- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലോൺ മസ്ക് ഇന്ത്യയിലേക്കുള്ള യാത്ര തലേദിവസം റദ്ദാക്കിയത് എന്തിന്?
ന്യൂഡൽഹി: ടെസ്ല മേധാവി ഇലോൺ മസ്ക് ഇന്ത്യയിലേക്കുള്ള യാത്ര തലേദിവസം റദ്ദാക്കിയത് എന്തിന്? സോഷ്യൽ മീഡിയയിൽ ചർച്ച പെരുകും മുമ്പേ, മസ്ക് തന്നെ വിശദീകരണവുമായി രംഗത്തെത്തി. ടെസ്ലയുടെയും, സ്പെസ് എക്സിന്റെയും ഉടമയായ മസ്ക് രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടിരുന്നു.
' ടെസ്ലയിലെ ഭാരിച്ച ചുമതലകൾ കാരണമാണ് ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി വച്ചത്. ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കും. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു', മസ്ക് എക്സിൽ കുറിച്ചു.
Unfortunately, very heavy Tesla obligations require that the visit to India be delayed, but I do very much look forward to visiting later this year.
— Elon Musk (@elonmusk) April 20, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെ താൻ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കഴിഞ്ഞാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ, യുഎസിൽ എത്തിയ മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തുകയും, അധികം വൈകാതെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ രണ്ടു മുതൽ മൂന്ന് ബില്യൻ ഡോളർ നിക്ഷേപം മസ്ക് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്ലയ്ക്കും, സ്റ്റാർലിങ്കിനും അതോടെ, ഇന്ത്യൻ വിപണിയിലെ പ്രവേശനത്തിന് തുടക്കമാകുമെന്നും കരുതുന്നു.
അമേരിക്കയിലും, ചൈനയിലും വിൽപ്പന കുറഞ്ഞതോടെ, ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല പുതിയ വിപണികൾ തേടുകയാണ്. പ്രാദേശിക നിക്ഷേപത്തിന് തയ്യാറാകുന്ന കമ്പനികൾക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി കുറച്ചു നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതും ടെസ്ലയ്ക്ക് അനുകൂലമാണ്. സ്റ്റാർലിങ്കിനും ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള പ്രാഥമികാംഗീകാരം ലഭിച്ചേക്കും.
ഇലോൺ മസ്കിന്റെ സന്ദർശനം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിരുന്നു. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെയാണ് മസ്കിന്റെ ഇന്ത്യാ സന്ദർശനം വാർത്തയായത്. ആഗോള വൈദ്യുത വാഹന നിർമ്മാതാക്കളെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിക്കുന്ന വിധത്തിലാണ് നയം രൂപകല്പന ചെയ്തിരിക്കുന്നത്. ഇതോടെ ടെസ്ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ.
അടുത്തിടെ ടെസ്ല ടാറ്റ ഗ്രൂപ്പുമായി കരാറിൽ എത്തിയിരുന്നു. അനുബന്ധ സ്ഥാപനമായ ടാറ്റ ഇലക്ട്രോണിക്സുമായാണ് ഇലോൺ മസ്കിന്റെ ടെസ്ല തന്ത്രപരമായ സഹകരണത്തിനുള്ള ധാരണയിലെത്തിയത്. ആഗോള തലത്തിൽ ടെസ്ലയുടെ വൈദ്യുത വാഹനങ്ങൾക്കു ആവശ്യമായ സെമികണ്ടക്ടർ ചിപ്പുകൾ ടാറ്റ ഗ്രൂപ്പ് നിർമ്മിച്ചു നൽകും. ഇന്ത്യയിൽ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടി നിശ്ചിത തോതിൽ നിക്ഷേപം ഇറക്കുന്ന വൈദ്യുത വാഹന (ഇവി) കമ്പനികൾക്ക്, രാജ്യത്തേക്കുള്ള ഇറക്കുമതി തീരുവയിൽ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ കേന്ദ്ര സർക്കാർ നയത്തിനു പിന്നാലെയാണ് ടാറ്റയും ടെസ്ലയും തമ്മിൽ ഒന്നിക്കുന്നത്.
അതേസമയം പ്രീമിയം വിഭാഗത്തിലുള്ള വൈദ്യുത കാറുകളായിരിക്കും തുടക്കത്തിൽ ഇന്ത്യൻ വിപണിയിലേക്ക് ടെസ്ല അവതരിപ്പിക്കുക. തുടർന്ന് അനുയോജ്യമായ പങ്കാളിയെ ലഭിക്കുന്ന മുറയ്ക്ക് ചെലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനും ടെസ്ല പദ്ധതിയിടുന്നു. രാജ്യത്തെ വൻകിട ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് ഉത്പാദന കേന്ദ്രം സജ്ജമാക്കുന്നതിനുള്ള സംയുക്ത സംരഭത്തിനും ടെസ്ല ഇതിനിടയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഏകദേശം 16,600 കോടി മുതൽ 25,000 കോടി രൂപ വരെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ടെസ്ല തയ്യാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള തലത്തിലെ വമ്പൻ ഉപഭോക്താക്കളുടെ കരാറുകൾ നേടുന്നതിലൂടെയും അനുബന്ധ ഉത്പാദന സൗകര്യങ്ങൾ സജ്ജമാക്കുന്നതിലൂടെയും ഇന്ത്യയ്ക്കകത്ത് സെമികണ്ടക്ടർ വ്യവസായ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള നിർണായക സംഭാവന നൽകാൻ ടാറ്റ ഗ്രൂപ്പിന് കഴിയുമെന്നതാണ് സവിശേഷത.