ന്യൂഡൽഹി: നഗരങ്ങളെ വായനക്കാർക്ക് രാവിലത്തെ ചൂടുചായ്ക്ക് ഒപ്പം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം. 180 വർഷത്തിലേറെ പ്രായമുള്ള പത്രം ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമാണ്. ദിവസേന 30 ലക്ഷം പ്രതികൾ വിറ്റഴിയുന്നു. രാജ്യത്തിന്റെ മിക്ക മേഖലകളിലും ആധിപത്യവുമുണ്ട്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ടൈംസ് ഗ്രൂപ്പ് രണ്ടാകാൻ പോകുന്നു എന്നതാണ് ഒടുവിലത്തെ വാർത്ത. സഹോദരങ്ങളായ സമീർ ജെയിനും വിനീത് ജെയിനുമാണ് പത്രത്തിന്റെ നടത്തിപ്പുകാർ.

ബ്ലൂംബർഗിന്റെ റിപ്പോർട്ടനുസരിച്ച് ടൈംസ് ഗ്രൂപ്പ് രണ്ടായി ഭാഗിക്കാൻ പോകുന്നു. രണ്ടാക്കുന്നതിനുള്ള ഫണ്ടുകളാണ് ഗ്രൂപ്പ് ഇപ്പോൾ തേടുന്നത്. ദിനപത്രത്തിന്റെ നടത്തിപ്പ് കൈയാളുന്ന സഹോദരൻ മറ്റേ സഹോദരന് വരുമാനം നികത്താൻ പണം നൽകണമെന്നാണ് ധാരണ. കാരണം, ടൈംസ് ഓഫ് ഇന്ത്യയും, എക്കണോമിക് ടൈംസിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നയാൾക്കാണ് ഏറ്റവുമധികം വരുമാനം കൈവരിക. ചുരുക്കി പറഞ്ഞാൽ ഇരുസഹോദരങ്ങളും തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കും.

ടൈംസ് ഓഫ് ഇന്ത്യയും, എക്കണോമിക് ടൈംസും കൂടാതെ, രണ്ടുന്യൂസ് ചാനലുകളുമുണ്ട്: ടൈംസ് നൗവ്, മിറർ നൗ. ഡിജിറ്റൽ മേഖലയിൽ ടൈംസ് ഇന്റർനെറ്റിന് എംഎക്‌സ് പ്ലേയർ, ഗാന, വില്ലോ ടിവി, ടൈംസ് മ്യൂസിക് എന്നിവയും മികച്ച സാന്നിധ്യമാണ്.

ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കായി ദ ബോംബെ ടൈംസ് ആൻഡ് ജേണൽ ഓഫ് കൊമേഴ്സ് എന്നപേരിൽ 1838 നവംബർ മൂന്നിന് പ്രസിദ്ധീകരണമാരംഭിച്ചു. 1861 മുതലാണ് ദ ടൈംസ് ഓഫ് ഇന്ത്യ എന്ന പേരു സ്വീകരിച്ചത്. ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി എന്ന മാധ്യമ സ്ഥാപനമാണ് ഇപ്പോഴത്തെ പ്രസാധകർ. ബെന്നറ്റ് കോൾമാൻ ടൈംസ് ഗ്രൂപ്പ് എന്നാണ് കൂടുതലായി അറിയപ്പെടുന്നത്.

ആരു തീരുമാനം എടുക്കും? തർക്കം ഇങ്ങനെ

കഴിഞ്ഞ വർഷം ചെയർമാൻ ഇന്ദു ജെയിന്റെ മരണത്തോടെയാണ് ടൈംസ് ഗ്രൂപ്പിന്റെ സമീർ ജെയിനും, വിനീത് ജെയിനും രണ്ടാകാൻ തീരുമാനിച്ചത്. മീഡിയ ബിസിനസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തിലും, കമ്പനി തീരുമാനങ്ങളിൽ ആരുടേതാകണം അന്തിമ വാക്ക് എന്നതിലുമൊക്കെ സഹോദരന്മാർ തമ്മിൽ തർക്കമുണ്ടായിരുന്നു.

സമീർ ജെയിനാണ് വിനീത് ജെയിനേക്കാൾ 10 വർഷം മൂത്തത്. കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. വിനീത് മാനേജിങ് ഡയറക്ടറാണ്. ഇരുവരും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നെങ്കിലും, അമ്മ ഇന്ദു ജെയിന്റെ മരണത്തോടെയാണ് അത് രൂക്ഷമായത്.

68 കാരനായ സമീർ ജെയിനാണ് ദീർഘകാലമായി ടൈംസ് ഗ്രൂപ്പിനെ ഭരിക്കുന്നത്. കമ്പനിയുടെ പത്രങ്ങളെ പരസ്യവരുമാനത്തിൽ അധിഷ്ഠിതമായ വളർച്ചയിലേക്ക് നയിച്ചത് സമീറാണ്. 57 കാരനായ വിനീത് ജെയിൻ ഗ്രൂപ്പിന്റെ ടെലിവിഷൻ, ഡിജിറ്റൽ മീഡിയ വികസനത്തിൽ മുഖ്യ പങ്കുവഹിച്ചെങ്കിലും, അവ പ്രതീക്ഷിച്ചത് പോലെ വരുമാനം കൊണ്ടുവന്നില്ല.

കമ്പനിയുടെ ആസ്തികളെ കുറിച്ച് വിശദമായ വിലയിരുത്തൽ നടന്നെങ്കിലും ഇരുവരും തമ്മിൽ സമവായത്തിൽ എത്തിയിരുന്നില്ല. ചർച്ച ചെയ്ത് സമവായത്തിലെത്താൻ മധ്യസ്ഥരെയും നിയോഗിച്ചിരുന്നു. ടൈംസ് ഇന്റർനെറ്റിനെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.