തിരുവനന്തപുരം: കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ വീണ്ടും ശമ്പളവും പെൻഷനും മുടങ്ങും. സംസ്ഥാനത്തിന് കടമെടുക്കാനുുള്ള കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണം. വെള്ളിയാഴ്ച അനുമതി കിട്ടിയില്ലെങ്കിൽ ഈമാസം കടമെടുക്കാനാവില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ അനുമതി കിട്ടില്ലെന്നും സൂചനയുണ്ട്. തീരുമാനം വൈകിയാൽ ഖജനാവ് കാലിയാകും. ഈ മാസം ഏകദേശം പതിനായിരത്തിൽ അധികം സർക്കാർ ജീവനക്കാർ വിരമിക്കുന്നുണ്ട്. ഇവർക്ക് ആനുകൂല്യം നൽകുന്നതും പ്രതിസന്ധിയിലാകും. അതിനിടെ ഈ പ്രശ്‌നത്തെ നേരിടാൻ പെൻഷൻ പ്രായം ഉയർത്തൽ അടക്കം പലതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ചകളിലാണ് കടപ്പത്രലേലം. വരുന്ന ആഴ്ചയ്ക്കുള്ള ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചകളിലാണ് വിജ്ഞാപനം ഇറക്കേണ്ടത്. ഈമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച 28-നാണ്. വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ. ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല. 37000 കോടിയാകും ഇതെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നേരത്തെ 5000 കോടി കടമെടുക്കാനുള്ള താത്കാലിക അനുമതി ചോദിച്ചപ്പോൾ 3000 കോടിയാണ് അനുവദിച്ചത്. ഇത് മെയ്‌ ആദ്യത്തോടെ എടുത്തുകഴിഞ്ഞു.

ട്രഷറി ഇപ്പോൾ ഓവർഡ്രാഫ്റ്റിലാണ്. കേന്ദ്രത്തിൽനിന്ന് നികുതിവിഹിതമായി 1500 കോടി എത്താനുണ്ട്. ഇത് കിട്ടിയാൽ ഓവർഡ്രാഫ്റ്റ് ഒഴിവാകും. അതുണ്ടായാൽ വീണ്ടും ഓവർഡ്രാഫ്റ്റിലേക്ക് പോയി ശമ്പളവും പെൻഷനും നൽകാൻ കഴിയും. എന്നാൽ 1500 കോടി കിട്ടുമോ എന്നതും ആർക്കും അറിയി്‌ലല. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനാണ് കടമെടുപ്പ് പരിധി. ഇത്തവണ കേരളത്തിനിത് 37,512 കോടിയാണ്. എന്നാൽ ഈ സാമ്പത്തിക വർഷം ഇതിന്റെ ഇരട്ടിയെങ്കിലും കടമെടുത്താലേ കേരളത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ.

2024-05 സാമ്പത്തിക വർഷത്തിൽ 25000ത്തോളം പേരാണ് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുക. ഇതിൽ 20000പേർ വിരമിക്കുന്നത് മെയ് മാസത്തിലാണ്. ശരാശരി ഒരാൾക്ക് വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നൽകാൻ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതിൽ സർക്കാർ ആലോചന തുടങ്ങുന്നത്. പെൻഷൻ പ്രായം അറുപതാക്കിയാൽ കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ യുവാക്കളുടെ പ്രതിഷേധം അതിരുവിടും.

പെൻഷൻ പ്രായം ഉയർത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്. എത്ര കൂടിയാലും ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതിൽ പതിനായിരം കോടിയിൽ അധികം പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വന്നാൽ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.

അങ്ങനെ 25000 കോടി മാത്രം കടമെടുക്കാൻ ആകുന്ന സാഹചര്യമുണ്ടാകുമ്പോൾ പെൻഷന് വേണ്ടി അതിൽ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്.