ലണ്ടൻ: യു കെയിൽ സൂക്ഷിച്ചിരുന്ന 100 ടണ്ണിലധികം സ്വർണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഭ്യന്തര വാൾട്ടുകളിലേക്ക് മാറ്റിയത് വിദേശങ്ങളിലെ ശേഖരം വലുതാകുന്നതിനാൽ. ഇന്ത്യയിൽ ഇത്രയധികം സ്വർണം സൂക്ഷിക്കുന്നത് 1991 ന് ശേഷം ഇതാദ്യമായിട്ടാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വരും മാസങ്ങളിലും സമാനമായ അളവിൽ റിസർവ്വ് ബാങ്ക് സ്വർണം ഇന്ത്യയിലെക്ക് കൊണ്ടു വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭരണവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ഇത് ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2024 മാർച്ച് അവസാനത്തെ കണക്ക് പ്രകാരം റിസർവ്വ് ബാങ്കിന്റെ കൈവശം 822.10 ടൺ സ്വർണ്ണമാണ് ഉള്ളത്. അതിൽ 408.31 ടൺ ഇന്ത്യയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. കറൻസി മൂല്യത്തിന്റെ ഉയർച്ച താഴ്ചകളും, ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും നേരിടാൻ ഉതകും എന്നതിനാൽ ലോകത്തെവിടെയുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണ്ണത്തിന്റെ കരുതൽ ശേഖരം വർദ്ധിപ്പിച്ചു വരികയാണ്.

വിദേശങ്ങളിലെ ശേഖരം വലുതാകുന്നതിനാലാണ് സ്വർണം ഇന്ത്യയിലേക്ക് തന്നെ മടക്കി കൊണ്ടു വരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കുറിപ്പിൽ പറയുന്നത് 2024 കലണ്ടർ വർഷത്തിലെ ആദ്യ പാദത്തിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 19 ടൺ സ്വർണം വാങ്ങി എന്നാണ്. 2023 ഒരു വർഷത്തിൽ വാങ്ങിയത് വെറും 16 ടൺ സ്വർണം മാത്രമാാണെന്ന് ഓർക്കണം.

2018 കലണ്ടർ വർഷത്തിലാണ് ആർ ബി ഐ വീണ്ടും സ്വർണം വാങ്ങാൻ അരംഭിച്ചത്. അതിനു മുൻപ് ആർ ബി ഐ സ്വർണം വാങ്ങിയത് 2009- ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തായിരുന്നു. അന്ന് 200 ടൺ സ്വർണ്ണമായിരുന്നു വാങ്ങിയത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വർണം. അത് ആഭ്യന്തരമായി സൂക്ഷിക്കാൻ തീരുമാനിച്ചത്, ഇന്ത്യൻ സമ്പദ്ഘടനയുടെ സ്ഥിരതയിൽ ആർ ബി ഐക്കുള്ള വിശ്വാസത്തിന്റെ സൂചനയാണെന്ന് വിദഗ്ദ്ധർ പറയുന്നു.

വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കൂടുതൽ സ്വർണം വരും മാസങ്ങളിൽ ഇന്ത്യയിലേക്ക് എത്തിച്ചേക്കാം. ഇന്ത്യയുടെ വിദേശ കരുതൽ ധനം പരിപാലിക്കുന്നതിനുള്ള ആർ ബി ഐ യുടെ തന്ത്രപരമായ ഒരു നീക്കമായി കൂടി ചിലർ ഇതിനെ കാണുന്നുണ്ട്. പല രാജ്യങ്ങളും ഫീസ് നൽകി, സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോലുള്ളവയുടെ വോൾട്ടുകളിൽ സൂക്ഷിക്കാറുണ്ടെന്നും, ഇന്ത്യ ഇനിമുതൽ സ്വയം ഇന്ത്യയുടെ സ്വർണം സൂക്ഷിക്കുമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനൗം, പ്രധാന്മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായ സഞ്ജീവ് സന്യാൽ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. 1991-ൽ രാത്രിക്ക് രാത്രി സ്വർണം ഇംഗ്ലണ്ടിലേക്ക് നീക്കിയ സാഹചര്യത്തിൽ നിന്നും ഇന്ത്യ ഏറെ മുന്നോട്ട് വന്നു കഴിഞ്ഞെന്നും അദ്ദേഹം കുറിക്കുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച്, നിലവിൽ ആർ ബി ഐയുടെ കൈവശം ഉള്ളത് 57.195 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണ്ണമാണ്. മെയ് 17 ന് അവസാനീച്ച അഴ്ചയിൽ, തുടർച്ചയായി മൂന്നാമത്തെ ആഴ്ചയിലും ഇന്ത്യയുടെ വിദേശ വിനിമയ കരുതൽ ധനത്തിൽ വർദ്ധനവുണ്ടായി. 648.7 ബില്യൻ ഡോളറാണ് മെയ് 17 ലെ കണക്ക് പ്രകാരമുള്ള വിദേശ കരുതൽ ധനം.