രണ്ട് വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള തര്‍ക്കം ആഗോള മാന്ദ്യത്തിലേക്ക് വഴിമാറാന്‍ ഇടയുണ്ട്; 1929ലെ വാള്‍ സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് സമാനമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്; അമേരിക്കന്‍ ഓഹരി വിപണയും ഇടിഞ്ഞു താണു; കൂടുതല്‍ നഷ്ടം യുഎസിനോ? ചൈനയെ നിലയ്ക്ക് നിര്‍ത്തുക ട്രംപിന് അസാധ്യമോ?

Update: 2025-10-12 03:23 GMT

ന്യൂയോര്‍ക്ക്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ പ്രധാന സൂചികകളെല്ലാം കൂപ്പുകുത്തി. ഇത് 1929ലെ വാള്‍ സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് സമാനമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതായത് തീരുവ കുറയ്ക്കല്‍ തിരിച്ചടിയാകുന്നത് അമേരിക്കയ്ക്ക് തന്നെയാണ്.

എസ് ആന്റ് പി 500 സൂചിക 2.7 ശതമാനം ഇടിഞ്ഞപ്പോള്‍, ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 878 പോയിന്റ് നഷ്ടത്തിലായി. നാസ്ഡാക്ക് കോമ്പോസിറ്റ് 3.6 ശതമാനമാണ് താഴ്ന്നത്. 2022ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത്. ചൈനയുടെ പുതിയ അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് സാമ്പത്തികമായി പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് താരിഫ് വര്‍ധനവ് പരിഗണിക്കുന്നതെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ കുറിച്ചു. അപൂര്‍വ ഭൗമ ധാതുക്കള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം, ഹരിത സാങ്കേതികവിദ്യകള്‍ എന്നിവയില്‍ നിര്‍ണായകമാണ്. ചൈനയെ 'വളരെ ശത്രുതാപരമായി' കണക്കാക്കുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു.

ചൈന ആഗോള അപൂര്‍വ ഭൗമ ധാതുക്കളുടെ വിതരണ ശൃംഖലയില്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ അമേരിക്ക ഈ ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന താരിഫുകള്‍, പണപ്പെരുപ്പ ഭയം, യുഎസ്-ചൈന ബന്ധത്തിലെ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം എന്നിവ ആഗോള വിപണിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ട്രംപിന്റെ ഈ നീക്കം ആഗോള വ്യാപാര യുദ്ധത്തിന് വീണ്ടും തീവ്രത കൂട്ടുമെന്നാണ് സൂചന. എന്നാല്‍ ഇത് അമേരിക്കയേയും പ്രതികൂലമായി ബാധിക്കും. ഇതാണ് അമേരിക്കന്‍ ഓഹരി വിപണിയിലെ ഇടിവ് വ്യക്തമാക്കുന്നത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യു.എസ്. ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈന സൂചന നല്‍കിക്കഴിഞ്ഞു. ഇരുപക്ഷവും ഉറച്ചുനില്‍ക്കുന്നതിനാല്‍ ഓഹരി സൂചികകള്‍ ഇടിയുകയും ആഗോള വ്യാപാരത്തില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുകയുമാണ്. നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 30% യു.എസ്. താരിഫും, യു.എസ്. ഉല്‍പ്പന്നങ്ങള്‍ക്ക് 10% ചൈനീസ് താരിഫുമാണ് ഉള്ളത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

ഹ്രസ്വകാലത്തേക്ക്, ഈ പ്രതികാര നടപടികളുടെ പരമ്പര തുടരാനും, ഇരുരാജ്യങ്ങളും പരസ്പരം കൂടുതല്‍ തീരുവകള്‍ ചുമത്തി സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ആഗോള വിതരണ ശൃംഖലയെ തകര്‍ക്കുകയും, നിര്‍മ്മാണച്ചെലവുകള്‍ ഉയര്‍ത്തുകയും, ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വില കൂടുന്ന സ്ഥിതിയും ഉണ്ടാക്കും. ഈ വ്യാപാര സംഘര്‍ഷം വീണ്ടും കടുത്തതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ഈ മാസം നടക്കാനിരുന്ന ഉന്നതതല കൂടിക്കാഴ്ചകള്‍ വരെ റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ രണ്ട് വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള തര്‍ക്കം ആഗോള മാന്ദ്യത്തിലേക്ക് വഴിമാറാന്‍ ഇടയുണ്ട് എന്ന ഭയവും ശക്തമാണ്. അതിനാല്‍ നയതന്ത്രപരമായ നീക്കങ്ങള്‍ വഴിയോ, താല്‍ക്കാലികമായ 90 ദിവസത്തെ വെടിനിര്‍ത്തല്‍ പോലുള്ള കരാറുകള്‍ വഴിയോ പ്രശ്‌നം ലഘൂകരിക്കാന്‍ ശ്രമിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Similar News