തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി മാസാദ്യം കടമെടുപ്പ്. സാധാരണ നിലയിൽ മാസാവസാനമാണ് സംസ്ഥാനം കടപത്രമിറക്കാറുള്ളത്. ഈ പതിവ് ജൂണിൽ മാറുകയാണ്. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം എന്ന പേരിൽ 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാനാണ് തീരുമാനം. ഇതിനായുള്ള ലേലം ജൂൺ 4 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 3000 കോടി വായ്പയെടുക്കാനാണ് കേന്ദ്രം മുൻകൂർ അനുമതി നൽകിയത്. ഇതടക്കം 21,253 കോടിയുടെ രൂപയുടെ കടമെടുപ്പിനാണ് ഇതുവരെ അനുമതി ലഭിച്ചത്. ഏപ്രിൽ മുതൽ ഡിസംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയും രണ്ട് ഘട്ടമായാണ് സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കേന്ദ്രം പ്രത്യേകാനുമതി നൽകുന്നത്. ഈ അനുമതി ലഭിച്ചാലേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ.

ഇത്തവണ ഏറെ വൈകിയാണ് 18,253 കോടി കടമെടുക്കാൻ അനുദിച്ചത്. ഏതാണ്ട് 38000 കോടിയോളം ഈ സാമ്പത്തിക വർഷം കേരളം കടമെടുക്കാനുള്ള പരിധിയായി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കിഫ്ബി ലോണും പെൻഷൻ ഫണ്ടിലേക്കുള്ള വായ്പയും കടമെടുപ്പ് പരിധിയിലേക്ക് കേന്ദ്രം ഉൾപ്പെടുത്തിയാൽ 38000 കോടിയിൽ വലിയ കുറവുണ്ടാകും. 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രം അനുമതിയ ശേഷം കേരളം 3500 കോടി ഈ ആഴ്ച കടമെടുത്തിട്ടുണ്ട്. അടുത്ത ആഴ്ച വീണ്ടും 2000 കോടിയും എടുക്കുന്നു. അതായത് ദിവസങ്ങൾക്കുള്ളിൽ 5500 കോടിയാണ് കടമെടുക്കുന്നത്. ഇങ്ങനെ മുമ്പോട്ട് പോയാൽ മാസങ്ങൾക്കുള്ളിൽ തന്നെ കടമെടുപ്പ് പരിധി തീരും.

ഏപ്രിലിൽ ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുന്നതെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്നാണ് സൂചന. ഇപ്പോൾ അനുമതി കിട്ടിയത് ഏതു മാസം വരെയുള്ള തുകയാണെന്നതിനെപ്പറ്റി വ്യക്തത തേടി കേന്ദ്ര സർക്കാരിന് സംസ്ഥാന ധനവകുപ്പ് കത്തയയ്ക്കും. ഒരു വശത്ത് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ റെക്കോഡ് വർധനവുണ്ടാക്കാൻ കഴിഞ്ഞതായാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അവകാശവാദം. 2020-21ൽ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു.

2023-24ൽ ഇത് 77,000 കോടി രൂപയായി ഉയർത്താനായി. 3 വർഷത്തിനുള്ളിലാണ് 60 ശതമാനത്തോളം വർധന. ഈ വർധന കൂടി സംഭവിച്ചില്ലായിരുന്നുവെങ്കിൽ, കേന്ദ്രത്തിന്റെ നയസമീപനങ്ങൾ മൂലം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ തകർച്ചയിലേക്കെത്തുമായിരുന്നു എന്നാണ് ധനമന്ത്രിയുടെ നിരീക്ഷണം. ഈ സാമ്പത്തിക വർഷം മുതൽ ക്ഷേമ പെൻഷനുകൾ അതത് മാസം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം പതിനായിരത്തിൽ അധികം ജീവനക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തുടർച്ചയായ ആഴ്ചയിലെ കടപത്രമിറക്കൽ.

ഈ മാസം വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാനും ഒരു മാസത്തെ ക്ഷേമപെൻഷൻ നൽകാനും വേണ്ടിയാണ് മേയർ അവസാനം 3500 കോടിയുടെ കടപ്പത്രം ഇറക്കിയത്. ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ വേണ്ടത്. ഇതിനായാണ് ജൂൺ മാസം ആദ്യം വീണ്ടും സർക്കാർ കടമെടുക്കുന്നതെന്നാണ് സൂചന.

സെക്രട്ടേറിയറ്റിൽ മാത്രം അഞ്ച് സ്‌പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. വിരമിക്കുന്നവരിൽ നല്ലൊരു പങ്കും ആനുകൂല്യങ്ങൾ ട്രഷറിയിൽ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാൽ, ഫലത്തിൽ സർക്കാരിനു 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്കു വരില്ലെന്നാണ് വിലയിരുത്തൽ.