- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടിഎം പേയ്മെന്റ്സ് ബാങ്കിനെ നേർവഴിക്ക് കൊണ്ടുവരാൻ വീണ്ടും അഴിച്ചുപണി;
ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് സിഇഒ, എംഡി സ്ഥാനങ്ങൾ സുരിന്ദർ ചൗള രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി പറയുന്നത്.
ജൂൺ 26 മുതൽ രാജി പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ, ആരാണ് ചൗളയുടെ പിൻഗാമിയെന്ന് വ്യക്തമാക്കിയില്ല. നേരത്തെ പേടിഎമ്മിന്റെ തലപ്പത്ത് നിന്ന് വിജയ ശേഖർ വർമ്മ മാറിയിരുന്നു. ക്രമക്കേടുകളുടെ പേരിൽ റിസർവ് ബാങ്ക് ഡിജിറ്റൽ പേമെന്റ് കമ്പനിയുടെ ബാങ്കിങ് യൂണിറ്റിന് എതിരെ വടിയെടുത്തതോടെയാണ് വിജയ ശേഖർ ശർമ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്.
ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പേടിഎം പേമെന്റ്സ് ബാങ്ക് മാർച്ച് 15 നകം പ്രവർത്തനം നിർത്തി വയ്ക്കണമെന്നാണ് ആർബിഐ ഉത്തരവിട്ടത്. ഇതിനെ തുടർന്ന് പേടിഎം ഓഹരികളുടെ മൂല്യം ഇടിഞ്ഞിരുന്നു.
വൺ 97 കമ്മ്യൂണിക്കഷൻസ് എന്നറിയപ്പെട്ടിരുന്ന പേടിഎം അതിന്റെ ബാങ്കിങ് യൂണിറ്റുമായി വിവിധ കരാറുകൾ അവസാനിപ്പിക്കാൻ പരസ്പരം ധാരണയായിരുന്നു. എന്നാൽ, ബാങ്കിങ് യൂണിറ്റ് പ്രവർത്തന നിർത്തി വച്ച ശേഷവും പേടിഎമ്മിന് ഇന്ത്യ പേമെന്റ്സ് അഥോറിറ്റി ടേഡ് പാർട്ടി ആപ്പ് ലൈസൻസ് നൽകിയതോടെ പേമെന്റുകൾ സുഗമമായത് ആശ്വാസമായി.
ആക്സിസ് ബാങ്ക്, എച്ഡിഎഫ്സി, എസ്ബിഐ, യേസ് ബാങ്ക് എന്നിവ പേടിഎമ്മിന് പേമെന്റ് സർവീസ് പ്രൊവൈഡറായി പ്രവർത്തിക്കുന്നുവെന്ന് നാഷണൽ പേമെന്റ്സ് കോർപറേഷൻ അറിയിച്ചിരുന്നു. ബാങ്കിങ് യൂണിറ്റിന് എതിരായ ആർബിഐ നടപടിക്ക് ശേഷം പേടിഎം ഓഹരികൾ 50 ശതമാനത്തോളം താഴ്ന്നു.
ആർബിഐ ചട്ടങ്ങളും, നിർദ്ദേശങ്ങളും പാലിക്കാത്തതിനെ തുടർന്ന് സമഗ്രമായ ഓഡിറ്റിന് ശേഷമാണ് ആർബിഐ കടുത്ത നടപടി സ്വീകരിച്ചത്. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും, പേടിഎം പേമെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെയും(പിപിബിഎൽ) നോഡൽ അക്കൗണ്ടുകളും കേന്ദ്ര ബാങ്ക് റദ്ദാക്കി.
പേടിഎമ്മിന്റെ ബാങ്കിങ് ഓപ്പറേഷൻസിനെതിരെയാണ് ആർബിഐ നടപടി. അതായാത് ഉപഭോക്താക്കൾക്ക് മറ്റൊരു ബാങ്കുമായി തങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്നിടത്തോളം കാലം യുപിഐ അടക്കം ഡിജിറ്റൽ ഇടപാടുകൾ തുടരാമെന്ന് അർഥം. എൻസിഎംസി( നാഷണൽ കോമൺ മൊബിലിറ്റി) കാർഡുകൾ നിലവിലുള്ള ബാലൻസ് തീരും വരെ നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം.
പേടിഎം ബാങ്ക് എങ്ങനെ ആബിഐ റഡാറിന് കീഴിലായി?
ശരിയായ തിരിച്ചറിയൽ രേഖകളില്ലാതെ നൂറുകണക്കിന് അക്കൗണ്ടുകൾ സൃഷ്ടിച്ചതാണ് പ്രധാന കാരണം. കൃത്യമായ കെ വൈ സി സമർപ്പിക്കാതെ കോടികളുടെ ഇടപാട് ഈ അക്കൗണ്ടുകളിൽ പേടിഎം വഴി നടന്നതായി കണ്ടെത്തി. അതാണ് കള്ളപ്പണ തട്ടിപ്പെന്ന സംശയം ഉയരാൻ കാരണം. 1000 ത്തിലേറെ ഉപയോക്താക്കൾ ഒരേ പാൻ നമ്പർ തങ്ങളുടെ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തതായി ആർബിഐയും, എക്സ്റ്റേണൽ ഓഡിറ്റർമാരും കണ്ടെത്തി.
ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 2023-ന്റെ തുടക്കം മുതൽ ആർബിഐ പേടിഎമ്മിന് പിന്നാലെയുണ്ട്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപ ആർബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപയോക്താക്കളെ ചേർക്കരുതെന്ന് 2022-ൽ ആർബിഐ പേടിഎമ്മിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാൻ കമ്പനി തയ്യാറായില്ല. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടിന്റേയും പുറത്തുനിന്നുള്ള ഓഡിറ്റർമാരുടെ തുടർച്ചയായുള്ള പരാതികളും അടിസ്ഥാനത്തിലാണ് പേടിഎമ്മിന് എതിരെ നടപടിയെന്ന് ആർബിഐ വ്യക്തമാക്കുന്നു. 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.