- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരു പറഞ്ഞു എലൺ മസ്ക് ട്വിറ്റർ വാങ്ങി മുടിഞ്ഞു പോയെന്ന്? ടെസ്ലയുടെ വിപണി മൂല്യത്തിൽ രണ്ട് മാസം കൊണ്ട് ഉണ്ടായത് ഇരട്ടി വർദ്ധന; ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് മസ്ക്; സമ്പത്ത് വന്നും പോയും ഇരിക്കുന്നതിങ്ങനെ
പണം ഇന്നു വരും നാളെ പോകും എന്നത് സാധാരണയായി നാട്ടിൻപുറങ്ങളിൽ കേൾക്കാറുള്ള ഒരു തത്വശാസ്ത്രമാണ്. ഇത് വളരെ കൃത്യമാണെന്ന് തെളിയിക്കുകയാണ് ടെസ്ല ഉടമ എലൺ മസ്ക്. ലോകത്തിൽ ഒന്നാമത്തെ സമ്പന്നൻ എന്ന പദവി തന്നിൽ നിന്നും തട്ടിയെടുത്ത എൽ വി എം ച്ച് ലക്ഷ്വറി ഗുഡ്സ് കമ്പനിയുടമ ബെർനാർഡ് ആർനോൾട്ടിൽ നിന്നും അത് തിരികെ പിടിച്ചിരിക്കുകയാണ് മസ്ക്.
ടെസ്ലയുടെ മൂല്യം കുത്തനെ ഉയർന്നതോടെ മസ്കിന്റെ ആസ്തി 187.1 ബില്യൺ ആയി ഉയർന്നു. ഇതോടെയാണ് 185.3 ബില്യൺ ആസ്തിയുള്ള ബെർനാർഡ് ആർനോൾട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2023-ന്റെ ആരംഭം മുതൽ, ടെസ്ലയുടെ ഓഹരി മൂല്യം ഏതാണ്ട് ഇരട്ടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏറെ അടിയേൽക്കേണ്ടി വന്ന ടെക് ഓഹരികളിൽ ഒന്നായിരുന്നു ടെസ്ലെയുടെത്. എന്നാൽ, ആ തിരിച്ചടികളെയെല്ലാം അതിജീവിച്ച ടെസ്ലയുടെ ഇപ്പോഴത്തെ ഓഹരി മൂല്യം ഓഹരി ഒന്നിന് 207.63 ഡോളർ ആണ്. ജനുവരി 2 ന് ഇത് 108.10 ഡോളർ ആയിരുന്നെന്ന് ഓർക്കണം.
ഇതോടെ ബ്ലൂംബെർഗിന്റെ കോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും ഈ 51 കാരൻ ഒന്നാം സ്ഥാനത്ത് എത്തി. തിങ്കളാഴ്ച്ച ടെസ്ലയുടെ ഓഹരിയിൽ 5.5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതോടെയാണ് മസ്ക് ലോക കോടീശ്വര പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. അടുത്ത കാലത്തായി മസ്കിന്റെ ആസ്തി മൂല്യം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ടെസ്ലയുടെ മൂല്യത്തെയാണ്. കോവിഡ് കാലത്ത് കുതിച്ചുയർന്ന മൂല്യം പിന്നീട് ഉദ്പാദനവുമായി ബന്ധപ്പെട്ട ചില ആശങ്കകളുടെ പേരിൽ കുറഞ്ഞു വന്നിരുന്നു. 2021 നവംബറിൽ മസ്കിന്റെ ആസ്തി 336 ബില്യൺ ഡോളറായി ഉയർന്നിരുന്നു.
ട്വിറ്റർ ഏറ്റെടുത്ത 44 ബില്യൺ ഡോളർ കരാറിനു ശേഷം മസ്കിന്റെ ആസ്തിയിൽ കാര്യമായ ഇടിവുണ്ടായി. ഈ കരാർ പൂർത്തിയാക്കുന്നതിനായി തന്റെ 15 ബില്യൺ ഡോളർ ടെസ്ല ഓഹരികൾ അദ്ദേഹത്തിന് വിൽക്കേണ്ടതായി വന്നു. ഒക്ടോബറിൽ ഈ കരാർ പൂർത്തിയായതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ നിന്നും 10 ബില്യൺ ഡോളർ ആണ് ബ്ലൂംബെർഗ് നീക്കിയത്.
വളരെ പരിതാപകരമായ ഒരു തുടക്കമായിരുന്നു ടെസ്ലക്ക് ഈ വർഷം. ഈ വർഷത്തെ ആദ്യ വിപണിദിനത്തിൽ തന്നെ 14 ശതമാനത്തിന്റെ ഇടിവാണ് ഓഹരിമൂല്യത്തിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ പ്രതീക്ഷിച്ചത്ര വാഹനങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതെ പോയതാണ് ഈ തിരിച്ചടിക്ക് കാരണമായത്. ഇത് മാറുകയാണെന്നതാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
മറുനാടന് ഡെസ്ക്