സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് മുകളിലേക്ക്; ഒരു പവന്റെ വില 76,960 കടന്നതോടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങുന്ന അളവ് കുറഞ്ഞു; വിലക്കയറ്റം കാരണം വില്‍പ്പന കുറഞ്ഞതോടെ 30 ശതമാനം കടകള്‍ പൂട്ടി സ്വര്‍ണ്ണ വ്യാപാരികള്‍; കല്ല്യാണ സീസണ്‍ ആയതോടെ പവന്‍ തൂക്കം ഒപ്പിക്കാന്‍ പാടുപെടുന്ന വിവാഹപാര്‍ട്ടിക്കാരും വെട്ടില്‍
സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് മുകളിലേക്ക്
തിരുവനന്തപുരം: സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്തെ വിവാഹ ചടങ്ങുകള്‍ക്കായി വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവ്്. വിവാഹത്തിനായി വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ അളവ് നേര്‍പകുതിയായി കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. സ്വര്‍ണ്ണവില കുതിച്ചുയരുമ്പോള്‍ വ്യാപാരികളും ആശങ്കയില്‍. കച്ചവടമില്ലാത്തതിനാല്‍ സംസ്ഥാനത്തെ 30 ശതമാനം സ്വര്‍ണ്ണക്കടകളും പൂട്ടി. ഒറ്റയടിക്ക് 1200 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 76,960 രൂപയിലേക്ക് എത്തിയതോടെ കച്ചവടം കുറയുന്നതാണ് വ്യാപാരികളെ ആശങ്കയിലാക്കുന്നത്. കല്ല്യാണ സീസണ്‍ ആയതോടെ സ്വര്‍ണം വാങ്ങാനിരുന്നവരും വിലവര്‍ധനവ് കാരണം വെട്ടിലായിരിക്കയാണ്. പവന്‍ തൂക്കം ഒപ്പിക്കാന്‍ പാടുപെടുന്ന വിവാഹ പാര്‍ട്ടിക്കാരുമാണ് വെട്ടിലായത്. കല്യാണത്തിന് പൊന്നു ധരിക്കുകയെന്ന മലയാളി ശീലം എളുപ്പം കൈവിടാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയു പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരുഗ്രാം സ്വര്‍ണ്ണം പോലും വില്‍ക്കാത്ത കടകള്‍ സംസ്ഥാനത്തുണ്ട്്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് പതിനായിരം രൂപയടുപ്പിച്ച് വില വരുന്നുണ്ട്. അതിനാല്‍ സാധാരണക്കാര്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്ന പതിവ് തന്നെ ഇല്ലാതായതായി വ്യാപാരികള്‍ പറയുന്നു. സ്വര്‍ണ്ണ വില വ്യാപാരികള്‍ക്കു മാത്രമായി നിയന്ത്രിക്കാനാവില്ല. ആഗോള മാര്‍ക്കറ്റിലെ പ്രതിഫലനങ്ങള്‍ അനുസരിച്ച് സ്വര്‍ണ്ണവില വര്‍ധിക്കുമ്പോള്‍ അതനുസരിച്ച് വില്‍ക്കാന്‍ മാത്രമേ വ്യാപാരികള്‍ക്കുമാകൂ. കോടികള്‍ മുടക്കി കച്ചവടം നടത്തുന്ന സ്വര്‍ണ്ണക്കടകളിലും വ്യാപാരം കുറഞ്ഞിട്ടുണ്ട്്.
കിലോക്കണക്കിന് വില്‍പ്പന നടത്തിയിരുന്നവര്‍ ഇപ്പോള്‍ ഗ്രാം കണക്കിനാണ് വില്‍ക്കുന്നതെന്നും സ്വര്‍ണ്ണ വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്‍്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ പറയുന്നു.
ഒരു സാധാരണ കുടുംബത്തിലെ വിവാഹത്തിന് പത്ത് പവനെങ്കിലും വാങ്ങാറുണ്ട്. സാമ്പത്തികസ്ഥിതി മെച്ചമുള്ളവര്‍ അമ്പതോ നൂറോ പവനാണ് വിവാഹത്തിന് വാങ്ങുന്നത്. അതെല്ലാം ഇപ്പോള്‍ പകുതിയായി കുറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 30 ശതമാനം സ്വര്‍ണക്കടകളും അടച്ചുപൂട്ടിയതായും കച്ചവടമില്ലാതെയാണ് എല്ലാ കടകളും പൂട്ടിപ്പോയതെന്നും സ്വര്‍ണ്ണ വ്യാപാരികളുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നു. നിശ്ചിത ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ വന്‍കിട വ്യാപാരികളില്‍ നിന്നും സ്വര്‍ണ്ണം കടം വാങ്ങി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരാണ് നിലനില്‍ക്കാനാവാതെ പൂട്ടിയത്.
ഒരു ഗ്രാം വില 150 രൂപ ഉയര്‍ന്ന് 9,620 രൂപയായി. കേരളത്തില്‍ ഒറ്റ ഗ്രാമിന് വില 9,500 രൂപപോലും ഭേദിച്ചത് ഇതാദ്യമായാണ്. എന്നാല്‍ ഈ വിലയ്ക്കും സ്വര്‍ണാഭരണം കിട്ടില്ല. ഇതോടൊപ്പം മൂന്നുശതമാനം ജിഎസ്ടിയും മിനിമം അഞ്ചുശതമാനം പണിക്കൂലിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും കൂടിച്ചേര്‍ത്താലേ ആഭരണവിലയാകൂ. അതായത്, മിനിമം 10,405 രൂപ കൊടുത്താലേ ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാനാകൂ. ഒരു പവന്‍ ആഭരണത്തിന് 83,245 രൂപയും.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്നു മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. പണിക്കൂലി കൂടുന്നതിനു അനുസരിച്ച് സ്വര്‍ണത്തിന്റെ വാങ്ങല്‍വിലയും കൂടും. അതേസമയം, സ്വര്‍ണവില കുറഞ്ഞുനിന്നപ്പോള്‍ മുന്‍കൂര്‍ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയവര്‍ ഒട്ടേറെയാണ്. അതിനാല്‍, നിലവില്‍ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണം നല്‍കും. വിവാഹ ചടങ്ങുകള്‍ക്കാണ് കൂടുതലായും ബുക്കിങ് നടക്കുന്നത്.
വില വര്‍ധനവു മൂലമുള്ള പ്രശ്നങ്ങള്‍ക്കു പുറമേ സ്വര്‍ണ വ്യാപാര മേഖലയിലെ ജി.എസ്.ടി റെയ്ഡും കച്ചവടം തടസ്സപ്പെടുത്തുകയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിക്കുന്നു. പുതിയ സ്വര്‍ണ കടകളില്‍ പോലും റെയ്ഡ് നടത്തുകയാണ്. പരിശോധിച്ച സ്ഥാപനങ്ങളില്‍ നാമമാത്രമായ അധിക സ്വര്‍ണം മാത്രമാണ് കണ്ടെത്തിയതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
എന്നാല്‍, തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ റെയ്ഡില്‍ രണ്ട് കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നാണ് ജി.എസ്.ടി വകുപ്പിന്‍െ്റ അറിയിപ്പ്്. 16 ജുവലറി ഉടമകളുടെ 42 നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കണക്കില്‍പ്പെടാത്ത 36 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയെന്നും ജി.എസ്.ടി അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത കൂടിയതാണ് സ്വര്‍ണ്ണവില കൂടാന്‍ കാരണം. പലിശനിരക്ക് കുറയുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങള്‍, കടപ്പത്രം, ഡോളര്‍ എന്നിവ അനാകര്‍ഷകമാകും. നിക്ഷേപകര്‍ കൂടുതല്‍ നേട്ടം പ്രതീക്ഷിച്ച് ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് തിരിയും. ഇതാണ് സ്വര്‍ണവില കൂടാന്‍ കാരണമാകുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം അമേരിക്കയില്‍ ഗോള്‍ഡ് ഇടിഎഫില്‍ എത്തിയത് 15 ടണ്‍ സ്വര്‍ണത്തിന് തുല്യമായ നിക്ഷേപമാണ്.