി പറഞ്ഞത്. എന്നാൽ, കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ തനിക്ക് കഴിവുണ്ടെന്നും അന്തിമമായി മികച്ച ഒരു ചീഫ് എക്സിക്യുട്ടീവിനെ കണ്ടെത്തിയാൽ താൻ ചുമതല കൈമാറുമെന്നുമാണ് മൊഹ്സിൻ പറഞ്ഞത്.

നിലവിൽ ആൾഡിയുടെയും ലിഡിലിന്റെയും ഡിസ്‌കൗണ്ട് സെയിൽസിന് മുൻപിൽ അസ്ഡക്ക് കാലിടറുകയാണെന്നാണ് വിപണിയിൽ നിന്നുള്ള വാർത്ത. എന്നാൽ, ഇ ജി ഡീലിന് ശേഷം അസ്ഡ വളരുക തന്നെ ചെയ്യും എന്ന് മൊഹ്സിൻ ഉറപ്പിച്ചു പറയുന്നു. അതിനിടയിൽ, ഐസ സഹോദരന്മാർക്കിടയിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ശക്തിപ്പെടുന്നതായും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ, മൊഹ്സിൻ അത് നിഷേധിക്കുകയാണ്.